Sorry, you need to enable JavaScript to visit this website.

അപകടത്തില്‍ സീറ്റ് ബെല്‍റ്റ് മുറുകി; ഏഴു വയസ്സുകാരന് ദാരുണാന്ത്യം

ആലപ്പുഴ- ദേശീയപാതയില്‍ ലോറിയും കാറും കൂട്ടിയിടിച്ചതിനിടെ സീറ്റ് ബെല്‍റ്റ് മുറുകി ആന്തരികാവയവങ്ങള്‍ തകര്‍ന്ന് ഏഴു വയസ്സുകാരന് ദാരുണാന്ത്യം. തടി കയറ്റിവന്ന ലോറിയും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മൂന്നുപേര്‍ക്ക് പരിക്കേറ്റു. കാഞ്ഞിരപ്പള്ളി കിഴക്കേ തലയ്ക്കല്‍ തോമസ് ജോര്‍ജിന്റെ മകന്‍ ജോഹന്‍ (7) ആണ് മരിച്ചത്. അപകടത്തില്‍ തോമസ് ജോര്‍ജിനും ഭാര്യ മറിയത്തിനും മൂന്നര വയസ്സുളള മകള്‍ ദിയക്കും പരിക്കേറ്റു. ചേര്‍ത്തല തിരുവിഴയില്‍ ഇന്നലെ പുലര്‍ച്ചെ നാലോടെയാണ് സംഭവം. തോമസ് ജോര്‍ജും കുടുംബവും ചെന്നൈയില്‍ നിന്ന് ആലപ്പുഴയ്ക്ക് വരുമ്പോഴായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന കാറും ആലപ്പുഴയില്‍ നിന്നും എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്ന തടിലോറിയുമായി കൂട്ടി ഇടിക്കുകയായിരുന്നു. കാറിനുള്ളില്‍ കുടുങ്ങിപ്പോയ ഇവരെ പോലീസും, ഫയര്‍ ഫോഴ്‌സും, നാട്ടുകാരും ചേര്‍ന്ന് കാര്‍ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. അതീവ ഗുരുതരമായി പരിക്കേറ്റ ഏഴ് വയസ്സുള്ള ജോഹന്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. പരിക്കേറ്റ തോമസ് ജോര്‍ജ്, ഭാര്യ മറിയം, ഇളയ കുട്ടി മൂന്നര വയസ്സുള്ള ദയ എന്നിവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജോഹന്റെ മൃതദേഹം താലൂക്കാശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. മാരാരിക്കുളം പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.
ജോഹന് വിനയായത് സീറ്റ് ബെല്‍റ്റ് ഇട്ടതിനാലാണെന് പറയുന്നു. കാറിന്റെ പിറകിലെ സീറ്റിലാണ് ജോഹന്‍ ഇരുന്നത്. വലിയ ആളുകള്‍ക്ക് പാകമായ സീറ്റ് ബെല്‍റ്റ് സാധാരണ കുട്ടികള്‍ക്ക് വലിയ കുരുക്കായി മാറുകയാണ്. ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ ആഘാതത്തില്‍ സീറ്റ് ബെല്‍റ്റ് മുറുകി ശരീരത്തിനുള്ളിലെ ആന്തരികാവയവങ്ങള്‍ തകര്‍ന്നാണ് ജോഹന്‍ മരിക്കുന്നത്. വയറില്‍ സീറ്റ് ബെല്‍റ്റിന്റെ
മുറുകിയ പാട് വീണത് അല്ലാതെ ശരീരത്തില്‍ ഒരു പരിക്കുപോലും ജോഹന് പറ്റിയിട്ടില്ലത്രെ.

 

Latest News