Sorry, you need to enable JavaScript to visit this website.

സമാധാനത്തിനും സുരക്ഷക്കും പ്രധാന ഭീഷണി ഇസ്രായിലും ഇറാനും -സൗദി  

അന്താരാഷ്ട്ര സമാധാനവും സുരക്ഷയും കാത്തുസൂക്ഷിക്കൽ: മധ്യപൗരസ്ത്യ ദേശത്ത് സമാധാനവും സുരക്ഷയും സാക്ഷാൽക്കരിക്കുന്നതിന് നേരിടുന്ന വെല്ലുവിളികൾ എന്ന ശീർഷകത്തിൽ യു.എൻ ആസ്ഥാനത്ത് സംഘടിപ്പിച്ച സെഷനിൽ ഐക്യരാഷ്ട്ര സഭയിലെ സൗദി സ്ഥിരം പ്രതിനിധി അബ്ദുല്ല അൽമുഅല്ലിമി സംസാരിക്കുന്നു. 

റിയാദ് - മധ്യപൗരസ്ത്യ ദേശത്ത് സമാധാനത്തിനും സുരക്ഷക്കും പ്രധാന ഭീഷണി ഇസ്രായിലും ഇറാനുമാണെന്ന് സൗദി അറേബ്യ. അന്താരാഷ്ട്ര സമാധാനവും സുരക്ഷയും കാത്തുസൂക്ഷിക്കൽ: മധ്യപൗരസ്ത്യ ദേശത്ത് സമാധാനവും സുരക്ഷയും സാക്ഷാൽക്കരിക്കുന്നതിന് നേരിടുന്ന വെല്ലുവിളികൾ എന്ന ശീർഷകത്തിൽ യു.എന്നിൽ സംഘടിപ്പിച്ച സെഷനിൽ ഐക്യരാഷ്ട്ര സഭയിലെ സൗദി സ്ഥിരം പ്രതിനിധി അബ്ദുല്ല അൽമുഅല്ലിമിയാണ് ഇക്കാര്യം പറഞ്ഞത്. 
ആയിരക്കണക്കിന് വർഷത്തോളം പഴക്കമുള്ള വംശീയ, മത വേരുകളാണ് മധ്യപൗരസ്ത്യ ദേശത്തെ സംഘർഷങ്ങൾക്ക് കാരണമെന്ന് ചിലർ വാദിക്കുന്നു. എന്നാൽ മേഖലയിൽ ഭീഷണി സൃഷ്ടിക്കുന്നത് ഇസ്രായിലും ഇറാനുമാണ്. ഫലസ്തീൻ-ഇസ്രായിൽ സംഘർഷം ഒരു കാലത്തും വംശീയ, മത വേരുകളുള്ള സംഘർഷമായിരുന്നില്ല. ഫലസ്തീനിലെ അറബ്, ഇസ്‌ലാമിക ഭരണ കാലത്ത് അറബികളും ജൂതന്മാരും ക്രിസ്ത്യാനികളും സമാധാനത്തിലും സുരക്ഷയിലുമാണ് കഴിഞ്ഞത്. 
സയണിസ്റ്റ് മൂവ്‌മെന്റ് ആരംഭിച്ച ശേഷം മാത്രമാണ് ഇക്കാര്യത്തിൽ മാറ്റം വന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഫലസ്തീനികളുടെ മണ്ണും ഭവനങ്ങളും തട്ടിയെടുത്ത വംശീയ, സാമ്രാജ്യത്വ മൂവ്‌മെന്റാണിത്. ഇതിനു ശേഷം ഫലസ്തീനികളെ ലക്ഷ്യമിട്ട് സയണിസ്റ്റ് മാഫിയകൾ വംശീയ ശുദ്ധീകരണം ആരംഭിച്ചു. ഫലസ്തീനികളെ സയണിസ്റ്റ് മാഫിയകൾ അഭയാർഥികളാക്കി മാറ്റുകയും അവരുടെ അടിസ്ഥാന അവകാശങ്ങൾ നിഷേധിക്കുകയും ചെയ്തു. 
ഫലസ്തീനികൾക്കും ഇസ്രായിലികൾക്കുമിടയിൽ ചരിത്രപരമായ പ്രതികാരങ്ങളൊന്നുമില്ല. 1967 ജൂൺ നാലിലെ അതിർത്തിയിൽ കിഴക്കൻ ജറൂസലം തലസ്ഥാനമായി സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം നിലവിൽ വരണമെന്ന് അനുശാസിക്കുന്ന യു.എൻ തീരുമാനങ്ങളും അന്താരാഷ്ട്ര നിയമങ്ങളും ഉറപ്പു നൽകുന്ന അടിസ്ഥാന തത്വങ്ങളുമായി ബന്ധപ്പെട്ടതാണ് നിലവിലെ ഫലസ്തീൻ-ഇസ്രായിൽ സംഘർഷം. 
