Sorry, you need to enable JavaScript to visit this website.

സൗദി ബഖാലകളിൽ സിഗരറ്റ് വിൽപനക്ക് നിരോധനം 

റിയാദ് - നൂറു ചതുരശ്രമീറ്ററിൽ കുറവുള്ള ചെറുകിട ബഖാലകളിൽ സിഗരറ്റ് വിൽപനക്ക് നിരോധനം.  മുനിസിപ്പൽ, ഗ്രാമകാര്യ മന്ത്രാലയത്തിന്റെ നിയമാവലിയിലാണ് ഇക്കാര്യമുള്ളത്. 100 ചതുരശ്രമീറ്ററിൽ കൂടുതൽ വിസ്തീർണമുള്ള മിനിമാർക്കറ്റുകളിലും 500 ചതുരശ്രമീറ്ററിൽ കുറയാത്ത വിസ്തീർണമുള്ള സെൻട്രൽ മാർക്കറ്റുകളിലും മാത്രമാണ് സിഗരറ്റ് അടക്കമുള്ള പുകയില ഉൽപന്നങ്ങൾ വിൽക്കാൻ പാടുള്ളൂ. ചെറിയ ബഖാലകളുടെ വിസ്തീർണം 24 ചതുരശ്രമീറ്ററിൽ കുറയാൻ പാടില്ലെന്നും വ്യവസ്ഥയുണ്ട്. ചില ബഖാലകൾ സിഗരറ്റ് വിൽപ്പന മാത്രമാണ് നടത്തുന്നത്. കൗമാരക്കാരും കുട്ടികളും ബഖാലകളെയാണ് സിഗരറ്റുകൾക്ക് വേണ്ടി സമീപിക്കുന്നത്. ആയിരക്കണക്കിന് ബഖാലകൾ വിവിധ പ്രവിശ്യകളിൽ ക്രമരഹിതമായി പ്രവർത്തിക്കുന്നതായും മന്ത്രാലയം പറയുന്നു.
ഇക്കാര്യങ്ങളെല്ലാം കണക്കിലെടുത്ത് ബഖാലകൾക്കും മിനിമാർക്കറ്റുകൾക്കും സെൻട്രൽ മാർക്കറ്റുകൾക്കും ബാധകമായ വ്യവസ്ഥകൾ മുനിസിപ്പൽ, ഗ്രാമകാര്യ മന്ത്രാലയം പരിഷ്‌കരിക്കുകയായിരുന്നു. പരിഷ്‌കരിച്ച നിയമാവലി വാണിജ്യ, നിക്ഷേപ മന്ത്രിയും ആക്ടിംഗ് മുനിസിപ്പൽ, ഗ്രാമകാര്യ മന്ത്രിയുമായ ഡോ. മാജിദ് അൽഖസബി അടുത്തിടെ അംഗീകരിച്ചിട്ടുണ്ട്. ബഖാല, മിനിമാർക്കറ്റ് മേഖല വ്യവസ്ഥാപിതമാക്കി മാറ്റി ഈ മേഖലയിൽ ബിനാമി ബിസിനസ് അടക്കമുള്ള പ്രവണതകൾ അവസാനിപ്പിക്കുന്നതിനാണ് നിയമാവലി പരിഷ്‌കരിച്ചത്. 
ബഖാലകളും മിനിമാർക്കറ്റുകളും പ്രവർത്തിക്കുന്ന കെട്ടിടങ്ങൾ സൗദി കൺസ്ട്രഷൻ കോഡിന് അനുസൃതമായി മുഴുവൻ വ്യവസ്ഥകളും പൂർണമായവ ആയിരിക്കണമെന്നും സ്ഥാപനങ്ങളുടെ മുൻവശം സുതാര്യമായ ചില്ലുകൾ കൊണ്ട് നിർമിച്ചതായിരിക്കണമെന്നും വ്യവസ്ഥയുണ്ട്. സ്ഥാപനത്തിന്റെ പേരിൽ ട്രേഡ്മാർക്ക് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ 80 സെന്റീമീറ്ററിൽ കുറയാത്ത ഉയരവും 300 സെന്റീമീറ്ററിൽ കുറയാത്ത വീതിയുമുള്ള