Sorry, you need to enable JavaScript to visit this website.

മൂന്ന് മലയാളി ഹാജിമാര്‍ മരിച്ചു; ഒരാളുടെ മരണം വിമാനത്തില്‍

ജിദ്ദ- മൂന്നു മലയാളി തീര്‍ഥാടകര്‍ മരിച്ചു. രണ്ടു പേര്‍ മക്കത്തു വെച്ചും ഒരാള്‍ നാട്ടിലേക്കുള്ള മടക്ക യാത്രക്കിടെ വിമാനത്തില്‍ വെച്ചുമാണ് മരിച്ചത്. കാസര്‍ക്കോട് ചെങ്കള ചേരൂര്‍ മൊയ്തീന്‍കുഞ്ഞി (69) ആണ് ജിദ്ദയില്‍നിന്ന് കരിപ്പൂരിലേക്കുള്ള യാത്രക്കിടെ സൗദി  എയര്‍ലൈന്‍സ് വിമാനത്തില്‍ മരിച്ചത്.  ചൊവ്വാഴ്ച രാത്രിയാണ് വിമാനം ജിദ്ദയില്‍നിന്നു പുറപ്പെട്ടത്.  വിമാനം പറന്നുയര്‍ന്ന് ഏതാനും സമയം കഴിഞ്ഞായിരുന്നു മരണം. രാവിലെ 7.15 ഓടെയാണ് വിമാനം കരിപ്പൂരിലെത്തിയത്. തുടര്‍ നടപടികള്‍ക്കു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ഭാര്യ ഫാത്തിമക്കും ഭാര്യാസഹോദരനുമൊപ്പമാണ് ഹജ് നിര്‍വഹിക്കാന്‍ എത്തിയിരുന്നത്.
മക്കള്‍: ഖദീജ, ആയിഷ, മിസ്‌രിയ, റംല, റഹ്മത്ത്, ജുവൈരിയ്യ. മരുമക്കള്‍: അബ്ദുറഹിമാന്‍, ഇസ്മായില്‍ മൗലവി, ബഷീര്‍ സഖാഫി, ഫനാസ്, പരേതരായ ജാഫര്‍, യൂസുഫ് സഖാഫി.
സ്വകാര്യ ഗ്രൂപ്പില്‍ ഹജ് നിര്‍വഹിക്കാനെത്തിയ മൂവാറ്റുപുഴ പായിപ്ര ചോറ്റുഭാഗത്ത് വീട്ടില്‍ മൊയ്തീന്‍ (77) മക്കയില്‍ താമസ സ്ഥലത്ത് ബുധനാഴ്ച രാവിലെ നിര്യാതനായി. റിട്ട. സൈനികനായ ഇദ്ദേഹം കുറേക്കാലം എന്‍.സി.സിയിലും സേവനമനുഷ്ഠിച്ചിരുന്നു. ഭാര്യ ഫാത്തിമ, ഭാര്യാ സഹോദരീ ഭര്‍ത്താവ് സലീം എന്നിവരോടൊപ്പമാണ് ഹജ് നിര്‍വഹിക്കാന്‍ എത്തിയത്. മക്കള്‍: നജി, സജി. മയ്യിത്ത് മക്കയില്‍ ഖബറടക്കി. നിയമ സഹായത്തിന് ഒ.ഐ.സി.സി മക്ക പ്രസിഡന്റ് ഷാനിയാസ് കുന്നിക്കോട് രംഗത്തുണ്ടായിരുന്നു.
മലപ്പുറം ഒതുക്കുങ്ങല്‍ സ്വദേശി കുരുണിയന്‍ കുഞ്ഞുട്ടി (പെരുമ്പള്ളി) ആണ് മക്കയില്‍ മരിച്ച മറ്റൊരു ഹാജി. കിംഗ് ഫൈസല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഇന്നലെ രാവിലെയുള്ള വിമാനത്തില്‍ നാട്ടിലേക്കു മടങ്ങേണ്ടതായിരുന്നു. മഅ്ദിന്‍ ഹജ് ഗ്രൂപ്പില്‍ ഹജ് നിര്‍വഹിക്കാന്‍ എത്തിയതായിരുന്നു.

 

Latest News