Sorry, you need to enable JavaScript to visit this website.

സൗദി പ്രവാസികളുടെ ആശങ്കക്ക് അടിസ്ഥാനമില്ല; ആറു വര്‍ഷ പരിധിയുടെ വസ്തുത ഇതാണ്

റിയാദ് - സൗദിയില്‍ വിദേശികളുടെ താമസത്തിന് പരിധി നിശ്ചയിക്കണമെന്നും ഇതിനായി ഇഖാമ നിയമത്തില്‍ ഭേദഗതി വരുത്തണമെന്നുമുള്ള നിര്‍ദേശം ശൂറാ കൗണ്‍സിലിനു മുന്നില്‍. കൗണ്‍സില്‍ അംഗം മുഹമ്മദ് അബ്ദുല്‍ അസീസ് അല്‍ജര്‍ബാ ആണ് നിര്‍ദേശം കൗണ്‍സിലില്‍ സമര്‍പ്പിച്ചത്.


സൗദിയില്‍ വിദേശ തൊഴിലാളികളുടെ താമസ കാലം ആറു വര്‍ഷത്തില്‍ കൂടാന്‍ പാടില്ലെന്ന് വ്യവസ്ഥ ചെയ്യുന്ന ഖണ്ഡിക കൂട്ടിച്ചേര്‍ത്ത് ഇഖാമ നിയമത്തിലെ 33-ാം വകുപ്പ് ഭേദഗതി ചെയ്യണമെന്നാണ് നിര്‍ദേശം. തൊഴിലുടമയുടെ അപേക്ഷയുടെ അടിസ്ഥാനത്തില്‍ ആറു വര്‍ഷത്തില്‍ കൂടാത്ത നിലയില്‍ വിദേശികളുടെ ഇഖാമ ദീര്‍ഘിപ്പിക്കാമെന്നും ഭേദഗതി നിര്‍ദേശത്തില്‍ പറയുന്നു.


എന്‍ജിനീയര്‍, ഡോക്ടര്‍, യൂനിവേഴ്‌സിറ്റി അധ്യാപകര്‍, ഗാര്‍ഹിക തൊഴിലാളികള്‍ എന്നീ വിഭാഗത്തില്‍ പെട്ടവരുടെ ഇഖാമയാണ് തൊഴിലുടമകളുടെ അപേക്ഷയുടെ അടിസ്ഥാനത്തില്‍ പരമാവധി 12 വര്‍ഷം വരെ  അനുവദിക്കുക. ആഭ്യന്തര, തൊഴില്‍, സാമ്പത്തിക-ആസൂത്രണ മന്ത്രാലയങ്ങളുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തി ആഭ്യന്തര മന്ത്രി രൂപീകരിക്കുന്ന പ്രത്യേക കമ്മിറ്റിയുടെ അനുമതിയോടെ മറ്റു പ്രൊഫഷനുകളിലുള്ളവരുടെ ഇഖാമയും ഇതു പോലെ 12  വര്‍ഷത്തില്‍ കവിയാത്ത നിലക്ക് ദീര്‍ഘിപ്പിക്കാമെന്നും ഭേദഗതി നിര്‍ദേശം വ്യക്തമാക്കുന്നു. ഫൈനല്‍ എക്‌സിറ്റില്‍ സൗദി അറേബ്യ വിടുന്നവരെ പത്തു വര്‍ഷം കഴിയാതെ പുതിയ വിസയില്‍ വീണ്ടും സൗദിയില്‍ പ്രവേശിക്കുന്നതിന് അനുവദിക്കരുതെന്നും നിര്‍ദിഷ്ട ഇഖാമ നിയമ ഭേദഗതി ആവശ്യപ്പെടുന്നു.