നെയിം ബോർഡ് സ്ഥാപനത്തിനു മുന്നിൽ സ്ഥാപിച്ചിരിക്കണം. സ്ഥാപനത്തിന്റെ മുൻവശത്തിന്റെ വീതിക്ക് അനുയോജ്യമായ നെയിം ബോർഡ് ആണ് സ്ഥാപിക്കേണ്ടത്. നെയിം ബോർഡിന് സ്ഥാപനത്തിന്റെ മുൻവശത്തെ വീതിയെക്കാൾ കൂടുതൽ വലിപ്പമുണ്ടാകാൻ പാടില്ല. കൊമേഴ്‌സ്യൽ രജിസ്‌ട്രേഷൻ അനുസരിച്ച സ്ഥാപനത്തിന്റെ പേരും കൊമേഴ്‌സ്യൽ രജിസ്‌ട്രേഷൻ നമ്പറും നെയിം ബോർഡിൽ രേഖപ്പെടുത്തൽ നിർബന്ധമാണ്. 
സ്വന്തമായി ട്രേഡ് മാർക്കില്ലാത്ത മുഴുവൻ ബഖാലകളുടെയും മിനിമാർക്കറ്റുകളുടെയും നെയിം ബോർഡുകളുടെ രൂപകൽപന ഏകീകരിച്ചിട്ടുണ്ട്. സ്ഥാപനത്തിന്റെ പേരിൽ ട്രേഡ്മാർക്ക് രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ പരിഷ്‌കരിച്ച നിയമാവലി അനുശാസിക്കുന്ന ഏകീകൃത രൂപകൽപനക്ക് അനുസൃതമായിട്ടാരിക്കണം നെയിം ബോർഡ് തയാറാക്കേണ്ടത്. മാനദണ്ഡങ്ങൾക്ക് നിരക്കാത്ത നെയിം ബോർഡുകൾ ഉപയോഗിക്കുന്നതിനും അംഗീകരിച്ച രൂപകൽപന പ്രകാരമുള്ള ഉള്ളടക്കത്തിന്റെ സ്ഥാനങ്ങളിലും വലിപ്പത്തിലും മറ്റും മാറ്റംവരുത്തുന്നതിനും വിലക്കുണ്ട്. സ്ഥാപനങ്ങളുടെ പേര് രേഖപ്പെടുത്തിയ യൂനിഫോം മുഴുവൻ ജീവനക്കാരും പാലിക്കലും നിർബന്ധമാണ്. ഉപയോക്താക്കൾക്കും ജീവനക്കാർക്കും സുഗമമായി സഞ്ചരിക്കുന്നതിന് മതിയായ വിശാലത സ്ഥാപനങ്ങൾക്കത്തുണ്ടായിരിക്കണമെന്നും വ്യവസ്ഥയുണ്ട്. സ്ഥാപനങ്ങൾക്കകത്ത് കുടുസ്സുണ്ടാക്കുന്ന നിലക്ക് ഉൽപന്നങ്ങൾ അട്ടിവെക്കുന്നതിനും ഉപകരണങ്ങൾ സ്ഥാപിക്കുന്നതിനും വിലക്കുണ്ടാകും. 
ഭക്ഷ്യവസ്തുക്കളും പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട ഉൽപന്നങ്ങളും വിൽക്കുന്ന സ്ഥാപനങ്ങളിലെ ജീവനക്കാർ ഡ്യൂട്ടി സമയത്ത് ഹെൽത്ത് കാർഡ് യൂനിഫോമിൽ തൂക്കലും നിർബന്ധമാണ്. പുതുതായി ആരംഭിക്കുന്ന മുഴുവൻ ബഖാലകൾക്കും മിനിമാർക്കറ്റുകൾക്കും സെൻട്രൽ മാർക്കറ്റുകൾക്കും പുതിയ നിയമാവലി ബാധകമായിരിക്കും. എന്നാൽ നിലവിലുള്ള സ്ഥാപനങ്ങൾക്ക് പുതിയ നിയമാവലി അനുസരിച്ച് പദവി ശരിയാക്കുന്നതിന് 24 മാസത്തെ സാവകാശം അനുവദിച്ചു. 

Latest News