Sorry, you need to enable JavaScript to visit this website.

പ്രളയത്തിൽ ഒഴുകിപ്പോയത് ശശിയുടെ സ്വപ്‌നങ്ങൾ, പ്രളയാവർത്തനം മത്സ്യകർഷകനെ കടക്കെണിയിലാക്കി

ശശിയുടെ മത്സ്യക്കുളം വെള്ളം കയറി നശിച്ച നിലയിൽ 

കൽപറ്റ-പ്രളയത്തിന്റെ ആവർത്തനം മത്സ്യകർഷകന് കനത്ത പ്രഹരമായി. മത്സ്യക്കൃഷി മുഖ്യ ഉപജീവന മാർഗമാക്കിയ തെക്കുംതറ കൃഷ്ണ വിലാസത്തിൽ ശശിയെയാണ് വെള്ളപ്പൊക്കം പ്രതിസന്ധിയിലാക്കിയത്. 2018 ലെ പ്രളയത്തിൽ ഏകദേശം 17 ലക്ഷം രൂപയുടെ നഷ്ടമാണ് ശശിയുടെ അഞ്ച് ഏക്കർ കൃഷിയിടത്തിൽ ഉണ്ടായത്. ഇക്കുറി 10 ലക്ഷം രൂപക്കു മുകളിലാണ് കൃഷിനാശം. 
വെള്ളപ്പൊക്കത്തിൽ കൃഷിയിടത്തിലെ മത്സ്യക്കുളങ്ങളുടെ അരികുകൾ ഇടിഞ്ഞു. ഹാപ്പ (മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന വല), വലിയ വലകൾ, ജല വിതരണക്കുഴലുകൾ എന്നിവ നശിച്ചു. കുളങ്ങളിൽ വളർത്തിയ കാർപ്, അലങ്കാര മത്സ്യങ്ങൾ നഷ്ടമായി. ബോർഡ് ടെയ്ൻ ഇനത്തിൽപെട്ട 12,000 മത്സ്യങ്ങളെയും 20,000 ഗപ്പി കുഞ്ഞുങ്ങളെയും പ്രളയം കൊണ്ടുപോയി. ജൈൻ ഗൗരാമി അൽബിനോ ഇനത്തിലെ 30 ജോഡികൾ നഷ്ടമായി. ഏകദേശം 4000 രൂപയാണ് ജോഡിക്കു വില. കോയിൽ കാർപ് ഇനത്തിലെ രണ്ടായിരം  മത്സ്യങ്ങളും ഒഴുകിപ്പോയി. 2018 ലെ അനുഭവത്തിന്റെ പശ്ചാത്തലത്തിൽ വെള്ളപ്പൊക്കത്തെ അതിജീവിക്കാൻ കൃഷിയിടത്തിൽ ചില സംവിധാനങ്ങൾ ഏർപ്പെടുത്തിയെങ്കിലും ഫലം ഉണ്ടായില്ല. അരികുകൾ തകർന്നതിനാൽ കുളങ്ങൾ പുനർനിർമിച്ചാലേ ഇനിയും മത്സ്യക്കൃഷി സാധ്യമാകൂ. കുളങ്ങളുടെ പുനർനിർമാണത്തിനു ലക്ഷക്കണക്കിനു രൂപ മുടക്കണം. ഇതു  കടക്കെണിയിലാക്കുമെന്ന ഭയത്തിലാണ് ശശി. ഇപ്പോൾ തന്നെ വിവിധ ബാങ്കുകളിലായി 20 ലക്ഷം രൂപ ബാധ്യതയുണ്ട്. 2004 ലാണ് ശശി മത്സ്യക്കൃഷി ആരംഭിച്ചത്. സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്ത ടൂറിസം പദ്ധതിയിൽ രജിസ്റ്റർ ചെയ്ത ഫാമും ഡോ. എം.എസ്. സ്വാമിനാഥൻ ഫൗണ്ടേഷന്റെ അംഗീകാരമുള്ള ബൊട്ടാണിക്കൽ ഗാർഡനും ശശിയുടെ കൃഷിയിടത്തിന്റെ ഭാഗമാണ്. രണ്ടു പ്രളയങ്ങൾ കഴിഞ്ഞപ്പോഴേക്കും ഇവയും അവതാളത്തിലായി. 
കഴിഞ്ഞ വർഷം നഷ്ടപരിഹാരത്തിനു കൃഷി, ഫിഷറീസ് വകുപ്പുകളെ ശശി സമീപിച്ചെങ്കിലും പ്രത്യേക ഫലം ഉണ്ടായില്ല. മാനദണ്ഡങ്ങൾ അനുസരിച്ച് 20,000 രൂപയുടെ നഷ്ടപരിഹാരമാണ് ഉദ്യോഗസ്ഥർ കണക്കാക്കിയത്. ഉൽപാദന നഷ്ടത്തിനു പരിഹാരം ലഭിച്ചില്ല. 
വെള്ളപ്പൊക്കത്തിൽ ജില്ലയിലെ മത്സ്യക്കർഷകരിൽ ഏറ്റവും കൂടുതൽ നഷ്ടം ഉണ്ടായതു ശശിക്കാണെന്നു വെങ്ങപ്പള്ളി പഞ്ചായത്ത് ഫിഷറീസ് കോ ഓർഡിനേറ്റർ  രാജി പറഞ്ഞു. പഞ്ചായത്തിലെ മത്സ്യക്കൃഷിക്കാരുടെ നഷ്ടം കണക്കാക്കി കോ ഓർഡിനേറ്റർ ഫിഷറീസ് വകുപ്പ് അധികൃതർക്കു റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. 
മികച്ച മത്സ്യ കർഷകൻ എന്ന നിലയിൽ ദേശീയ-സംസ്ഥാന പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുള്ള ശശി തീർത്തും നിരാശനാണ്. പുരസ്‌കാരങ്ങളല്ലാതെ മറ്റൊന്നും തനിക്കു ബാക്കിയില്ലെന്നു അദ്ദേഹം പറയുന്നു. 

Latest News