പശ്ചിമേഷ്യൻ സംഘർഷത്തിന് ദ്വിരാഷ്ട്ര പരിഹാരമെന്ന പോംവഴി ലോകം ഒന്നടങ്കം അംഗീകരിച്ചതാണ്. എന്നാൽ ഈ തീരുമാനങ്ങൾ നടപ്പാക്കുന്നതിന് ഇസ്രായിൽ വിമുഖത കാണിക്കുന്നു. ബലി പെരുന്നാൾ ദിവസം മസ്ജിദുൽ അഖ്‌സയിൽ അതിക്രമിച്ചു കയറിയതു പോലുള്ള പ്രകോപനങ്ങൾ ഇസ്രായിൽ നിർബാധം തുടരുന്നു. 
ശിയാക്കളും സുന്നികളും തമ്മിൽ നൂറുകണക്കിന് വർഷങ്ങളായി സംഘർഷം നിലനിൽക്കുന്നുണ്ടെന്ന് ചിലർ വാദിക്കുന്നു. ഇറാനുമായുള്ള തർക്കം ഈ സംഘർഷത്തിന്റെ മൂർത്തീകരണമാണെന്നും ഇവർ പറയുന്നു. ഇത് വസ്തുതാവിരുദ്ധമാണ്. ആയിരം വർഷത്തിലധികമായി മേഖലയെ ശിയാ, സുന്നി സംഘർഷം ബാധിച്ചിട്ടുണ്ടെന്ന വാദം സങ്കൽപ കഥയാണ്. അറബ് രാജ്യങ്ങളിൽ ശിയാക്കളും സുന്നികളും സമാധാനത്തിലും സഹവർത്തിത്വത്തിലുമാണ് കഴിഞ്ഞത്. 
തങ്ങളുടെ ഭാവി നിർണയിക്കുന്നതിനും സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കുന്നതിനുമുള്ള ഫലസ്തീനികളുടെ അവകാശം അംഗീകരിക്കണം. അക്രമവും അധിനിവേശവും ഫലസ്തീൻ ഭവനങ്ങളുടെ തകർക്കലും കുടുംബങ്ങളെ ആട്ടിപ്പായിക്കലും തള്ളിക്കളയണം. ഇസ്രായിലും ഇറാനും മേഖലയിൽ കുഴപ്പങ്ങൾക്ക് തിരികൊളുത്തുന്നു. ഇവരുടെ അധിനിവേശവും അക്രമവും അടിച്ചമർത്തലും നിരാകരിക്കുകയും അന്താരാഷ്ട്ര ബന്ധങ്ങളിലെ അടിസ്ഥാന തത്വങ്ങൾക്ക് ഊന്നൽ നൽകുകയും വേണം. 
മേഖലയിൽ സൗദി അറേബ്യ വികസനം പ്രോത്സാഹിപ്പിക്കുന്നു. മധ്യപൗരസ്ത്യ ദേശത്തെ സമഗ്ര വികസനമാണ് ഭദ്രത സാക്ഷാൽക്കരിക്കുന്നതിനും ഭീകരത ഇല്ലാതാക്കുന്നതിനും സംഘർഷം ലഘൂകരിക്കുന്നതിനുമുള്ള വഴി. സമാധാനപരമായ പരിഹാരത്തിന് സംവാദത്തിന്റെയും സഹകരണത്തിന്റെയും പാതയാണ് സൗദി പിന്തുടരുന്നത്. നയതന്ത്ര കാര്യാലയങ്ങൾക്കു നേരെയുള്ള ആക്രമണങ്ങൾ, നയതന്ത്ര ഉദ്യോഗസ്ഥർക്ക് നേരെയുള്ള വധശ്രമം, സൈബർ ആക്രമണം, വിഭാഗീയ സംഘർഷങ്ങൾക്ക് തിരികൊളുത്തൽ, മിലീഷ്യകൾക്കും ഭീകര സംഘടനകൾക്കും സഹായവും പിന്തുണയും നൽകൽ എന്നിവ അടക്കമുള്ള ശത്രുതാപരമായ പ്രവർത്തനങ്ങളും ഭീഷണികളും ആഭ്യന്തര കാര്യങ്ങളിലെ ഇടപെടലുകളും അവസാനിപ്പിക്കാതെ സമാധാനം സാധ്യമാകില്ലെന്നും അബ്ദുല്ല അൽമുഅല്ലിമി പറഞ്ഞു.
 

Latest News