Saturday , February   22, 2020
Saturday , February   22, 2020

സോഷ്യൽ മീഡിയക്കെതിരെ ബ്രിട്ടനും വാളെടുക്കുന്നു 

ലോകത്തെ പല രാജ്യങ്ങളിലുമെന്ന പോലെ സോഷ്യൽ മീഡിയകളെ നിയന്ത്രിക്കാനൊരുങ്ങി ബ്രിട്ടനും.
ബ്രട്ടനിൽ അഞ്ചാംപനി രോഗികൾ വർധിച്ചതോടെയാണ് അധികൃതർ സോഷ്യൽ മീഡിയയെ പഴിക്കുന്നത്. വാക്‌സിനുകൾക്കെതിരെ ഓൺലൈൻ പ്രചാരണം ശക്തമായതാണ് ആരോഗ്യ വകുപ്പ് അധികൃതരെ കുഴക്കുന്നത്. 
ഓൺലൈനിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ കൂടുതലായി എന്തു ചെയ്യാനാകുമെന്ന് ചർച്ച ചെയ്യാൻ സോഷ്യൽ മീഡിയ കമ്പനികളുടെ ഉച്ചകോടി വിളിക്കാനാണ് ബ്രിട്ടീഷ് സർക്കാർ പദ്ധതിയിടുന്നത്.
രാജ്യത്ത് അഞ്ചാംപനി വർധിക്കുന്നതിൽ പ്രധാനമന്ത്രി ബോറിസ് ജോൺസൺ കടുത്ത ആശങ്ക പ്രകടിപ്പിച്ചു. ഈ രോഗത്തിനെതിരായ പോരാട്ടത്തിൽ വലിയ വിജയം കൈവരിച്ച ബ്രിട്ടനിൽ കാര്യങ്ങൾ പെട്ടെന്നാണ് തെറ്റായ ദിശയിലേക്ക് പോയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഈ വർഷം ആദ്യത്തെ ഏതാനും മാസങ്ങൾക്കിടെ 230 പുതിയ മീസിൽസ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. പ്രതിരോധ കുത്തിവെപ്പുകളെക്കുറിച്ച് ഓൺലൈനിൽ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ നടപടികൾ ശക്തമാക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ആളുകൾ ഓൺലൈനിൽ പ്രചരിക്കുന്ന അന്ധവിശ്വാസങ്ങൾ ശരിയാണെന്ന് കരുതുകയാണ്. എംഎംആർ വാക്‌സിൻ നല്ലതല്ലെന്ന വാക്‌സിൻ വിരുദ്ധരുടെ പ്രചാരണം അവർ വിശ്വസിക്കുന്നു -ബോറിസ് ജോൺസൺ പറഞ്ഞു. 
രാഷ്ട്രീയ പ്രചാരണം മുതൽ അഞ്ചാംപനി, മംപ്‌സ്, റുബെല്ല എന്നിവക്കെതിരായ എംഎംആർ പോലുള്ള വാക്‌സിനുകളെക്കുറിച്ച് വരെയുള്ള വ്യാജ മുന്നറിയിപ്പുകൾ തടയാൻ സോഷ്യൽ മീഡിയാ കമ്പനികൾ തയാറാകണം -അദ്ദേഹം പറഞ്ഞു.
വാക്‌സിനുകൾ ഉള്ളിടത്തോളം കാലം വാക്‌സിൻ വിരുദ്ധ വികാരം നിലനിൽക്കുന്നുണ്ടെങ്കിലും വാക്‌സിൻ വിരുദ്ധ പ്രചാരണം സോഷ്യൽ മീഡിയയിൽ കൂടുതൽ വേഗത്തിൽ വ്യാപിക്കുന്നതായി ആരോഗ്യ വിദഗ്ധർ ആശങ്കപ്പെടുന്നു. വാക്‌സിനുകളെക്കുറിച്ച് ആശങ്കാകുലരാകുന്ന മാതാപിതാക്കൾ കുട്ടികൾക്ക് കുത്തിവെപ്പ് നൽകാൻ വിസമ്മതിക്കുന്നതിലൂടെ വിവിധ രോഗങ്ങളുടെ തിരിച്ചുവരവിന് കാരണമാകും.
തെറ്റായ വാക്സിൻ വിവരങ്ങളുടെ പ്രമുഖ ഓൺലൈൻ കലവറയായ പിന്റർസെറ്റ് 2017 ൽ വാക്‌സിനുകൾ എന്ന പദത്തിനായുള്ള എല്ലാ തെരയലുകളും തടഞ്ഞ് കർശന നടപടി സ്വീകരിച്ചിരുന്നു.
വാക്‌സിനുകളെക്കുറിച്ച് വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്ന ഗ്രൂപ്പുകളെയും പേജുകളെയും റെക്കമന്റ് ചെയ്യില്ലെന്നും ഇതിനായുള്ള പരസ്യങ്ങൾ വേണ്ടെന്നുവെക്കുമെന്നും ഫേസ്ബുക്ക് കഴിഞ്ഞ മാർച്ചിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ വാക്‌സിനുകൾ ഓട്ടിസത്തിന് കാരണമാകുമെന്നും അതിലടങ്ങിയിരിക്കുന്ന മെർക്കുറിയും മറ്റും ആരോഗ്യത്തിന് ഹാനികരമാണെന്നുമുള്ള പ്രചാരണം നിർബാധം തുടരുകയാണ്. 
