Sorry, you need to enable JavaScript to visit this website.

സ്മാര്‍ട്ട് കാര്‍ഡ് പരീക്ഷണം വിജയം; അടുത്ത വര്‍ഷം മുഴുവന്‍ വിദേശ ഹാജിമാര്‍ക്കും നല്‍കും

മക്ക - ഹജ്, ഉംറ മന്ത്രാലയം പരീക്ഷണാർഥം നടപ്പാക്കിയ ഹജ് സ്മാർട്ട് കാർഡിന് 100 ഡോളറിലേറെ ചെലവ് വന്നതായി  ബന്ധപ്പെട്ട വൃത്തങ്ങൾ വെളിപ്പെടുത്തി. സ്മാർട്ട് ഹജ് പദ്ധതിയുടെ ഭാഗമായാണ് ഹജ്, ഉംറ മന്ത്രാലയം ഹജ് സ്മാർട്ട് കാർഡ് നടപ്പാക്കുന്നത്. 
വരുന്ന ഏതാനും വർഷങ്ങൾക്കുള്ളിൽ മുഴുവൻ ഹജ് തീർഥാടകർക്കും ഹജ് സ്മാർട്ട് കാർഡ് പദ്ധതി നടപ്പാക്കുന്നതിന് ഉദ്ദേശിക്കുന്നതായി ഹജ്, ഉംറ മന്ത്രാലയം വെളിപ്പെടുത്തിയിട്ടുണ്ട്. ഹജ് തീർഥാടകരുടെ വ്യക്തിപരമായ വിവരങ്ങൾ, ആരോഗ്യ വിവരങ്ങൾ, താമസ സ്ഥലങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ എന്നിവ സ്മാർട്ട് കാർഡിൽ അടങ്ങിയിരിക്കും. സ്മാർട്ട് ഉപകരണങ്ങളിലെ പ്രത്യേക ആപ്പ് വഴി സ്മാർട്ട് കാർഡുകളിലെ വിവരങ്ങൾ റീഡ് ചെയ്യാൻ കഴിയും. നിയർ-ഫീൽഡ് കമ്യൂണിക്കേഷൻ സാങ്കേതിക വിദ്യ വഴി ഹജ് സ്മാർട്ട് കാർഡിനെ സ്മാർട്ട് ഉപകരണങ്ങളുമായി ബന്ധിപ്പിക്കും. 


വഴി തെറ്റുന്ന ഹാജിമാർക്ക് ആവശ്യമായ മാർഗനിർദേശങ്ങൾ നൽകുന്നതിനും തമ്പുകളിലേക്കും മറ്റു സ്ഥാപനങ്ങളിലേക്കുമുള്ള പ്രവേശനം നിയന്ത്രിക്കുന്നതിനും അനധികൃതമായി ഹജ് നിർവഹിക്കുന്ന പ്രവണതക്ക് തടയിടുന്നതിനും ഹജ് സ്മാർട്ട് കാർഡ് പദ്ധതി സഹായിക്കും. വിദേശ തീർഥാടകർക്ക് സേവനം നൽകുന്ന ചില ത്വവാഫ എസ്റ്റാബ്ലിഷ്‌മെന്റുകൾക്കു കീഴിലെ ഹാജിമാർക്കാണ് ആദ്യ ഘട്ടത്തിൽ പരീക്ഷണാർഥം ഈ വർഷം പദ്ധതി  നടപ്പാക്കിയത്. 
ഹജ് തീർഥാടകർ ജംറയിൽ പ്രവേശിക്കുന്ന സമയവും പുറത്തിറങ്ങുന്ന സമയവും ജംറയിൽ ചെലവഴിച്ച സമയവും സ്മാർട്ട് കാർഡ് പദ്ധതി വഴി നിരീക്ഷിച്ചു. തീർഥാടകർ എവിടെയാണുള്ളതെന്ന് വേഗത്തിൽ അറിയുന്നതിനും പദ്ധതി സഹായിക്കും. കൂട്ടം തെറ്റുന്ന പക്ഷം ഹാജിമാരുടെ അടുത്ത് എത്തുന്നതിന് ബന്ധുക്കളെയും പദ്ധതി സഹായിക്കും. 
വരും വർഷങ്ങളിൽ വിദേശങ്ങളിൽ നിന്നുള്ള മുഴുവൻ ഹജ് തീർഥാടകർക്കും പദ്ധതി നടപ്പാക്കും. സൗദിയിൽ പ്രവേശിക്കുന്നതു മുതൽ ഇവരുടെ സ്മാർട്ട് കാർഡുകൾ പ്രവർത്തന ക്ഷമമാകും. 


ഹോട്ടലുകളിൽ പ്രവേശിക്കുന്നതിനും ട്രെയിൻ ഉപയോഗിക്കുന്നതിനും ഹജുമായി ബന്ധപ്പെട്ട മറ്റു സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നതിനും തീർഥാടകർക്ക് സ്മാർട്ട് കാർഡ് മാത്രം മതിയാകും. സ്മാർട്ട് കാർഡുമായി ബന്ധിപ്പിക്കുന്ന ആപ്പ് മൊബൈൽ ഫോണുകളിൽ പ്രവർത്തിക്കുന്നതിനാൽ കൂട്ടം തെറ്റുന്ന തീർഥാടകരെ ആർക്കും സഹായിക്കുന്നതിനും താമസ സ്ഥലങ്ങളിൽ എത്തിക്കുന്നതിനും സാധിക്കും. 


 

Latest News