Sorry, you need to enable JavaScript to visit this website.

അക്രഡിറ്റേഷന്‍: സൗദിയില്‍ വിദേശ എന്‍ജിനീയര്‍മാര്‍ 23 ശതമാനം കുറഞ്ഞു

റിയാദ് - പ്രൊഫഷനൽ അക്രഡിറ്റേഷൻ നിർബന്ധമാക്കിയതിലൂടെ സൗദി കൗൺസിൽ ഓഫ് എൻജിനീയേഴ്‌സ് അംഗത്വം നേടിയ സൗദി എൻജിനീയർമാരുടെ എണ്ണത്തിൽ വൻ വർധന. ഇതോടെ വിദേശ എൻജിനീയർമാരുടെ എണ്ണം കുറഞ്ഞെന്നും കൗൺസിൽ പറഞ്ഞു. 
ഒരു വർഷത്തിനിടെ കൗൺസിൽ അംഗത്വം നേടിയ സൗദി എൻജിനീയർമാരുടെ എണ്ണം 35 ശതമാനം വർധിക്കുകയും വിദേശ എൻജിനീയർമാരുടെ എണ്ണം 23 ശതമാനം കുറയുകയും ചെയ്തു. അഞ്ചു വർഷത്തിൽ കുറവ് പരിചയ സമ്പത്തുള്ള വിദേശ എൻജിനീയർമാരുടെ എണ്ണം വലിയ തോതിൽ കുറയാൻ പ്രൊഫഷനൽ അക്രഡിറ്റേഷൻ സംവിധാനം സഹായിച്ചതായി സൗദി കൗൺസിൽ ഓഫ് എൻജിനീയേഴ്‌സിൽ വക്താവ് എൻജിനീയർ അബ്ദുന്നാസിർ അൽഅബ്ദുല്ലത്തീഫ് പറഞ്ഞു. ഇതോടൊപ്പം സൗദി എൻജിനീയർമാരെ പരിശീലനത്തിലൂടെ പ്രാപ്തരാക്കി മാറ്റുന്നതിനും നടപടികൾ ആരംഭിച്ചു.


