Sorry, you need to enable JavaScript to visit this website.

നന്മയുടെ കുട നിവർത്തി കൊടൈക്കനാലിലും ഒരു നൗഷാദ് 

ജസ്‌നക്കു നൗഷാദിന്റെ ഭാര്യ നൗഫില വിവാഹ സമ്മാനം കൈമാറുന്നു.

കൽപറ്റ - ദുരിത ബാധിതർക്കിടയിൽ നന്മയുടെ കുട നിവർത്തുകയാണ് തമിഴ്‌നാട്ടിലെ കൊടൈക്കനാലിലേക്കു ജീവിതം പറിച്ചുനാട്ടിയ ബത്തേരി ഓടപ്പള്ളം കരിവങ്ങൽ നൗഷാദ്. 2018 ഓഗസ്റ്റിലെ പ്രളയ കാലത്തു തമിഴ്‌നാട്ടിൽനിന്നു ശേഖരിച്ച രണ്ടു ലോഡ് അവശ്യവസ്തുക്കളുമായി കോട്ടത്തറ പഞ്ചായത്തിലെ വെണ്ണിയോട്ടും സമീപദേശങ്ങളിലും ദുരിതാശ്വാസത്തിനിറങ്ങിയ നൗഷാദ് ഇക്കുറിയും സഹായവുമായി എത്തി. 
വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ദുരിതം വിതച്ച മേപ്പാടി പഞ്ചായത്തിലെ ചൂരൽമല, അട്ടമല പ്രദേശങ്ങളിലായിരുന്നു ഇക്കുറി നൗഷാദിന്റെയും സംഘത്തിന്റെയും ജീവകാരുണ്യ പ്രവർത്തനം. രണ്ടു ലോറി നിറയെ സാധനങ്ങളുമായാണ് നൗഷാദ് ഇത്തവണയും ജില്ലയിലെത്തിയത്. ഇവയുടെ വിതരണം കഴിഞ്ഞു തിരികെ പോയ നൗഷാദ് കഴിഞ്ഞ ദിവസം ഭാര്യ നൗഫിലക്കും മകൻ മുഹമ്മദ് യഹ്‌സാനുമൊപ്പം വീണ്ടും തിരിച്ചെത്തി. മേപ്പാടി പച്ചക്കാട് ഉരുൾപൊട്ടലിൽ കാണാതായ മുത്താറത്തൊടി ഹംസ (62) യുടെ മകളുടെ മകൾ ജസ്‌നയ്ക്കു രണ്ടു പവൻ ആഭരണങ്ങൾ സമ്മാനിക്കാനായിരുന്നു കുടുംബ സമേതമുള്ള വരവ്. ഈ മാസം 25 നാണ് ജസ്‌നയുടെ നിക്കാഹ്. 
സമൂഹിക പ്രവർത്തകൻ ഗഫൂർ വെണ്ണിയോടു മുഖേനയാണ് നൗഷാദ് വിവാഹത്തിനു ഒരുങ്ങുന്ന ജസ്‌നയെക്കുറിച്ചു അറിഞ്ഞത്. ദുരിതാശ്വാസ ക്യാമ്പിൽനിന്നു മടങ്ങിയ ജസ്‌നയും കുടുംബവും കാപ്പംകൊല്ലിയിൽ വാടക വീട്ടിലാണ് താമസം. കഴിഞ്ഞ ദിവസം ഗഫൂർ വെണ്ണിയോട്, പൊതുപ്രവർത്തകരായ ടി.ഹംസ, പി.അഷ്‌റഫ് എന്നിവർക്കൊപ്പമാണ് നൗഷാദും കുടുംബവും ജസ്‌നയുടെ താമസസ്ഥലത്തു എത്തിയത്. നൗഷാദിന്റെ ഭാര്യയാണ് ജസ്‌നയ്ക്കു വിവാഹ സമ്മാനമായി രണ്ടു പവന്റെ ആഭരണം കൈമാറിയത്. 

 

 

Latest News