Sorry, you need to enable JavaScript to visit this website.

പ്രവാസികളിലെ പ്രതീക്ഷ  അസ്ഥാനത്താവില്ല

കേരളം വീണ്ടും ദുരിതക്കയത്തിലാണ്. കഴിഞ്ഞ വർഷത്തെ പ്രളയം തീർത്ത മുറിവുകൾ ഉണങ്ങും മുമ്പേ വീണ്ടും പേമാരിയായി പെയ്തിറങ്ങിയും വൻ മലകളെ കീറിമുറിച്ച് കുത്തിയൊലിച്ചെത്തിയ നീരുറവകൾ താഴ്‌വാരങ്ങളെ തുടച്ചു നീക്കിയും കേരളത്തെ വീണ്ടും ദുരിതത്തന്റെ പടുകുഴിയിലാക്കിയിരിക്കുകയാണ്. ഇതിൽനിന്ന് കര കയറണമെങ്കിൽ, ദുരിതത്തിൽ അകപ്പെട്ടവരെ പുനരധിവസിപ്പിക്കണമെങ്കിൽ കാലങ്ങളെടുക്കും. അതിനു കോടികളും വേണ്ടിവരും. ഇതിനായി കൈകോർക്കാനുള്ള അഭ്യർഥനകളാണെങ്ങും. 
സർക്കാർ തലത്തിലുള്ള അഭ്യർഥനകൾക്കു പുറമെ സംഘടനാ തലത്തിലും വ്യക്തിപരവുമായ അഭ്യർഥനയുടെ മലവെള്ളപ്പാച്ചിലിലാണ് കേരളം. ഇതിനു ഫലമുണ്ടാകുന്നുമുണ്ട്. പക്ഷേ, കഴിഞ്ഞ വർഷത്തേതു പോലുള്ള സഹായങ്ങളുടെ പ്രവാഹം ഇല്ലെന്ന പരിഭവവും കേൾക്കാം. ഇതെന്തുകൊണ്ടാണെന്ന് പരിശോധിക്കപ്പെടേണ്ടതുണ്ട്. 
ഓരോ പ്രകൃതി ദുരന്തവും നമുക്ക് നൽകുന്ന അനുഭവ പാഠങ്ങൾ ചില്ലറയല്ല. പക്ഷേ, നാം അതിൽനിന്നു പഠിക്കാൻ തയാറാവുന്നില്ല. വികസനം വേണം. പക്ഷേ, അതു പ്രകൃതിക്ക് അനുഗണമാവും വിധമായിരിക്കണം -പ്രത്യേകിച്ച് കേരളത്തെപ്പോലുള്ള പരിസ്ഥിതി ലോല പ്രദേശങ്ങൾ ഏറെയുള്ള ഒരു സംസ്ഥാനത്ത്. എന്നാൽ അതിനു വിരുദ്ധമായ പ്രവർത്തനങ്ങളും വികസനങ്ങളുമാണ് സംസ്ഥാനത്ത് നടക്കുന്നത്. അതിനു മേൽനോട്ടം വഹിക്കുന്ന സർക്കാരുകളാകട്ടെ, പലതും കണ്ടില്ലെന്ന് നടിക്കുന്നു. അതിന്റെ ദുരന്ത ഫലമാണ് ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ക്വാറികൾക്കു നൽകുന്ന അനുമതി മാത്രം പരിശോധിച്ചാൽ മതിയാകും ഇതിലെ അശാസ്ത്രീയത മനസ്സിലാക്കാൻ. 750 ഓളം കരിങ്കൽ ക്വാറികൾക്കാണ് അനുമതിയെങ്കിലും പ്രവർത്തിക്കുന്നത് അയ്യായിരത്തിലേറെ. ഇതൊരു ചെറിയ ഉദാഹരണം മാത്രം. അതു പോലുള്ള പ്രകൃതിയുടെ അടിത്തറ ഇളക്കുന്ന ചൂഷണങ്ങളുടെ ദുരന്ത ഫലമായിട്ടു കൂടി വേണം അടിക്കടിയുണ്ടാകുന്ന കെടുതികളെ കാണാൻ. 