ദീര്‍ഘകാലമായി സൗദിയില്‍ വിദേശികള്‍ തങ്ങുന്ന ഗുരുതരമായ പ്രശ്‌നത്തിന് പരിഹാരം കാണുന്നതിനാണ് നിര്‍ദിഷ്ട നിയമ ഭേദഗതിയിലൂടെ ലക്ഷ്യമിടുന്നത്. വിവിധ മേഖലകളില്‍ വിദേശികളുടെ ആധിപത്യവും ബിനാമി ബിസിനസ് പ്രവണതയും ഉടലെടുത്തു. സ്വകാര്യ മേഖലയില്‍ സൗദികള്‍ക്ക് തൊഴില്‍ നിയമനം നല്‍കുന്നതും പിരിച്ചുവിടുന്നതും വരെ നിയന്ത്രിക്കുന്നതിന് വിദേശികള്‍ക്ക് സാധിച്ചു. സൗദിയില്‍ വിദേശ തൊഴിലാളികളുടെ എണ്ണം കുറക്കുന്ന രംഗത്ത് വലിയ മാറ്റമുണ്ടാക്കുന്നതിനും ദീര്‍ഘകാലം വിദേശികള്‍ സൗദിയില്‍ സ്ഥിരതാമസമാക്കുന്ന പ്രവണത തടയുന്നതിനും നിര്‍ദിഷ്ട ഇഖാമ നിയമ ഭേദഗതിയിലൂടെ സാധിക്കുമെന്ന് നിയമ ഭേദഗതി നിര്‍ദേശം ശൂറാ കൗണ്‍സിലില്‍ സമര്‍പ്പിച്ച അംഗം മുഹമ്മദ് അബ്ദുല്‍ അസീസ് അല്‍ജര്‍ബാ വാദിക്കുന്നു.

വിദേശികള്‍ ദീര്‍ഘകാലം സൗദിയില്‍ തങ്ങുന്ന പ്രവണത വ്യാപകമാകുന്നതിനെതിരെ നിയമ ഭേദഗതി നിര്‍ദേശം മുന്നറിയിപ്പ് നല്‍കുന്നു. ദീര്‍ഘകാലം സൗദിയില്‍ തങ്ങുന്നതും സൗദിയിലെ താമസത്തിന് നിശ്ചിത പരിധി നിശ്ചയിക്കാത്തതുമാണ് സ്വകാര്യ മേഖലയില്‍ ഉന്നത തസ്തികളില്‍ എത്തിപ്പെടുന്നതിന് വിദേശികള്‍ക്ക് അവസരമൊരുക്കുന്നത്. ഇങ്ങിനെ ഉന്നത പദവികളിലെത്തുന്ന വിദേശികള്‍ സൗദികള്‍ക്കു പകരം സ്വന്തം നാട്ടുകാരെ നിയമിക്കുകയാണ്. എത്രയും കാലം സൗദിയില്‍ കഴിയുന്നതിന് വിദേശികള്‍ക്ക് സാധിക്കുകയും രാജ്യത്തെ സാമ്പത്തിക, ബിസിനസ് താല്‍പര്യങ്ങളും സ്ഥാപനങ്ങളും വിദേശികള്‍ അനന്തരമായി സ്വന്തമാക്കുകയും ചെയ്യുന്ന സാഹചര്യം നിലനില്‍ക്കുന്ന കാലത്തോളം സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് കുറക്കുന്നതിന് കഴിയില്ല.