സാമ്പത്തിക വികസനത്തിൽ ഫലപ്രദമായ പങ്ക് വഹിക്കാൻ കഴിയുന്ന യോഗ്യരായ എൻജിനീയർമാരെ വാർത്തെടുക്കുന്നതിനും എൻജിനീയർമാർക്ക് സൃഷ്ടി വൈഭവവും നൈപുണ്യവും പ്രകടിപ്പിക്കുന്നതിന് ആകർഷകമായ സാഹചര്യം ഒരുക്കുന്നതിനുമാണ് എൻജിനീയറിംഗ് പ്രൊഫഷൻ പ്രാക്ടീസ് നിയമം നടപ്പാക്കുന്നതിലൂടെ ശ്രമിക്കുന്നത്.
എൻജിനീയറിംഗ് സ്ഥാപനങ്ങൾക്കും സൗദി എൻജിനീയർമാർക്കും പ്രോത്സാഹനങ്ങൾ നൽകുന്നതിനും തുടർച്ചയായ പരിശീലനങ്ങളിലൂടെ സൗദി എൻജിനീയർമാരുടെ മത്സര ശേഷി വർധിപ്പിക്കുന്നതിനും ഇതിലൂടെ ലക്ഷ്യമിടുന്നു.
ഇന്റീരിയർ ഡിസൈനിംഗ്, സിവിൽ എൻജിനീയറിംഗ്, ആർക്കിടെക്ചർ എന്നീ മേഖലകളിലാണ് സൗദി എൻജിനീയർമാർ കൂടുതലായി രജിസ്റ്റർ ചെയ്യുന്നത്. എൻജിനീയറിംഗ് മേഖലയിൽ സ്വദേശികൾക്ക് നവീന തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനാണ് കൗൺസിൽ ശ്രമിക്കുന്നത്. 
പ്രൊഫഷനൽ അക്രഡിറ്റേഷൻ ലഭിക്കാതെ സൗദിയിൽ എൻജിനീയറിംഗ് മേഖലയിൽ പ്രാക്ടീസ് ചെയ്യാൻ സാധിക്കില്ല. വ്യവസ്ഥകൾക്ക് വിധേയമായാണ് പ്രൊഫഷനൽ അക്രഡിറ്റേഷൻ നൽകുന്നത്. ഇതിന് അപേക്ഷകർ സൗദി യൂനിവേഴ്‌സിറ്റികളിൽ നിന്നോ അംഗീകൃത വിദേശ സർവകലാശാലകളിൽ നിന്നോ ബിരുദം നേടിയവർ ആയിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. 
മുമ്പ് കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ടവരാകാനും പാടില്ല. കൂടാതെ തങ്ങൾ സ്‌പെഷ്യലൈസ് ചെയ്ത എൻജിനീയറിംഗ് മേഖലയിൽ സാങ്കേതിക ശേഷി പരീക്ഷ എൻജിനീയർമാർ പാസാകണമെന്നും എൻജിനീയർ അബ്ദുന്നാസർ അൽഅബ്ദുല്ലത്തീഫ് പറഞ്ഞു. 
അഞ്ചു വർഷത്തിൽ കുറവ് പരിചയ സമ്പത്തുള്ള വിദേശ എൻജിനീയർമാരുടെ റിക്രൂട്ട്‌മെന്റ് നിർത്തിവെക്കാൻ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയവും സൗദി കൗൺസിൽ ഓഫ് എൻജിനീയേഴ്‌സും നേരത്തെ കരാർ ഒപ്പുവെച്ചിരുന്നു. 
സൗദിയിലേക്ക് റിക്രൂട്ട് ചെയ്യുന്ന വിദേശ എൻജിനീയർമാർക്ക് സൗദി കൗൺസിൽ ഓഫ് എൻജിനീയേഴ്‌സ് വഴി പ്രൊഫഷനൽ ടെസ്റ്റും അഭിമുഖവും നിർബന്ധമാക്കുന്നതിനും തീരുമാനമുണ്ട്. സൗദിയിലേക്ക് റിക്രൂട്ട് ചെയ്യുന്ന എൻജിനീയർമാർ മതിയായ യോഗ്യതകളും കഴിവുകളുമുള്ളവരാണെന്ന് ഉറപ്പു വരുത്തുന്നതിനാണ് പ്രൊഫഷനൽ ടെസ്റ്റും അഭിമുഖവും അഞ്ചു വർഷത്തിൽ കുറയാത്ത പരിചയ സമ്പത്തും നിർബന്ധമാക്കിയിരിക്കുന്നത്. നേരത്തെ സൗദിയിലേക്ക് റിക്രൂട്ട് ചെയ്യുന്ന വിദേശ എൻജിനീയർമാർക്ക് മൂന്നു വർഷത്തെ പരിചയ സമ്പത്താണ് നിർബന്ധമാക്കിയിരുന്നത്. ഇത് പിന്നീട് അഞ്ചു വർഷമായി ഉയർത്തുകയായിരുന്നു. 
വ്യവസ്ഥകളിൽ ആർക്കും ഇളവ് നൽകില്ലെന്ന് കൗൺസിൽ വ്യക്തമാക്കി. സൗദിയിലേക്ക് റിക്രൂട്ട് ചെയ്യുന്ന എൻജിനീയർമാർക്ക് സമാന മേഖലയിൽ തന്നെയായിരിക്കണം പരിചയ സമ്പത്തുണ്ടാകേണ്ടത്. 
പരിചയ സമ്പത്ത് തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും ഇവർ ഹാജരാക്കണം. എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റ് ശരിയല്ലാത്തതു മൂലം ഉടലെടുക്കുന്ന എല്ലാ പ്രത്യാഘാതങ്ങളും അവരവർ തന്നെ വഹിക്കേണ്ടിവരുമെന്നും സൗദി കൗൺസിൽ ഓഫ് എൻജിനീയേഴ്‌സ് വ്യക്തമാക്കി. 
കഴിഞ്ഞ വർഷാദ്യം മുതൽ അഞ്ചു വർഷത്തിൽ കുറവ് തൊഴിൽ പരിചയമുള്ള വിദേശ എൻജിനീയർമാരുടെ റിക്രൂട്ട്‌മെന്റ് സൗദി അറേബ്യ പൂർണമായും നിർത്തിവെച്ചിട്ടുണ്ട്. കൂടുതൽ സൗദി എൻജിനീയർമാർക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കാനാണിത്. 
സൗദിയിൽ തൊഴിൽ തേടുന്ന വിദേശ എൻജിനീയർമാർക്കുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ സേവനം അടുത്തിടെ പ്രാബല്യത്തിൽ വന്നിട്ടുണ്ട്. 'ഇജ്തിയാസ്' എന്നാണ് പുതിയ സേവനത്തിന് പേരിട്ടിരിക്കുന്നത്. സൗദിയിൽ തൊഴിൽ തേടുന്ന വിദേശ എൻജിനീയർമാർ തൊഴിൽ കരാറുകൾ ഒപ്പുവെക്കുന്നതിനും സൗദിയിലേക്ക് വരുന്നതിനും മുമ്പായി ഓൺലൈൻ സേവനം വഴി സൗദി കൗൺസിൽ ഓഫ് എൻജിനീയേഴ്‌സിൽ രജിസ്റ്റർ ചെയ്യൽ നിർബന്ധമാണ്. 
മതിയായ യോഗ്യതയും കഴിവും പരിചയ സമ്പത്തുമില്ലാത്തവർക്ക് വിസകൾ അനുവദിക്കാതിരിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ നടപ്പാക്കുന്നതിന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, ജവാസാത്ത്, വിദേശ മന്ത്രാലയം, വിദേശങ്ങളിലെ സൗദി എംബസികൾ, കോൺസുലേറ്റുകൾ എന്നിവയുമായി സഹകരിച്ചാണ് സൗദി കൗൺസിൽ ഓഫ് എൻജിനീയേഴ്‌സ് പുതിയ സേവനം ഏർപ്പെടുത്തിയിരിക്കുന്നത്. 

 

Latest News