Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

തുർക്കിയിൽ സൗദി യുവതിയെ ദുരൂഹ സാഹചര്യത്തിൽ കാണാതായി

റിയാദ് - തുർക്കി ഇസ്താംബൂളിൽ സൗദി യുവതി  അബീറിനെ ദുരൂഹ സാഹചര്യത്തിൽ കാണാതായി. ഭർത്താവിനും മക്കൾക്കുമൊപ്പം വിനോദ സഞ്ചാരത്തിന് തുർക്കിയിലെത്തിയ യുവതിയെ ദിവസങ്ങൾക്കു മുമ്പാണ് കാണാതായത്. ഇസ്താംബൂളിൽ താമസിച്ചിരുന്ന ഹോട്ടലിനു മുന്നിൽ വെച്ചാണ് യുവതിയെ കാണാതായത്. 
സംഭവത്തിൽ തുർക്കി സുരക്ഷാ വകുപ്പുകൾ അന്വേഷണം തുടരുകയാണ്. അന്വേഷണ പുരോഗതി തുർക്കിയിലെ സൗദി എംബസി നിരീക്ഷിക്കുന്നുണ്ട്. യുവതിയെ കാണാതായ ഹോട്ടലിലിലെ നിരീക്ഷണ ക്യാമറകൾ പകർത്തിയ ദൃശ്യങ്ങൾ സുരക്ഷാ വകുപ്പുകൾ പരിശോധിക്കുന്നുണ്ട്. 
അജ്ഞാതൻ സൗദി യുവതിക്കു സമീപം എത്തി ബോട്ടിൽ കരുതിയ ദ്രാവകം ഇവരുടെ മുഖത്ത് സ്‌പ്രേ ചെയ്യുകയായിരുന്നെന്നും സ്‌പ്രേ മുഖത്ത് തട്ടിയതോടെ ബോധം നഷ്ടപ്പെട്ട യുവതിയെ പ്രതി ഒപ്പം കൂട്ടിക്കൊണ്ടുപോവുകയായിരുന്നെന്നും ഹോട്ടലിലെ നിരീക്ഷണ ക്യാമറകളിലെ ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായതായി ബന്ധപ്പെട്ടവർ പറഞ്ഞു. 
തന്റെ സഹോദരിയെ ഏഴു ദിവസം മുമ്പാണ് ഇസ്താംബൂളിലെ ഹോട്ടലിനു മുന്നിൽനിന്ന് കാണാതായതെന്ന് സൗദി യുവാവ് ഫൈസൽ അൽഅനസി പറഞ്ഞു. ഈ മാസം പതിനാലിന് ബുധനാഴ്ച രാത്രി ഒമ്പതു മണിക്കാണ് സഹോദരിയെ കാണാതായത്. ഉടൻ തന്നെ തുർക്കി അധികൃതർക്ക് പരാതി നൽകിയിരുന്നു. ഇത്രയും ദിവസം പിന്നിട്ടിട്ടും സഹോദരിയെ കണ്ടെത്തുന്നതിന് തുർക്കി സുരക്ഷാ വകുപ്പുകൾക്ക് സാധിച്ചിട്ടില്ലെന്നും ഹോട്ടലിൽ നിന്ന് അമ്പതു മീറ്റർ മാത്രം അകലെയുള്ള സ്ഥലത്തേക്ക് ഷോപ്പിംഗിന് പുറത്തിറങ്ങിയപ്പോഴാണ് സഹോദരിയെ കാണാതായതെന്നും ഫൈസൽ അൽഅനസി പറഞ്ഞു. 
സമീപ കാലത്ത് തുർക്കിയിൽ സൗദികൾക്കു നേരെ ആക്രമണങ്ങൾ വർധിച്ചിട്ടുണ്ട്. തുർക്കി മാധ്യമങ്ങളും അധികൃതരും നടത്തുന്ന സൗദി വിരുദ്ധ പ്രചാരണങ്ങൾ സൗദികൾക്കെതിരായ ആക്രമണങ്ങൾ വർധിക്കുന്നതിന് കാരണമാണ്. നാലു ദിവസം മുമ്പ് ഇസ്താംബൂളിൽ വെച്ച് രണ്ടു സൗദി പൗരന്മാർ ആക്രമണത്തിനിരയായിരുന്നു. 