ട്വിറ്റർ പോലുള്ള കമ്പനികൾക്ക് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ നയങ്ങളില്ലാത്തതിനാൽ വാക്‌സിൻ വിരുദ്ധ പ്രചാരണം അവരുടെ നിയമങ്ങൾക്ക് വിരുദ്ധമാകില്ലെന്നും സോഷ്യൽ മീഡിയാ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ ഇക്കാര്യം നിഷേധിക്കുന്ന ട്വിറ്റർ ബ്രിട്ടനിലും അമേരിക്കയിലും വാക്‌സിനെ കുറിച്ച് സെർച്ച് ചെയ്യുന്നവർക്ക് ആദ്യം സർക്കാരുകൾ നൽകുന്ന ഔദ്യോഗിക വിവരങ്ങളാണ് നൽകുന്നതെന്ന് അവകാശപ്പെടുന്നു. ബ്രിട്ടനിൽ നാഷണൽ ഹെൽത്ത് സർവീസ് നൽകുന്ന വിവരങ്ങളും വെബ് സൈറ്റുമാണ് ആദ്യം ലഭിക്കുക. അതേസമയം, ആരോഗ്യ വിവരങ്ങളുടെ കാര്യത്തിൽ സർക്കാരിനെ അവിശ്വസിക്കുന്ന ആളുകൾ കൂടുതലാണ്. 
വാക്‌സിൻ വിരുദ്ധ പ്രചാരണത്തെ ചെറുക്കുന്നതോടൊപ്പം ആളുകൾക്ക് വിശ്വസിക്കാനും മനസ്സിലാക്കാനും കഴിയുന്ന ശാസ്ത്രീയ തെളിവുകൾ അടിസ്ഥാനമാക്കിയുള്ള ഡാറ്റകളും നൽകേണ്ടതുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. 
മാരക പകർച്ചവ്യാധിയായ അഞ്ചാം പനി പൊട്ടിപ്പുറപ്പെടാതിരിക്കാൻ ജനസംഖ്യയുടെ 95 ശതമാനമെങ്കിലും പ്രതിരോധ കുത്തിവെപ്പ് നടത്തിയതായി ഉറപ്പാക്കണമെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. 
ബ്രിട്ടനിൽ അഞ്ച് വയസ്സ് പ്രായമുള്ള കുട്ടികളിൽ 87 ശതമാനത്തിനും രണ്ട് ഡോസുകൾ നൽകിയിട്ടുണ്ടെന്ന് പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് മെയ് മാസത്തിൽ കണക്കാക്കിയിരുന്നു.
2006 ന് ശേഷം ഒരു വർഷം റിപ്പോർട്ട് ചെയ്ത അഞ്ചാം പനി കേസുകൾ 2019 ൽ ആദ്യത്തെ ആറ് മാസത്തിൽ തന്നെ ലോകമെമ്പാടും റിപ്പോർട്ട് ചെയ്യപ്പെട്ടുവെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. കഴിഞ്ഞ 25 വർഷത്തിനിടെ ഏറ്റവും കൂടുതൽ അഞ്ചാംപനി കേസുകളാണ് അമേരിക്കയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. 
പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ നിർദേശത്തെ ബ്രിട്ടനിലെ ആരോഗ്യ പ്രവർത്തകർ സ്വാഗതം ചെയ്തുവെങ്കിലും രാജ്യത്തെ ഹെൽത്ത് സർവീസ് പലവിധ വെല്ലുവിളികൾ നേരിടുകയാണെന്ന് അവർ ചൂണ്ടിക്കാണിക്കുന്നു. നിരവധി ഡോക്ടർമാരുടെ ക്ലിനിക്കുകൾ അടച്ചുകൊണ്ടിരിക്കയാണെന്ന് ലണ്ടൻ യൂനിവേഴ്‌സിറ്റി കോളേജിലെ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ചൈൽഡ് ഹെൽത്ത് പ്രൊഫസർ ഹെലൻ ബെഡ്‌ഫോർഡ് പറയുന്നു. രാജ്യത്തെ ആരോഗ്യ പ്രവർത്തകരുടെ എണ്ണം അടുത്തിടെ ഗണ്യമായി കുറഞ്ഞിരിക്കയാണ്. 


 

Latest News