Sorry, you need to enable JavaScript to visit this website.

സൗദി കമ്പനികളുടെ ലാഭത്തിൽ 31 ശതമാനം ഇടിവ്‌

റിയാദ് - സൗദി ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത കമ്പനികൾ ഈ വർഷം രണ്ടാം പാദത്തിൽ കൈവരിച്ച ആകെ ലാഭത്തിൽ 31 ശതമാനം ഇടിവ്. രണ്ടാം പാദത്തിൽ സൗദി കമ്പനികൾ ആകെ 1986 കോടി റിയാലാണ് അറ്റാദായം നേടിയത്. കഴിഞ്ഞ വർഷം രണ്ടാം പാദത്തിൽ ഇത് 2894 കോടി റിയാലായിരുന്നു. ഇക്കഴിഞ്ഞ രണ്ടാം പാദത്തിൽ കമ്പനികളുടെ ലാഭത്തിൽ 908 കോടി റിയാലിന്റെ കുറവുണ്ടായി.

സാബിക് അടക്കമുള്ള പെട്രോകെമിക്കൽസ് കമ്പനികളുടെ ലാഭം വലിയ തോതിൽ കുറഞ്ഞതാണ് സൗദി കമ്പനികളുടെ ആകെ ലാഭം ഇടിയുന്നതിലേക്ക് നയിച്ചത്. സാബികിന്റെ ലാഭത്തിൽ 458 കോടി റിയാലിന്റെ കുറവ് രേഖപ്പെടുത്തി. കൂടാതെ കയാൻ പെട്രോകെമിക്കൽ കമ്പനിക്കും സൗദി അറേബ്യൻ മൈനിംഗ് കമ്പനിക്കും (മആദിൻ) രണ്ടാം പാദത്തിൽ നഷ്ടം നേരിടുകയും ചെയ്തു. കഴിഞ്ഞ വർഷം രണ്ടാം പാദത്തിൽ ഇരു കമ്പനികളും ലാഭം നേടിയിരുന്നു. സൗദി ബ്രിട്ടീഷ് ബാങ്കും (സാബ്) സൗദി ഇൻവെസ്റ്റ്‌മെന്റ് ബാങ്കും രണ്ടാം പാദത്തിൽ നഷ്ടം രേഖപ്പെടുത്തി. ഈ രണ്ടു ബാങ്കുകളും കഴിഞ്ഞ കൊല്ലം രണ്ടാം പാദത്തിൽ ലാഭം നേടിയിരുന്നു. 
ഈ വർഷം ആദ്യ പകുതിയിൽ സൗദി കമ്പനികളുടെ ആകെ ലാഭത്തിൽ ഇരുപതു ശതമാനം കുറവ് രേഖപ്പെടുത്തി. ആദ്യത്തെ ആറു മാസത്തിനിടെ സൗദി കമ്പനികൾ ആകെ 4087 കോടി റിയാലാണ് ലാഭം നേടിയത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ സൗദി കമ്പനികളുടെ ആകെ ലാഭം 5265 കോടി റിയാലായിരുന്നു. 
രണ്ടാം പാദത്തിൽ സൗദി കമ്പനികൾ നേടിയ ആകെ ലാഭത്തിൽ 51 ശതമാനവും ബാങ്കുകളുടെ സംഭാവനയാണ്. രണ്ടാം പാദത്തിൽ ബാങ്കുകൾ 1010 കോടി റിയാൽ അറ്റാദായം നേടി. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ബാങ്കിംഗ് മേഖലയുടെ ലാഭം അഞ്ചു ശതമാനം തോതിൽ കുറഞ്ഞിട്ടുണ്ട്. സാബ് 24.63 കോടി റിയാൽ നഷ്ടം രേഖപ്പെടുത്തിയതാണ് ബാങ്കിംഗ് മേഖലയുടെ ലാഭം കുറയുന്നതിലേക്ക് നയിച്ചത്. കഴിഞ്ഞ വർഷം രണ്ടാം പാദത്തിൽ സാബ് 83.26 കോടി റിയാൽ ലാഭം നേടിയിരുന്നു. സൗദി ഇൻവെസ്റ്റ്‌മെന്റ് ബാങ്ക് 28.47 കോടി റിയാലും നഷ്ടം രേഖപ്പെടുത്തി. കഴിഞ്ഞ വർഷം രണ്ടാം പാദത്തിൽ ഇൻവെസ്റ്റ്‌മെന്റ് ബാങ്ക് 33.68 കോടി റിയാൽ ലാഭം നേടിയിരുന്നു. 
സൗദി കമ്പനികളുടെ ആകെ ലാഭത്തിന്റെ 19 ശതമാനം അടിസ്ഥാന വസ്തു മേഖലയുടെ വിഹിതമാണ്. ഈ വർഷം രണ്ടാം പാദത്തിൽ ഈ മേഖലയുടെ ആകെ ലാഭം 378 കോടി റിയാലായി കുറഞ്ഞു. കഴിഞ്ഞ കൊല്ലം ഇതേ കാലയളവിൽ ഈ മേഖലാ സ്ഥാപനങ്ങളുടെ ആകെ ലാഭം 1078 കോടി റിയാലായിരുന്നു. അടിസ്ഥാന വസ്തു മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ ലാഭത്തിൽ 65 ശതമാനം കുറവാണുണ്ടായത്. സിമന്റ് കമ്പനികൾ മെച്ചപ്പെട്ട പ്രവർത്തനം കാഴ്ച വെച്ചെങ്കിലും പെട്രോകെമിക്കൽസ് കമ്പനികളുടെ മോശം പ്രകടനമാണ് ഈ മേഖലയിലെ ലാഭം വലിയ തോതിൽ കുറയുന്നതിന് ഇടയാക്കിയത്. സൗദി ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത ഏറ്റവും വലിയ കമ്പനിയായ സാബിക് (സൗദി അറേബ്യൻ ബേസിക് ഇൻഡസ്ട്രീസ് കോർപറേഷൻ) ലാഭം 212 കോടി റിയാലായി കൂപ്പുകുത്തി. കഴിഞ്ഞ വർഷം രണ്ടാം പാദത്തിൽ സാബിക് 670 കോടി റിയാൽ ലാഭം നേടിയിരുന്നു. കമ്പനി ലാഭത്തിൽ 68 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. ഉൽപന്നങ്ങളുടെ വില കുറഞ്ഞതാണ് സാബിക് ലാഭം വലിയ തോതിൽ കൂപ്പുകുത്തുന്നതിന് ഇടയാക്കിയത്. 
സൗദി കമ്പനികളുടെ ആകെ ലാഭത്തിൽ 15 ശതമാനം ടെലികോം കമ്പനികളുടെ പങ്കാണ്. ടെലികോം കമ്പനികൾ രണ്ടാം പാദത്തിൽ ആകെ 302 കോടി റിയാൽ ലാഭം നേടി. കഴിഞ്ഞ കൊല്ലം രണ്ടാം പാദത്തിൽ ഇത് 233 കോടി റിയാലായിരുന്നു. സൗദി ടെലികോം കമ്പനി ലാഭം 17 ശതമാനം തോതിൽ വർധിച്ചതും മൊബൈലിയും സെയ്‌നും നഷ്ടത്തിൽ നിന്ന് ലാഭത്തിലേക്ക് മാറിയതുമാണ് ടെലികോം മേഖലയിലെ മികച്ച നേട്ടത്തിന് സഹായിച്ചത്. 

 

Latest News