രാഹുല്‍ ഗാന്ധിയും പ്രതിപക്ഷ നേതാക്കളും നാളെ കശ്മീരിലേക്ക്; തടയാന്‍ സാധ്യത

ന്യൂദല്‍ഹി-  കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പ്രതിപക്ഷ കക്ഷി നേതാക്കളും നാളെ ജമ്മു കശ്മീര്‍ സന്ദര്‍ശിക്കാനൊരുങ്ങുന്നു. എന്നാല്‍ നേതാക്കള്‍ താഴ് വരയിലേക്ക് വരരുതെന്ന മുന്നറിയിപ്പുമായി കശ്മീര്‍ അധികൃതര്‍ രംഗത്തുണ്ട്. അതുകൊണ്ട് തന്നെ ഇവരുടെ സന്ദര്‍ശനം തടയാനാണ് സാധ്യത.
 കശ്മീരിനു പ്രത്യേക പദവി നല്‍കിയിരുന്ന 370ാം വകുപ്പ് നീക്കിയതിനു ശേഷം ആദ്യമായാണ് പ്രതിപക്ഷ നേതാക്കള്‍ കശ്മീരിലേക്ക് പോകുന്നത്. ജമ്മുവിലും താഴ്‌വരയിലും കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ തുടരുകയാണ്. ഇരുപതാം  ദിവസവും ഇന്റര്‍നെറ്റ്, ഫോണ്‍ സേവനങ്ങള്‍ പുനസ്ഥാപിച്ചിട്ടില്ല. കശ്മീരിലെ സുപ്രധാന പ്രഖ്യാപനത്തിനുശേഷം ഒരു രാഷ്ട്രീയ നേതാവിനേയും ജമ്മു കശ്മീര്‍ സന്ദര്‍ശിക്കാന്‍ അനുവദിച്ചിട്ടില്ല.
കോണ്‍ഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ,  സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി.രാജ, ആര്‍.ജെ.ഡി നേതാവ് മനോജ് ഝാ, എന്‍.സി.പി നേതാവ് ദിനേഷ് ത്രിവേദി എന്നിവര്‍ക്കു പുറമെ, തൃണമൂല്‍ കോണ്‍ഗ്രസ്, ഡിഎംകെ നേതാക്കളും സംഘത്തിലുണ്ടാകും.  കശ്മീരിലെ പ്രാദേശിക നേതാക്കളുമായി ഇവര്‍ കൂടിക്കാഴ്ച നടത്തും.
ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി കൂടിയായ ഗുലാം നബി ആസാദിനെ നേരത്തെ രണ്ടു തവണ സുരക്ഷാ ഉദ്യോഗസ്ഥര്‍ ജമ്മു വിമാനത്താവളത്തില്‍ തടഞ്ഞിരുന്നു.
അതിനിടെ, നേതാക്കളുടെ സന്ദര്‍ശനം ജനങ്ങളുടെ സാധാരണ ജീവിതത്തെ ബാധിക്കുമെന്നും സന്ദര്‍ശനം ഒഴിവാക്കണമെന്നും ജമ്മു കശ്മീര്‍ ഇന്‍ഫോര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് ഡിപാര്‍ട്ട്‌മെന്റ് ആവശ്യപ്പെട്ടു. ക്രമസമാധാനം നിലനിര്‍ത്തേണ്ടതിന്റെയും മനുഷ്യ ജീവനുകള്‍ നഷ്ടപ്പെടാതിരിക്കുന്നതിന്റെയും ആവശ്യകത മുതിര്‍ന്ന നേതാക്കള്‍ മനസ്സിലാക്കണം.  
ജമ്മു കശ്മീരില്‍ അറസ്റ്റിലായ നേതാക്കളെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട്  പ്രതിപക്ഷ പാര്‍ട്ടികള്‍ കഴിഞ്ഞ ദിവസം ദല്‍ഹിയിലെ ജന്തര്‍മന്ദറില്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. മുന്‍ മുഖ്യമന്ത്രിമാരായ ഉമര്‍ അബ്ദുല്ല, മെഹബുബ മുഫ്തി എന്നിവരുള്‍പ്പെടെ നിരവധി രാഷ്ട്രീയ നേതാക്കളാണ് അറസ്റ്റിലായത്.

 

Latest News