ഇതാവർത്തിക്കപ്പെടാതിരിക്കാനും ഇതിൽനിന്നു കരകയറാനുമുള്ള നടപടികളാണ് ഇനി നമുക്കു വേണ്ടത്. ഇക്കാര്യത്തിൽ സർക്കാരിനെക്കൊണ്ടു മാത്രം ആവില്ലെന്നു കണ്ടതുകൊണ്ടാണ് സംഘടനകളും വ്യക്തികളുമെല്ലാം സഹായ ഹസ്തവുമായി രംഗത്തു വന്നത്. അതു ശരിയാംവണ്ണം വിനിയോഗിക്കുന്നതിലായിരിക്കണം സർക്കാരിന്റെയും സർക്കാർ ഉദ്യോഗസ്ഥരുടെയും ശ്രദ്ധ. പലവിധ ന്യായങ്ങൾ പറഞ്ഞ് കാലതാമസം ഉണ്ടാക്കിയും തടസ്സങ്ങൾ സൃഷ്ടിച്ച് ജനങ്ങളുടെ ദുരിതം വർധിപ്പിക്കാനുമാവരുത് ശ്രമം. സർക്കാരിന്റെ കഴിഞ്ഞ വർഷത്തെ ചില നിലപാടുകളാണ് സഹായങ്ങൾ പ്രതീക്ഷിച്ച പോലെ എത്താതിരിക്കാൻ കാരണം. 
കേരളത്തിൽ എന്തു സംഭവിച്ചാലും പ്രതീക്ഷ മുഴുവൻ വിദേശ മലയാളികളിലാണ് -പ്രത്യേകിച്ച് ഗൾഫിലുള്ളവരിൽ. ഇക്കുറിയും അതുണ്ടായിട്ടുണ്ട്. എന്നാൽ ഗൾഫ് മേഖല പ്രതീക്ഷക്കൊത്ത് ഉയർന്നില്ലെന്ന പരിഭവവുമുണ്ട്. ഇതിന് കാരണം ഗൾഫ് ഇന്ന് പഴയ ഗൾഫല്ല എന്നതാണ്. ഇവിടെ കഴിയുന്നവർ ഇന്ന് നിലനിൽപിനായുള്ള പോരാട്ടത്തിലാണ്. സാമ്പത്തിക ബാധ്യതയാൽ നട്ടം തിരിയുന്നവരുടെ എണ്ണം അനുദിനം വർധിക്കുന്നു. എങ്കിലും ഉദാരതയുടെ കാര്യത്തിൽ ഇന്നും ഗൾഫുകാർ പിന്നിലല്ല. ദുരിത ബാധിതരെ സഹായിക്കാനുള്ള എല്ലാ ശ്രമങ്ങളും ഗൾഫിൽ എല്ലായിടത്തും നടക്കുന്നുണ്ട്. കഴിഞ്ഞ വർഷത്തേതു പോലെ ദുരിതാശ്വാസ വസ്തുക്കളുടെ പ്രത്യേക വിമാനങ്ങളോ, ലോഡു കണക്കിന് സാധനങ്ങളോ ഇക്കുറി ഗൾഫിൽനിന്നും എത്തിയില്ലെന്നത് വസ്തുതയാണ്. അതിനു പ്രധാന കാരണം കഴിഞ്ഞ വർഷം ഗൾഫിൽനിന്ന് അയച്ച സാധനങ്ങൾ സർക്കാർ ഏറ്റെടുത്ത് അതു യഥാസമയം അർഹരിൽ എത്തിക്കുന്നതിലുണ്ടായ വീഴ്ചയാണ്. ഗൾഫിൽനിന്ന് അയച്ച സാധനങ്ങൾ സ്വീകരിക്കുന്നതിനും അതു വിതരണം ചെയ്യുന്നതിനുമുള്ള അധികാരം കലക്ടർമാരിൽ മാത്രം നിക്ഷിപ്തമാക്കിയുള്ള സർക്കാർ പ്രഖ്യാപനം ഉണ്ടായപ്പോൾ ലക്ഷങ്ങൾ വിലമതിക്കുന്ന സാധനങ്ങളാണ് ഉപയോഗിക്കപ്പെടാതെ പോയത്. അതുകൊണ്ടു തന്നെ ഇക്കുറി അതിനു പലരും മെനക്കെട്ടില്ലെന്നതാണ് വസ്തുത. എങ്കിലും ഒട്ടേറെ സംഘടനകളും വ്യക്തികളും സ്വന്തം നിലയിൽ സാധനങ്ങളെത്തിച്ച് കസ്റ്റംസ് ക്ലിയറൻസ് നേരിട്ടു നടത്തി അർഹരെ കണ്ടെത്തി നേരിട്ടു തന്നെ എത്തിച്ചുകൊണ്ടിരിക്കുന്നുണ്ട്. പഴയ ഒഴുക്കില്ലെന്നു മാത്രമേയുള്ളൂ. 