ഇസ്താംബൂളിലെ ഷിഷ്‌ലി ഏരിയയിൽ വെച്ചാണ് സൗദി പൗരന്മാർക്കു നേരെ ആക്രമണമുണ്ടായത്. ഇതിൽ ഒരാൾക്ക് വെടിവെപ്പിൽ പരിക്കേറ്റു. ഇവരുടെ ലഗേജുകൾ അക്രമി സംഘം കവരുകയും ചെയ്തു. സൗദികൾക്കെതിരായ ആക്രമണങ്ങൾ വർധിച്ച പശ്ചാത്തലത്തിൽ ഇസ്താംബൂളിലുള്ള സൗദി സന്ദർശകർക്ക് തുർക്കിയിലെ സൗദി എംബസി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 
ഇസ്താംബൂളിലെ സൗദി സന്ദർശകർ ജാഗ്രത പാലിക്കണമെന്നും സന്ധ്യാസമയത്തിനു ശേഷം തഖ്‌സീം, ഷിഷ്‌ലി ഏരിയകളിൽ നിന്ന് സൗദി പൗരന്മാർ വിട്ടുനിൽക്കണമെന്നും തുർക്കിയിലെ സൗദി എംബസി ആവശ്യപ്പെട്ടു. ഈ വർഷം തുർക്കിയിലെ സൗദി എംബസി പുറപ്പെടുവിക്കുന്ന ആറാമത്തെ മുന്നറിയിപ്പാണിത്. പാസ്‌പോർട്ടുകളും പണവും കവരുന്ന തുർക്കി മാഫിയകൾക്കെതിരെ കഴിഞ്ഞ മാസം തുർക്കിയിലുള്ള സൗദി പൗരന്മാർക്ക് എംബസി മുന്നറിയിപ്പ് നൽകിയിരുന്നു. തുർക്കിയിലെ മൂന്നു ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ വെച്ച് 165 സൗദി പൗരന്മാരുടെ പാസ്‌പോർട്ടുകൾ സമീപ കാലത്ത് കവർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. 
ഇതിനു പുറമെ സൗദി പൗരന്മാരുടെ പണവും പാസ്‌പോർട്ടുകളും വിലപിടിച്ച വസ്തുക്കളും പോക്കറ്റടിക്കപ്പെട്ട നിരവധി സംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പാസ്‌പോർട്ടുകളും വിലപിടിച്ച വസ്തുക്കളും സൗദി സന്ദർശകർ നന്നായി സൂക്ഷിക്കണമെന്നും തിരക്കുള്ള പ്രദേശങ്ങളിൽ പ്രത്യേകം ജാഗ്രത പാലിക്കണമെന്നും എംബസി ആവശ്യപ്പെട്ടു. 
അടിയന്തര സാഹചര്യങ്ങളിൽ എംബസിയുമായും ഇസ്താംബൂളിലെ സൗദി കോൺസുലേറ്റുമായും ബന്ധപ്പെടുന്നതിന് മടിച്ചുനിൽക്കരുതെന്നും സൗദി എംബസി സൗദി പൗരന്മാരോട് പറഞ്ഞു. പാസ്‌പോർട്ടുകളും പണവും മറ്റും നഷ്ടപ്പെടുന്നതിനെ കുറിച്ച് തുർക്കിയിൽ കഴിയുന്ന സൗദി പൗരന്മാരുടെ പരാതികൾ സ്വീകരിക്കുന്നതിന് ഇരുപത്തിനാലു മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം സൗദി എംബസി തുറന്നിട്ടുണ്ട്. 
അക്രമണ, മോഷണ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ തുർക്കിയിലേക്കുള്ള സൗദി സന്ദർശകരുടെ എണ്ണം വലിയ തോതിൽ കുറഞ്ഞിട്ടുണ്ടെന്ന് ഇസ്താംബൂൾ സൗദി കോൺസുലേറ്റ് വൃത്തങ്ങൾ പറഞ്ഞു.  
 

Latest News