അടുത്ത വര്‍ഷത്തോടെ സ്വകാര്യ മേഖലയില്‍ സ്വദേശികള്‍ക്ക് നാലര ലക്ഷം തൊഴിലുകള്‍ സൃഷ്ടിക്കുന്നതിന് ദേശീയ പരിവര്‍ത്തന പദ്ധതി ലക്ഷ്യമിടുന്നു. ചെറുകിട, ഇടത്തരം മേഖലയില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും തൊഴില്‍ വിപണിയുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് സ്വദേശികളുടെ നൈപുണ്യം വര്‍ധിപ്പിക്കുന്നതിനും വാണിജ്യ, നിക്ഷേപ മന്ത്രാലയവും ലക്ഷ്യമിടുന്നു. തൊഴില്‍, സാമൂഹിക വികസന മന്ത്രാലയത്തിന്റെ നാലാമത്തെ തന്ത്രപ്രധാന ലക്ഷ്യവും ഇതാണ് ഉന്നമിടുന്നത്. ഇത്തരം ലക്ഷ്യങ്ങള്‍ നേടുന്നതിന് അനുയോജ്യമായ നിലക്ക് ഇഖാമ നിയമം ഭേദഗതി ചെയ്യേണ്ടതുണ്ടെന്ന് നിര്‍ദിഷ്ട ഭേദഗതി ന്യായീകരിച്ച് മുഹമ്മദ് അബ്ദുല്‍ അസീസ് അല്‍ജര്‍ബാ വാദിക്കുന്നു.

ഭേദഗതി നിര്‍ദേശത്തെ കുറിച്ച പഠനം ശൂറാ കൗണ്‍സിലിലെ സുരക്ഷാ കമ്മിറ്റി പൂര്‍ത്തിയാക്കിയിട്ടുണ്ട്. വിദേശികളുടെ സൗദിയിലെ താമസത്തിന് പരിധി നിശ്ചയിക്കുന്ന നിയമ ഭേദഗതി അനുയോജ്യമല്ലെന്ന തീരുമാനത്തിലാണ് ശൂറാ കൗണ്‍സില്‍ സുരക്ഷാ കമ്മിറ്റി എത്തിച്ചേര്‍ന്നത്. നിര്‍ദിഷ്ട ഇഖാമ നിയമ ഭേദഗതി തൊഴില്‍, സാമൂഹിക വികസന മന്ത്രാലയത്തിന്റെ അധികാരത്തിലുള്ള ഇടപെടലാണ്. സൗദിയില്‍ വിദേശികളുടെ താമസത്തിന് നിശ്ചിത പരിധി നിശ്ചയിക്കുന്നത് തൊഴില്‍ നിയമത്തിലെ ഇടപെടലാണ്. വിദേശികളെ ജോലിക്കു വെക്കുന്നതിന് വിലക്കുള്ള തൊഴിലുകള്‍ തൊഴില്‍ നിയമാവലി നിര്‍ണയിക്കുന്നുമുണ്ട്.
ഗള്‍ഫ് രാജ്യങ്ങളില്‍ വിദേശികളുടെ താമസത്തിന് പരമാവധി പരിധി നിശ്ചയിക്കുന്നതിനെ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ ഭരണാധികാരികളും തള്ളിക്കളഞ്ഞിട്ടുണ്ട്. ഇത്തരമൊരു നിര്‍ദേശം നടപ്പാക്കുന്നതിനെ ഗള്‍ഫ് രാജ്യങ്ങളിലെ ചേംബര്‍ ഓഫ് കൊമേഴ്‌സുകളും നിരാകരിച്ചിട്ടുണ്ട്. പര്യാപ്തമായത്ര സ്വദേശി തൊഴിലാളികള്‍ ലഭ്യമല്ലാത്ത സാഹചര്യത്തില്‍ ഇത്തരമൊരു നിര്‍ദേശം നടപ്പാക്കുന്നത് ഗള്‍ഫ് രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥകളില്‍ ഗുരുതരമായ ഭവിഷ്യത്തുക്കളുണ്ടാക്കുന്നും ഭീമമായ നഷ്ടമുണ്ടാക്കുമെന്നും ചേംബര്‍ ഓഫ് കൊമേഴ്‌സുകള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

