Sorry, you need to enable JavaScript to visit this website.

ആചാര വെടിക്കായി ഉയര്‍ത്തിയ 22 തോക്കുകളും പൊട്ടിയില്ല; മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയുടെ സംസ്‌കാരത്തിനിടെ സംഭവിച്ചത്

സുപോള്‍- കഴിഞ്ഞ ദിവസം അന്തരിച്ച ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ജഗന്നാഥ മിശ്രയുടെ ശവസംസ്‌ക്കാര ചടങ്ങിനിടെ പോലീസിനു അമളി പറ്റിയത് നാണക്കേടായി. പൂര്‍ണ സംസ്ഥാന ബഹുമതികളോടെ അന്ത്യകര്‍മ്മങ്ങള്‍ നടക്കുന്നതിനിടെ ഗണ്‍ സല്യൂട്ടിനായി പോലീസുകാര്‍ ആകാശത്തേക്ക് ഉയര്‍ത്തിയ 22 റൈഫിളുകളില്‍ ഒന്നും പോലും പൊട്ടിയില്ല. മിശ്രയുടെ നാടായ സോപോളില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോഡി, ആരോഗ്യ മന്ത്രി മംഗല്‍ പാണ്ഡെ എന്നിവരടക്കം സന്നിഹിതരായിരുന്നു. മുഖ്യമന്ത്രിക്കും മറ്റു പ്രമുഖര്‍ക്കും മുന്നില്‍ വച്ചായിരുന്നു സംഭവം. പൊട്ടാത്തതിനെ തുടര്‍ന്ന് പോലീസുകാര്‍ തോക്ക് പരിശോധിക്കുന്നതും വീണ്ടും ശ്രമിക്കുന്നതും കാണാമായിരുന്നു. എന്നിട്ടും പൊട്ടിയില്ല.

സംഭവം അന്തരിച്ച മുന്‍മുഖ്യമന്ത്രിയോടുള്ള അവഹേളനമായെന്ന് ചടങ്ങില്‍ പങ്കെടുത്ത ആര്‍ ജെ ഡി എല്‍എല്‍എ പിപ്‌റ യദുവംശ കുമാര്‍ യാദവ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തിങ്കളാഴ്ച അന്തരിച്ച ജഗന്നാഥ മിശ്ര മൂന്ന് തവണ ബിഹാര്‍ മുഖ്യമന്ത്രിയായ കോണ്‍ഗ്രസ് നേതാവായിരുന്നു.
 

Latest News