Sorry, you need to enable JavaScript to visit this website.

ഹജ് യാത്ര സ്മാർട്ടാകുന്നു, പാസ്‌പോർട്ടില്ലാതെ സൗദിയിൽ പ്രവേശിക്കാം

മക്ക - അടുത്ത വർഷം മുതൽ ഹജ്, ഉംറ മന്ത്രാലയം നടപ്പാക്കാനുദ്ദേശിക്കുന്ന ഹജ് സ്മാർട്ട് കാർഡ് വഴി തീർഥാടകർക്ക് സൗദിയിലേക്ക് പാസ്‌പോർട്ടില്ലാതെ പ്രവേശിക്കാനും പണം പിൻവലിക്കാനും സാധിക്കുമെന്ന് റിപ്പോർട്ട്. സ്മാർട്ട് കാർഡ് പദ്ധതി നടപ്പാക്കുന്നതോടെ തീർഥാടകർക്ക് പാസ്‌പോർട്ട് കൈവശം വെക്കേണ്ടിവരില്ല. കാർഡ് ഉപയോഗിച്ച് എയർപോർട്ടുകൾ അടക്കമുള്ള അതിർത്തി പ്രവേശന കവാടങ്ങളിലൂടെ ഹാജിമാർക്ക് രാജ്യത്ത് പ്രവേശിക്കാനാകും. ഹോട്ടലുകളിലും തമ്പുകളിലും പ്രവേശിക്കാനും കാർഡ് മതിയാകും. 
മക്കയിലും പുണ്യസ്ഥലങ്ങളിലും വഴിതെറ്റുന്ന തീർഥാടകർക്കും പദ്ധതി സഹായകമാകും. ഹജ് തീർഥാടകരുമായി ബന്ധപ്പെട്ട വിവരങ്ങൾ സുരക്ഷിത സ്ഥലങ്ങളിൽ സൂക്ഷിക്കുന്ന ഹജ് സ്മാർട്ട് കാർഡ് പദ്ധതിയുടെ ഭാഗമായി മക്കയിലും പുണ്യസ്ഥലങ്ങളിലും മൂവായിരത്തോളം ഇലക്‌ട്രോണിക് സ്‌ക്രീനുകൾ ഹജ്, ഉംറ മന്ത്രാലയം സ്ഥാപിക്കും. ഈ സ്‌ക്രീനുകളിൽ സ്മാർട്ട് കാർഡുകൾ ഉപയോഗിച്ച് തങ്ങളുടെ താമസ സ്ഥലങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കാനാകും. വഴിതെറ്റുന്ന തീർഥാടകരെ സഹായിക്കുന്ന ഗൈഡൻസ് സെന്ററുകളിലും ഇത്തരം സ്‌ക്രീനുകൾ സ്ഥാപിക്കും. സ്‌ക്രീനുകളിലെ ആപ് വഴി സ്മാർട്ട് കാർഡില്ലാതെ മൊബൈൽ ഫോൺ വഴിയും മറ്റുള്ളവരുടെ സഹായം കൂടാതെ തങ്ങളുടെ താമസ സ്ഥലങ്ങൾ അറിയാൻ സാധിക്കും. 
സ്മാർട്ട് കാർഡിലെ ബാറ്ററി രണ്ടു വർഷത്തോളം നിലനിൽക്കുമെന്നും വിവരമുണ്ട്. അടുത്ത വർഷം മുതൽ സൗദിയിലേക്ക് വരുന്നതിനു മുമ്പായി സ്വദേശങ്ങളിൽ വെച്ചു തന്നെ ഹജ് തീർഥാടകർക്ക് സ്മാർട്ട് കാർഡുകൾ വിതരണം ചെയ്യുമെന്ന് ഹജ്, ഉംറ മന്ത്രാലയത്തിൽ ടെക്‌നിക്കൽ കാര്യങ്ങൾക്കുള്ള അഡൈ്വസർ താരിഖ് അൽജാബിരി പറഞ്ഞു. 
