Sorry, you need to enable JavaScript to visit this website.

ഡിജിറ്റല്‍ ഇന്ത്യയില്‍ കലപ്പ വലിക്കുന്നത് പെണ്‍കുട്ടികള്‍

സെഹോര്‍- കര്‍ഷകര്‍ ദാരിദ്ര്യത്തിലായ മധ്യപ്രദേശില്‍ ഒരു കര്‍ഷകന്റെ കലപ്പ വലിക്കുന്നത് കാളകള്‍ക്കു പകരം സ്വന്തം പെണ്‍മക്കള്‍. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ സ്വന്തം ജില്ലയിലാണ് സംഭവം. രണ്ടു വര്‍ഷമായി 42 കാരനായ കര്‍ഷകന്‍ സര്‍ദാര്‍ ബറേലയുടെ കലപ്പ വലിക്കുന്നത് 13 വയസ്സായ രാധയും ഒമ്പതു വയസ്സായ കുന്തിയുമാണ്. ബസ്തന്‍പുര്‍ പന്‍ഗാരി ഗ്രാമത്തില്‍ കുട്ടികളെ കാളകള്‍ക്ക് പകരം ഉപയോഗിക്കുന്ന വിഡിയോ സമുഹമാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് അധികൃതര്‍ കണ്ണു തുറന്നിട്ടുണ്ട്. കുട്ടികളെക്കൊണ്ട് കലപ്പ വലിക്കരുതെന്ന് ആവശ്യപ്പെടാന്‍ ജില്ലാ ഭരണകൂടം റവന്യൂ അധികൃതരെ ഗ്രാമത്തിലേക്ക് അയച്ചു.
കാളകളെ വാങ്ങാന്‍ മറ്റൊരു വഴിയുമില്ലാത്ത തനിക്ക് കുട്ടികളെക്കൊണ്ട്് അത് ചെയ്യിക്കേണ്ടിവന്നുവെന്നാണ് ബറേല വാര്‍ത്താ ലേഖകരോട് പറഞ്ഞത്. സര്‍ക്കാരിന്റെ ആനുകൂല്യങ്ങളൊന്നും ലഭിക്കാറില്ലെന്നും മക്കളെ സ്‌കൂളില്‍ അയക്കാന്‍ പണമില്ലെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ സര്‍ക്കാര്‍ പദ്ധതികളില്‍നിന്നും ബറേലക്ക് ആനുകൂല്യം ഉറപ്പാക്കുമെന്ന് ജില്ലാ പി.ആര്‍.ഒ ആശിഷ് ശര്‍മ അറിയിച്ചിട്ടുണ്ട്.

Latest News