സിക്കിമില്‍ രണ്ടു ശതമാനം വോട്ടുള്ള ബിജെപി മുഖ്യപ്രതിപക്ഷമായി; കശ്മീര്‍ ആവര്‍ത്തിക്കുമോ എന്നാശങ്ക

ഗാങ്‌ടോക്ക്- വടക്കു കിഴക്കന്‍ സംസ്ഥാനമായ സിക്കിമില്‍ പ്രതിപക്ഷ പാര്‍ട്ടിയായ സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട് (എസ്.ഡി.എഫ്)ലെ 10 എംഎല്‍എമാര്‍ കൂറുമാറി ബിജെപിയില്‍ ചേര്‍ന്നതിനു പിന്നാലെ വോട്ടര്‍മാര്‍ക്കിടയില്‍ പുകയുന്ന പ്രതിഷേധം തെരുവിലേക്ക്. എസ്.ഡി.എഫിന്റെ മറ്റു രണ്ടു എംഎല്‍എമാര്‍ കൂടി കൂറു മാറി ഭരണകക്ഷിയായ സിക്കിം ക്രാന്തികരായ് മോര്‍ച്ചയില്‍ (എസ്.കെ.എം) ചേര്‍ന്നതോടെയാണ് സമൂഹമാധ്യമങ്ങളില്‍ പുകഞ്ഞ കടുത്ത അതൃപ്തി തെരുവിലെത്തിയത്. സിക്കിം പ്രൊഗ്രസീവ് യൂത്ത് ഫോറം എന്ന സന്നദ്ധ സംഘടനയ്ക്കു കീഴില്‍ ദിവസങ്ങള്‍ക്കു മുമ്പ് തലസ്ഥാനമായ ഗാങ്‌ടോക്കില്‍ പ്രതിഷേധ റാലി നടന്നു. നിരവധി സന്നദ്ധ, പൗരാവകാശ സംഘടനകളുടെ പിന്തുണ ഈ റാലിക്കുണ്ടായിരുന്നു. സഹപ്രവര്‍ത്തകരായ പാര്‍ട്ടി എംഎല്‍എമാരെല്ലാം കാലുമാറിയതോടെ എസ്.ഡി.എഫില്‍ ബാക്കിയായ ഏക എംഎല്‍എ സിക്കീം രാഷ്ട്രീയത്തിലെ ഉന്നതരില്‍ ഒരാളായ പവന്‍ ചാംലിങ് മാത്രമാണ്. 

സിക്കിമിന്റെ പ്രത്യേക ഭരണഘടനാവകാശം റദ്ദാക്കപ്പെടുമോ?
ഈ രാഷ്ട്രീയ കാലുമാറ്റങ്ങളും രാഷ്ട്രീയമായി സംസ്ഥാനത്ത് ശക്തരല്ലാത്ത ബിജെപിയുടെ അപ്രതീക്ഷിത മുന്നേറ്റവും സിക്കിം ജനത ആശങ്കയോടെയാണ് നോക്കിക്കാണുന്നത്. ഇതിനു കാരണം ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ ജമ്മു കശ്മീരിന് ഭരണഘടന നല്‍കുന്ന (ആര്‍ട്ടിക്ക്ള്‍ 370) പ്രത്യേക അവകാശം റദ്ദാക്കിയ പശ്ചാത്തലമാണ്. ഭരണഘടനയുടെ ആര്‍ട്ടിക്ക്ള്‍ 371 എഫ് സിക്കിമിന് പ്രത്യേക അവകാശങ്ങള്‍ വകവെച്ചു നല്‍കുന്ന ഭരണഘടനാ വകുപ്പാണ്. ഇതും റദ്ദാക്കപ്പെടുമോ എന്നാണ് ആശങ്ക.

ബിജെപിക്ക് തീരെ വോരോട്ടമില്ലാത്ത സംസ്ഥാനത്ത് ഒറ്റ രാത്രികൊണ്ടാണ് പാര്‍ട്ടി മുഖ്യപ്രതിപക്ഷമായത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വെറും 1.62 ശതമാനം മാത്രമാണ് സിക്കിമിലെ ബിജെപിയുടെ വോട്ട്. ഈ രാഷ്ട്രീയ സംഭവ വികാസങ്ങള്‍ക്കിടെ പ്രാദേശിക മാധ്യമങ്ങളെല്ലാം പങ്കുവെയ്ക്കുന്നത് സിക്കിമിന്റെ പ്രത്യേക അവകാശങ്ങള്‍ എത്രത്തോളം സുരക്ഷിതമാണെന്ന ആശങ്കയാണ്. സിക്കിമില്‍ ബിജെപി ലക്ഷ്യമിടുന്നത് എന്താണെന്നും അവ്യക്തമാണ്. വോട്ടര്‍മാര്‍ക്കിടയിലെ ആശയക്കുഴപ്പം സമൂഹമാധ്യമങ്ങളിലെ പ്രതികരണങ്ങളില്‍ വ്യക്തവുമാണ്.

വോട്ടര്‍മാരുടെ ഈ പ്രതിഷേധം സര്‍ക്കാരിനെ വിഷമവൃത്തത്തിലാക്കിയിരിക്കുകയാണ്. ഭരണകക്ഷിയായ എസ്.കെ.എം കേന്ദ്രത്തില്‍ ബിജെപിയുടെ സഖ്യകക്ഷിയാണ്. അതുകൊണ്ടു തന്നെ ബിജെപിയെ പിണക്കാന്‍ എസ്.കെ.എം തുനിഞ്ഞേക്കില്ല. അതേസമയം സംസ്ഥാനത്ത് ഇപ്പോള്‍ ബിജെപി മുഖ്യപ്രതിപക്ഷമായി മാറിയത് എസ്.കെ.എമ്മിനെ ആശയക്കുഴപ്പത്തിലാക്കുകയും ചെയ്തിരിക്കുന്നു. പ്രതിഷേധ റാലിക്ക് അനുമതി നല്‍കിയ സര്‍ക്കാര്‍ നടപടിയിലും ഈ വൈരുധ്യം പ്രകടമായി. ആദ്യം പോലീസ് റാലിക്ക് അനുമതി നല്‍കിയില്ല. ആഭ്യന്തര ഭീഷണിയെന്നാണ് കാരണം പറഞ്ഞത്. പിന്നീട് അനുമതി നല്‍കി. എന്നാല്‍ റാലിയുടെ റൂട്ട് മാറ്റി ആള്‍താമസം കുറഞ്ഞ വഴിയായ ഇന്ദിരാ ബൈപ്പാസിലൂടെയാണ് കടത്തി വിട്ടത്. റാലിക്കെത്തിയവരുടെ മൂന്നിരട്ടിയോളം പോലീസും അര്‍ധസൈനികരും അകമ്പടിയും ഉണ്ടായിരുന്നു. എങ്കിലും പ്രതിഷേധക്കാര്‍ മൂന്ന് കിലോമീറ്ററോളം നടന്ന് റാലി പൂര്‍ത്തിയാക്കി.

ഈ സംഭവ വികാസങ്ങള്‍ ഏതു തലത്തിലേക്കാണ് പോകുക എന്നാണ് സിക്കിം ജനത ഉറ്റുനോക്കുന്നത്. ബിജെപി ശക്തമായ ഒരു നിലയിലെത്തി. അടുത്ത നീക്കം എന്തായിരിക്കുമെന്ന് അറിയാനിരിക്കുന്നതെയുള്ളൂ.

Latest News