പ്രവര്‍ത്തനത്തിനും വളര്‍ച്ചക്കും വലിയ തോതില്‍ ഇപ്പോഴും വിദേശികളെ ആശ്രയിക്കുന്ന സ്വകാര്യ മേഖലയെയും ഇത്തരമൊരു നിര്‍ദേശം നടപ്പാക്കുന്നത് ഗുരുതരമായി ബാധിക്കുമെന്ന് ഗള്‍ഫ് ചേംബര്‍ ഓഫ് കൊമേഴ്‌സുകള്‍ പറയുന്നു. സ്വകാര്യ മേഖലയുടെ ആകര്‍ഷണീയത വര്‍ധിപ്പിക്കുന്നതിനും കൂടുതല്‍ ഉയര്‍ന്ന തോതില്‍ സൗദിവല്‍ക്കരണം നടപ്പാക്കുന്നതിന് സ്വകാര്യ സ്ഥാപനങ്ങളെ നിര്‍ബന്ധിക്കുന്നതിനും നിതാഖാത്ത് പദ്ധതി നടപ്പാക്കുന്നതിലൂടെ നിര്‍ദിഷ്ട ഭേദഗതി നിര്‍ദേശം തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം ഭാഗികമായി പ്രായോഗികവല്‍ക്കരിക്കുകയാണ്. ബിനാമി ബിസിനസ് പ്രവതണക്കും സൗദിവല്‍ക്കരിച്ച തൊഴിലുകളില്‍ വിദേശികളെ നിയമിക്കുന്ന പ്രവണതക്കും പരിഹാരം കാണുന്നതിന് ശക്തമായ നടപടികള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ സ്വീകരിച്ചിട്ടുണ്ട്. ബിനാമി ബിസിനസ് പ്രവണത അവസാനിപ്പിക്കുന്നതിന് വാണിജ്യ, നിക്ഷേപ മന്ത്രാലയം ആറിന പദ്ധതിയും അംഗീകരിച്ചിട്ടുണ്ട്.

രാജ്യത്ത് ഭദ്രമായ സാമ്പത്തിക സാഹചര്യമുണ്ടാക്കാന്‍ തൊഴില്‍ വിപണിയുടെ ഭദ്രത പ്രധാന ഘടകമാണ്. എല്ലാ വിഭാഗം കക്ഷികളുടെയും താല്‍പര്യങ്ങള്‍ പരിഗണിക്കുന്ന നിയമങ്ങള്‍ നിര്‍മിച്ചു മാത്രമേ ഇത് നേടുന്നതിന് സാധിക്കുകയുള്ളൂ. തൊഴില്‍ വിപണിയുടെ ഭദ്രത സാക്ഷാല്‍ക്കരിക്കുന്നതില്‍ പ്രധാന ഘടകമായ സ്വകാര്യ മേഖലയുടെ വളര്‍ച്ചക്ക് അനുയോജ്യമായ സാഹചര്യം ഒരുക്കേണ്ടതുണ്ട്. നിര്‍ദിഷ്ട നിര്‍ദേശം അപ്പടി നടപ്പാക്കുന്നത് സൗദിയില്‍ നിന്ന് പ്രാദേശിക, വിദേശ നിക്ഷേപകര്‍ വിട്ടുനില്‍ക്കുന്നതിലേക്കും വിദേശ നിക്ഷേപങ്ങളുടെ ഒഴുക്കിന് തടയിടുന്നതിലേക്കും നയിക്കുമെന്നും നിര്‍ദിഷ്ട നിയമ ഭേദഗതിയെ കുറിച്ച് വിശദമായി പഠിച്ച് സുരക്ഷാ കമ്മിറ്റി ശൂറാ കൗണ്‍സിലിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് പറഞ്ഞു. നിര്‍ദിഷ്ട നിയമ ഭേദഗതി തള്ളിക്കളയണമോ അതല്ല, ഇതേ കുറിച്ച് സമഗ്രമായി പഠിക്കണമോയെന്ന കാര്യത്തില്‍ സുരക്ഷാ കമ്മിറ്റി റിപ്പോര്‍ട്ട് വിശകലനം ചെയ്ത ശേഷം വോട്ടെടുപ്പിലൂടെയാകും ഇനി ശൂറാ കൗണ്‍സില്‍ അന്തിമമായി തീരുമാനിക്കുക.

 

Latest News