ഒരു സ്മാർട്ട് കാർഡിന് 100 ഡോളറിലേറെ ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്. സ്മാർട്ട് ഹജ് പദ്ധതിയുടെ ഭാഗമായാണ് ഹജ്, ഉംറ മന്ത്രാലയം ഹജ് സ്മാർട്ട് കാർഡ് നടപ്പാക്കുന്നത്. വരുന്ന ഏതാനും വർഷങ്ങൾക്കുള്ളിൽ മുഴുവൻ ഹജ് തീർഥാടകർക്കും ഹജ് സ്മാർട്ട് കാർഡ് പദ്ധതി നടപ്പാക്കാൻ ഉദ്ദേശിക്കുന്നതായി ഹജ്, ഉംറ മന്ത്രാലയം വെളിപ്പെടുത്തി. ഹജ് തീർഥാടകരുടെ വ്യക്തിപരമായ വിവരങ്ങൾ, ആരോഗ്യ വിവരങ്ങൾ, താമസ സ്ഥലങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ എന്നിവ സ്മാർട്ട് കാർഡിൽ അടങ്ങിയിരിക്കും. സ്മാർട്ട് ഉപകരണങ്ങളിലെ പ്രത്യേക ആപ് വഴി സ്മാർട്ട് കാർഡുകളിലെ വിവരങ്ങൾ റീഡ് ചെയ്യാൻ കഴിയും. നിയർ-ഫീൽഡ് കമ്യൂണിക്കേഷൻ സാങ്കേതിക വിദ്യ വഴി ഹജ് സ്മാർട്ട് കാർഡിനെ സ്മാർട്ട് ഉപകരണങ്ങളുമായി ബന്ധിപ്പിക്കും. 
വഴി തെറ്റുന്ന ഹാജിമാർക്ക് ആവശ്യമായ മാർഗനിർദേശങ്ങൾ നൽകുന്നതിനും തമ്പുകളിലേക്കും മറ്റു സ്ഥാപനങ്ങളിലേക്കുമുള്ള പ്രവേശനം നിയന്ത്രിക്കുന്നതിനും അനധികൃതമായി ഹജ് നിർവഹിക്കുന്ന പ്രവണതക്ക് തടയിടുന്നതിനും പദ്ധതി സഹായിക്കും. 
വിദേശ തീർഥാടകർക്ക് സേവനം നൽകുന്ന ചില ത്വവാഫ എസ്റ്റാബ്ലിഷ്‌മെന്റുകൾക്കു കീഴിലെ ഹാജിമാർക്ക് പരീക്ഷണാർഥം ഈ വർഷം ഹജ് സ്മാർട്ട് കാർഡ് പദ്ധതി ഹജ്, ഉംറ മന്ത്രാലയം പരിമിതമായ തോതിൽ നടപ്പാക്കിയിരുന്നു. ജംറ കോംപ്ലക്‌സിലാണ് പരീക്ഷണ പദ്ധതി നടപ്പാക്കിയത്. ഹജ് തീർഥാടകർ ജംറയിൽ പ്രവേശിക്കുന്ന സമയവും പുറത്തിറങ്ങുന്ന സമയവും ജംറയിൽ ചെലവഴിച്ച സമയവും സ്മാർട്ട് കാർഡ് പദ്ധതി വഴി നിരീക്ഷിച്ചു. തീർഥാടകർ എവിടെയാണുള്ളതെന്ന് വേഗത്തിൽ അറിയുന്നതിനും പദ്ധതി സഹായിക്കും. 
വരും വർഷങ്ങളിൽ വിദേശങ്ങളിൽനിന്നുള്ള മുഴുവൻ ഹജ് തീർഥാടകർക്കും പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. സൗദിയിൽ പ്രവേശിക്കുന്നതു മുതൽ ഇവരുടെ സ്മാർട്ട് കാർഡുകൾ പ്രവർത്തനക്ഷമമാകും. ഹോട്ടലുകളിൽ പ്രവേശിക്കുന്നതിനും ട്രെയിൻ ഉപയോഗിക്കുന്നതിനും ഹജുമായി ബന്ധപ്പെട്ട മറ്റു സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നതിനും കാർഡ് മാത്രം മതിയാകും. സ്മാർട്ട് കാർഡുമായി ബന്ധിപ്പിക്കുന്ന ആപ് മൊബൈൽ ഫോണുകളിൽ പ്രവർത്തിക്കുന്നതിനാൽ കൂട്ടം തെറ്റുന്ന തീർഥാടകരെ ആർക്കും സഹായിക്കാനും താമസ സ്ഥലങ്ങളിൽ എത്തിക്കാനുമാകും.
 

Latest News