ഇത്തവണ സഹായം നൽകാൻ തയാറായിട്ടുള്ളവർ അത് കാലതാമസമില്ലാതെ അർഹരിൽ എത്തുമോ എന്ന് ഉറപ്പു  വരുത്തിക്കൊണ്ടു തന്നെയാണ് കാര്യങ്ങൾ നടത്തുന്നതെന്ന വ്യത്യാസം മാത്രം. പ്രവാസികളോട് തിരിച്ചില്ലെങ്കിലും, എന്തായാലും കേരളത്തെ പ്രവാസികൾ കൈവിടില്ല. പ്രളയ ബാധിതരുടെ സഹായത്തിനായി പലയിടത്തും കൂട്ടായ്മകൾ രൂപപ്പെട്ടുകഴിഞ്ഞു. ഫണ്ട് ശേഖരണവും ശക്തിപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും സംഘടനകൾക്കുമെല്ലാം വ്യക്തിപരമായ സഹായങ്ങളും ഗൾഫിൽനിന്ന് പ്രവഹിക്കുന്നുണ്ട്. അധ്വാനിച്ചുണ്ടാക്കിയ സ്വന്തം ഭൂമി പ്രളയ ബാധിതർക്കു നൽകാൻ തയാറായി വന്നിട്ടുള്ള ഗൾഫുകാർ നിരവധിയാണ്. ചെറിയ രാജ്യമായ ബഹ്‌റൈനിൽനിന്നു മാത്രം നിരവധി പേർ ഭൂമി വാഗ്ദാനം നൽകിയിട്ടുണ്ട്. അതുപോലെ മറ്റിടങ്ങളിലെയും പ്രവാസികൾ ഭൂമി വാഗ്ദാനവുമായി രംഗത്തു വന്നു.  മുൻ പ്രവാസികളും ഇത്തരം സഹായങ്ങൾക്ക് സന്നദ്ധമായിട്ടുണ്ടെന്ന് നാട്ടിൽനിന്നുള്ള റിപ്പോർട്ടുകളിലും കാണുന്നു. അവശ്യ സാധനങ്ങൾ നൂലാമാലകളെല്ലാം മറികടന്ന് സമയത്തിന് എത്തിക്കാൻ കഴിയില്ലെന്നതിനാൽ അധികപേരും സാമ്പത്തികമായി സഹായിക്കാനുള്ള തയാറെടുപ്പാണ് ഇക്കുറി നടത്തിയിട്ടുള്ളത്. കേരളത്തിലെ മൂന്നു മുസ്‌ലിം സംഘടനകൾ പത്തു കോടി രൂപ വീതം പ്രളയ ദുരിതാശ്വാസത്തിന് നൽകുമെന്ന പ്രഖ്യാപിച്ചത് ഗൾഫിലെ അവരുടെ പ്രവർത്തകരുടെ അകമഴിഞ്ഞ സഹായം പ്രതീക്ഷിച്ചു തന്നെയാണ്. ചില രാഷ്ട്രീയ സംഘടനകളും സാമൂഹ്യ സാംസ്‌കാരിക സംഘടനകളും തുക പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പിരിവ് നടത്തുന്നുണ്ട്. ബക്കറ്റ് പിരിവായും അല്ലാതെയുമുള്ള പിരിവുകൾ പുരോഗമിക്കുകയാണ്. ഇതുവഴിയും അല്ലാതെയുമെല്ലാം ഗൾഫിൽനിന്നുള്ള സഹായങ്ങൾ മുറ തെറ്റാതെ നാട്ടിലെത്തുന്നുണ്ടെന്നതാണ് പരമാർഥം. അതുകൊണ്ടു തന്നെ മറിച്ചുള്ള പ്രചാരണങ്ങൾ അസ്ഥാനത്താണ്. 
കേരളമെന്ന വികാരം നെഞ്ചിലേറ്റി നടക്കുന്നവരാണ് പ്രവാസി മലയാളികൾ. അവർ എവിടെ ചെന്നാലും കേരളത്തിന്റെ തനത് സംസ്‌കാരവും പാരമ്പര്യവും മുറുകെ പിടിക്കുന്നതിൽ പിശുക്ക് കാണിക്കാറില്ല. അതുപോലെ സംസ്ഥാനത്തിന് ഒരു ദുര്യോഗം സംഭവിച്ചാൽ അതിൽനിന്നു കരകയറ്റാനും അവർ തയാറാവും. വലിപ്പ ചെറുപ്പ വ്യത്യാസമില്ലാതെ അവനവനാൽ കഴിയുന്ന സഹായം അവർ പല രീതിയിലും എത്തിച്ചുകൊണ്ടിരിക്കും. അതിനു മുന്നിൽ പ്രബന്ധങ്ങൾ സൃഷ്ടിക്കാതിരുന്നാൽ മത്രം മതി. പ്രതീക്ഷകൾ ഒരിക്കലും അസ്ഥാനത്താവില്ല.

 

Latest News