Sorry, you need to enable JavaScript to visit this website.

തുർക്കിയിൽ വെടിവെപ്പിൽ പരിക്കേറ്റ സൗദി യുവാവിനെ അംബാസഡർ സന്ദർശിച്ചു

റിയാദ്- തുർക്കി ഇസ്താംബൂളിൽ വെടിവെപ്പിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സൗദി യുവാവിനെ തുർക്കിയിലെ സൗദി അംബാസഡർ എൻജിനീയർ വലീദ് അൽഖിരീജി സന്ദർശിച്ചു. യുവാവിന് മികച്ച ആരോഗ്യ പരിചരണങ്ങൾ ലഭിക്കുന്നുണ്ടെന്ന് അംബാസഡർ ഉറപ്പു വരുത്തി. ലോകത്ത് എവിടെയായാലും സൗദി പൗരന്മാരുടെ സുരക്ഷക്ക് സൗദി ഭരണകൂടം അതീവ ശ്രദ്ധ നൽകുന്നതായി അംബാസഡർ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട കേസന്വേഷണത്തിന്റെ പുരോഗതി തുർക്കിയിലെ സൗദി എംബസിയും ഇസ്താംബൂളിലെ സൗദി കോൺസുലേറ്റും തുർക്കി അധികൃതരുമായി ഏകോപനം നടത്തി നിരീക്ഷിക്കുന്നുണ്ട്. 
ഇസ്താംബൂളിലെ ഷിഷ്‌ലി ഏരിയയിൽ വെച്ചാണ് ദിവസങ്ങൾക്കു മുമ്പ് അജ്ഞാത സംഘം രണ്ടു സൗദി പൗരന്മാരെ ആക്രമിച്ചത്. അക്രമികൾ നടത്തിയ വെടിവെപ്പിൽ സൗദി യുവാക്കളിൽ ഒരാൾക്ക് കാലിന് വെടിയേറ്റു. സൗദി യുവാക്കളുടെ മൊബൈൽ ഫോണും വിലപിടിച്ച വസ്തുക്കൾ സൂക്ഷിച്ച ബാഗും കവർന്നാണ് അക്രമി സംഘം കടന്നത്. 
ഷിഷ്‌ലി ഏരിയയിലെ കോഫി ഷോപ്പിൽ വെച്ചാണ് അജ്ഞാതർ തന്നെ ആക്രമിച്ചതെന്ന് ആശുപത്രിയിൽ കഴിയുന്ന സൗദി യുവാവ് പറഞ്ഞു. തന്റെ പക്കലുള്ള വിലപിടിച്ച വസ്തുക്കൾ കവരുന്നതിനാണ് അക്രമികൾ ശ്രമിച്ചത്. താൻ ഇത് ചെറുത്തതോടെ സംഘത്തിൽ ഒരാൾ നിലത്തേക്ക് നിറയൊഴിച്ചു. തുടർന്ന് തന്റെ കാലിനു നേരെയും അക്രമി നിറയൊഴിച്ചു. അക്രമികളിൽ നിന്ന് ഓടിരക്ഷപ്പെടാൻ നോക്കിയെങ്കിലും സാധിച്ചില്ല. മൊബൈൽ ഫോണും ബാഗും തട്ടിയെടുത്താണ് അക്രമികൾ രക്ഷപ്പെട്ടത്. ഇതിനു ശേഷം പ്രദേശത്തുണ്ടായിരുന്ന മറ്റു രണ്ടു പേർ ചേർന്ന് തന്നെ ആശുപത്രിയിലെത്തിക്കുകയായിരുന്നെന്നും യുവാവ് പറഞ്ഞു. 
അതേസമയം, ഇസ്താംബൂളിൽ സൗദി ടൂറിസ്റ്റുകളെ ആക്രമിച്ച കേസിലെ രണ്ടു പ്രതികളെ അറസ്റ്റ് ചെയ്തതായി തുർക്കി അറിയിച്ചു. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് സൗദി യുവാക്കളെ ആക്രമിച്ചത്. പ്രദേശത്തെ നിരീക്ഷണ ക്യാമറകൾ പകർത്തിയ ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് അക്രമികളെ തിരിച്ചറിഞ്ഞതെന്നും തുർക്കി പോലീസ് വൃത്തങ്ങൾ പറഞ്ഞു. 20 ഉം 22 ഉം വയസ്സ് വീതം പ്രായമുള്ള പ്രതികളുടെ വീടുകളിൽ നടത്തിയ റെയ്ഡുകളിൽ കൃത്യം നടത്തുന്നതിന് ഉപയോഗിച്ച തോക്കും സൗദി പൗരന്മാരുടെ ബാഗും മൊബൈൽ ഫോണും കണ്ടെത്തിയതായും അധികൃതർ പറഞ്ഞു. മോഷണ, മയക്കുമരുന്ന് കേസുകളിൽ ഇരുവരും മുമ്പ് പ്രതികളായിട്ടുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഓഗസ്റ്റ് പതിനാറിനാണ് സൗദി യുവാക്കളെ ആക്രമിച്ച് രണ്ടംഗ സംഘം മൊബൈൽ ഫോണും ബാഗും തട്ടിയെടുത്ത് രക്ഷപ്പെട്ടത്. 

Latest News