Sorry, you need to enable JavaScript to visit this website.

ടൂറിസം മേഖലയില്‍ വന്‍ കുതിപ്പിനൊരുങ്ങി സൗദി അറേബ്യ; വര്‍ഷം 10 കോടി ടൂറിസ്റ്റുകള്‍ ലക്ഷ്യം

റിയാദ് - സൗദി അറേബ്യയിലേക്ക് പ്രതിവർഷം പത്തു കോടി ടൂറിസ്റ്റുകളെ ആകർഷിക്കാൻ ലക്ഷ്യമിടുന്നതായി സൗദി കമ്മീഷൻ ഫോർ ടൂറിസം ആന്റ് നാഷണൽ ഹെറിറ്റേജ് പ്രസിഡന്റ് അഹ്മദ് അൽഖതീബ് പറഞ്ഞു. ലോകത്തെ ഏറ്റവും വലിയ അഞ്ചു വിനോദ സഞ്ചാര രാജ്യങ്ങളിൽ ഒന്നായി മാറാനാണ് സൗദി ആഗ്രഹിക്കുന്നത്. ഓരോ വർഷവും രാജ്യത്തെത്തുന്ന വിദേശ വിനോദ സഞ്ചാരികളുടെ എണ്ണം പത്തു കോടിയായി ഉയർത്തുകയാണ് ലക്ഷ്യം.

രാജ്യത്ത് പുതിയ പ്രൊഫഷനൽ സംസ്‌കാരം പ്രചരിപ്പിക്കാനാണ് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ശ്രമിക്കുന്നത്. വ്യത്യസ്ത മേഖലകളിൽ വലിയ മാറ്റങ്ങളുണ്ടാക്കാൻ ഇതിലൂടെ സാധിച്ചു. രാജ്യത്ത് ബ്യൂറോക്രസി കുറയുകയും ഒറ്റസംഘ മനോഭാവം വ്യാപകമാവുകയും ചെയ്തു. ഭരണാധികാരികളുടെ പിന്തുണ ലഭിക്കുന്ന പ്രധാന സാമ്പത്തിക മേഖലയാണ് ടൂറിസം. ഈ മേഖലയിൽ വ്യവസായികൾ വലിയ തോതിൽ നിക്ഷേപങ്ങൾ നടത്തണം. സൗദി സീസൺസ് പദ്ധതി വരുന്ന അഞ്ചു വർഷത്തിനുള്ളിൽ രാജ്യത്ത് വിനോദ സഞ്ചാര വ്യവസായ മേഖലയിൽ വലിയ മാറ്റങ്ങളുണ്ടാക്കും. 


തായിഫിൽ രണ്ടാഴ്ചക്കിടെ ഏഴര ലക്ഷത്തിലേറെ സന്ദർശകർ എത്തി. അറബ് സ്വത്വം ശക്തമാക്കുന്ന ആശയങ്ങളാൽ ഉക്കാദ് സൂഖ് സമ്പന്നമാണ്. നാച്വറൽ ടൂറിസത്തിന് ആവശ്യമായ എല്ലാ ഘടകങ്ങളുമുള്ള തായിഫ് 'അറബ് സമ്മർ റിസോർട്ട്' എന്ന വിശേഷണത്തിന് അർഹമാണ്. നാച്വറൽ ടൂറിസം ഘടകങ്ങൾ സൗദി ടൂറിസം ഭൂപടത്തിൽ പ്രധാന സ്ഥാനം കൈവരിക്കുന്നതിന് തായിഫിനെ യോഗ്യമാക്കുന്നു. സൗദിയിലെ പ്രധാന സീസൺ എന്നോണം തായിഫ് സീസണ് ആസൂത്രണം ആരംഭിച്ചപ്പോൾ തന്നെ ഇക്കാര്യം ബന്ധപ്പെട്ടവരുടെ മനസ്സിലുണ്ടായിരുന്നു. 


വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന കേന്ദ്രമായി തായിഫിനെ പരിവർത്തിപ്പിക്കാൻ കൂടുതൽ നിക്ഷേപങ്ങൾ നടത്താൻ ശ്രമങ്ങൾ തുടരേണ്ടതുണ്ട്. ഈ വർഷം സൂഖ് ഉക്കാദ് ഫെസ്റ്റിവലിൽ വലിയ മാറ്റങ്ങളുണ്ട്. ഫെസ്റ്റിവൽ സന്ദർശകരുടെ എണ്ണം ഇരട്ടിയായി വർധിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങളും ആഹ്ലാദവും ആസ്വാദനവും നൽകുന്ന, സന്ദർശകർക്ക് സമ്പന്നമായ അനുഭവം സമ്മാനിക്കുന്ന കൂടുതൽ പരിപാടികൾ ഈ വർഷം ഫെസ്റ്റിവലിൽ അരങ്ങേറി. അറബികളുടെ പുരാതന സംസ്‌കാരത്തെയും പൈതൃകത്തെയും ഭക്ഷണങ്ങളെയും നാടോടി കലകളെയും സമകാലീന യുഗവുമായി ബന്ധിപ്പിക്കുന്ന പാലങ്ങളാണ് സൂഖ് ഉക്കാദ് ഫെസ്റ്റിവൽ പരിപാടികൾ പണിയുന്നതെന്നും അഹ്മദ് അൽഖതീബ് പറഞ്ഞു.

Latest News