Sorry, you need to enable JavaScript to visit this website.

ഞങ്ങൾ കൂടെയുണ്ട്; കടുംബത്തെ സാന്ത്വനപ്പെടുത്തി യൂത്ത് ലീഗ് നേതാക്കൾ പെഹ്‌ലുഖാന്റെ വീട്ടിൽ

തുടർ നിയമ പോരാട്ടങ്ങൾക്ക് എല്ലാ വിധ സഹായവും മക്കളുടെ പഠനം, വിഹാഹം എന്നിവക്കും സഹായം നൽകും


    ന്യൂദൽഹി- നിയമ യുദ്ധത്തിൽ ഞങ്ങൾ ഇപ്പോഴും കൂടെയുണ്ടാകുമെന്ന് ഉണർത്തി പെഹ്‌ലുഖാന്റെ വീട്ടിൽ  യൂത്ത് ലീഗന്റെ സാന്ത്വനം. ബീഫിന്റെ പേരില്‍ സംഘപരിവാർ അക്രമികള്‍ കൊലപ്പെടുത്തിയ ക്ഷീരകര്‍ഷകന്‍ പെഹ്‌ലുഖാന്റെ ബന്ധുക്കള്‍ നീതിക്കു വേണ്ടി നടത്തുന്ന പോരാട്ടത്തില്‍ ഒപ്പമുണ്ടാവുമെന്ന് വ്യക്തമാക്കി മുസ്‌ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റിയാണ് ഇദ്ദേഹത്തിന്റെ വീട്ടിൽ സാന്ത്വനവുമായി എത്തിയത്. നിയമ യുദ്ധത്തിൽ എല്ലാ വിധ സഹായത്തിനായി ഉണ്ടാകുമെന്ന് യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി.കെ സുബൈറിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം പെഹ്‌ലുഖാന്റെ ഹരിയാന നൂഹ് ജില്ലയിലെ ജയ്‌സിംഗ്പൂരിലുള്ള കുടുംബത്തെ നേരിൽ എത്തിയാണ് ഇക്കാര്യം അറിയിച്ചത്.  യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റുമാരായ അഡ്വ: വി.കെ ഫൈസല്‍ ബാബു, ആസിഫ് അന്‍സാരി, മുഹമ്മദ് ആരിഫ്, എക്‌സിക്യൂട്ടീവ് അംഗം ഷിബു മീരാന്‍, ഹരിയാന യൂത്ത് ലീഗ് നേതാക്കളായ മുഹമ്മദ് അനീസ് എന്നിവരടങ്ങുന്ന സംഘമാണ് സാന്ത്വനവുമായി പെഹ്‌ലുഖാന്റെ വസതിയിലെത്തിയത്. പെഹ്‌ലുഖാന്റെ ഘാതകരെ ഈ മാസം 14ന് രാജസ്ഥാനിലെ ആല്‍വാര്‍ സെഷന്‍സ് കോടതി വെറുതെവിട്ട പശ്ചാത്തലത്തിലായിരുന്നു നേതാക്കളുടെ സന്ദര്‍ശനം.
               പെഹ്‌ലുഖാന്റെ ഭാര്യ സൈബുന, മക്കളായ ഇര്‍ഷാദ്, ആരിഫ്, മുബാറക്, ഇന്‍സാദ് തുടങ്ങിയവരുമായി സംസാരിച്ച നേതാക്കള്‍ നിയമനടപടികള്‍ക്ക് എല്ലാ പിന്തുണയും വാഗ്‌ദാനം ചെയ്‌തു. സൈബുനയുടെ അഭ്യര്‍ത്ഥന പ്രകാരം ഇളയ മകന്‍ ഇന്‍സാദിന്റെ തുടര്‍ വിദ്യാഭ്യാസത്തിനും മകളുടെ മകളുടെ വിവാഹത്തിനും വേണ്ട സഹായങ്ങള്‍ നല്‍കുമെന്ന് നേതാക്കള്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. കേസിന്റെ നിയമനടപടികള്‍ ഏകോപിപ്പിക്കുന്ന അഡ്വ: അസദ് ഹയാത്തുമായും യൂത്ത് ലീഗ് നേതാക്കള്‍ കൂടിക്കാഴ്ച്ച നടത്തി. വിധിക്കെതിരെ അപ്പീല്‍ സമര്‍പ്പിക്കുമെന്ന് അഭിഭാഷകന്‍ അറിയിച്ചു. അഭിഭാഷകരായ നാസിര്‍ നഖ്‌വി, ഷാഹിദ് ഹസന്‍ (രാജസ്ഥാന്‍ ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്‍) എന്നിവരാണ് ജയിപ്പൂർ ഹൈക്കോടതിയില്‍ ഹാജരാവുക. സുപ്രിം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകരും കപില്‍ സിബലിന്റെ നിയമ നിര്‍ദ്ദേശങ്ങളനുസരിച്ചാണ് അപ്പീല്‍ തയാറാക്കുന്നത്. തുടർന്നുള്ള നിയമ പോരാട്ടത്തിന് എല്ലാ പിന്തുണയും ഉറപ്പു കൊടുത്താണ് നേതാക്കള്‍ മടങ്ങിയത്. 

Latest News