സാമ്പത്തിക മാന്ദ്യം അതിജീവിക്കാന്‍മോഡി സര്‍ക്കാരിന് കഴിയുമെന്ന് കെജ്‌രിവാള്‍
ന്യൂദല്‍ഹി- രാജ്യത്തെ നിലവിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ നരേന്ദ്ര മോഡി സര്‍ക്കാരിന് കഴിയുമെന്ന് ദല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാള്‍. സാമ്പത്തിക മാന്ദ്യത്തെ നേരിടാന്‍ ശക്തമായ നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുമെന്ന കാര്യത്തില്‍ ഉറപ്പുണ്ടെന്നും കെജ്‌രിവാള്‍ പറഞ്ഞു.
സാമ്പത്തിക പ്രതിസന്ധികളെ മറികടക്കാനുള്ള മാര്‍ഗങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ കൈക്കൊള്ളുമെന്നതില്‍ തനിക്ക് പൂര്‍ണവിശ്വാസമുണ്ട്. രാജ്യം ഒറ്റക്കെട്ടായി നില്‍ക്കുകയും സമ്പദ് വ്യവസ്ഥ മെച്ചപ്പെടുത്തുകയും ചെയ്യേണ്ട സമയമാണിതെന്നും ദല്‍ഹിയില്‍ ഒരു ചടങ്ങിനിടെ അദ്ദേഹം പറഞ്ഞു. സാമ്പത്തിക രംഗം നന്നാക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന ഓരോ ചുവടുകളേയും ദല്‍ഹി സര്‍ക്കാര്‍ പിന്തുണയ്ക്കും. തൊഴിലില്ലായ്മ സംബന്ധിച്ച് വ്യക്തിപരമായി ഭയപ്പെടുന്നുവെന്നും കെജ്‌രിവാള്‍ കൂട്ടിച്ചേര്‍ത്തു.
നിലവിലെ സ്ഥിതി ആശങ്കാജനകമാണ്. പ്രത്യേകിച്ച് വാഹനമേഖല, തുണിവ്യവസായങ്ങള്‍, റിയല്‍ എസ്‌റ്റേറ്റ് മേഖല എന്നിവയില്‍ മറ്റു മേഖലയേക്കാള്‍ കൂടുതല്‍ ആഴത്തില്‍ മാന്ദ്യം ബാധിച്ചു തുടങ്ങിയിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രണ്ടാം മോഡി സര്‍ക്കാര്‍ നിലവില്‍ വന്നശേഷം ആം ആദ്മി പാര്‍ട്ടി നേതാവ് കെജ്‌രിവാള്‍ കേന്ദ്രത്തെ പിന്തുണച്ച് രംഗത്തു വന്നിരുന്നു. ജമ്മു കശ്മീര്‍ വിഷയത്തിലും കെജ്‌രിവാള്‍ കേന്ദ്രത്തെ അനുകൂലിക്കുന്ന നിലപാടാണ് സ്വീകരിച്ചത്.