നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റില്‍

തിരുവനന്തപുരം- കൊച്ചിയില്‍ യുവനടിക്കുനേരെ നടന്ന ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട്  നടന്‍ ദിലീപ് അറസ്റ്റില്‍. അതീവ രഹസ്യമായാണ് രാവിലെ ദിലീപിനെ കസ്റ്റഡിയിലെടുത്തതും ചോദ്യം ചെയ്തതും വൈകിട്ടോടെ അറസ്റ്റ് രേഖപ്പെടുത്തിയതും. ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയടക്കം ചലച്ചിത്ര രംഗത്തെ മൂന്ന് പേര്‍ കസ്റ്റിഡിയിലുണ്ടെന്നാണ് സൂചന. പോലീസ് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.
സംഭവത്തില്‍ നാലരമാസം പിന്നിട്ടപ്പോഴാണ് നേരത്തെ തന്നെ സംശയത്തിന്റെ നിഴലിലായിരുന്ന ദിലീപിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
പുതിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ദിലീപിനെ പ്രതിയാക്കിയിരിക്കുന്നതെന്നും വ്യക്തിപരമായ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നും പോലീസ് പറഞ്ഞു. ദിലീപിനെതിരെ വ്യക്തമായ തെളിവ് ലഭിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഐ.ജി ദിനേന്ദ്ര കശ്യപിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിന് എഡിജിപി ബി.സന്ധ്യയാണ് മേല്‍നോട്ടം വഹിച്ചത്. ഇടക്കാലത്ത് അന്വേഷണം മന്ദഗതിയിലായെങ്കിലും ജയിലിലടച്ചിരുന്ന മുഖ്യപ്രതി പള്‍സര്‍ സുനിയില്‍നിന്ന് ലഭിച്ച ചില വിവരങ്ങളാണ് വീണ്ടും സജീവമാക്കിയത്.

 

Latest News