Sorry, you need to enable JavaScript to visit this website.

സൗദി ദേശീയദിനം: നാലു ദിവസം അവധി

റിയാദ് - സൗദി ദേശീയ ദിനത്തിന് ഇക്കുറി നാലു ദിവസം അവധി ലഭിക്കും. ദേശീയ ദിനത്തിന് പുറമെ, ഒരു ദിവസം കൂടി അവധി പ്രഖ്യാപിച്ചതോടെയാണിത്. രണ്ടു അവധികൾക്കിടയിലെ പ്രവൃത്തിദിനം അവധിയായി പരിഗണിക്കുമെന്ന് സിവിൽ സർവീസ് മന്ത്രാലയം വ്യക്തമാക്കി. സൗദി പൗരൻ വലീദ് അൽവുഖൈസി മന്ത്രാലയത്തിന് നൽകിയ മറുപടിയായാണ് മന്ത്രാലയം വിശദീകരണം നൽകിയത്. ഇത്തവണത്തെ ദേശീയദിനം സെപ്റ്റംബർ 23 ന് തിങ്കളാഴ്ചയാണ്. ദേശീയദിനത്തിന് ഒരു ദിവസമാണ് സർക്കാർ, സ്വകാര്യ മേഖലാ ജീവനക്കാർക്ക് അവധി ലഭിക്കുക. എന്നാൽ സർക്കാർ സ്ഥാപനങ്ങൾക്കും ഓഫീസുകൾക്കും വെള്ളിയും ശനിയും വാരാന്ത്യ അവധി ദിവസങ്ങളാണ്. തിങ്കളാഴ്ച ദേശീയദിനാവധിയും. ഇക്കാര്യം കണക്കിലെടുത്താണ് അവധി ദിനങ്ങളായ വെള്ളി, ശനി, തിങ്കൾ ദിവസങ്ങൾക്കിടയിലെ ഞായറാഴ്ച കൂടി അവധി ലഭിക്കുമോയെന്ന് സൗദി പൗരൻ മന്ത്രാലയത്തോട് ആരാഞ്ഞത്. 
രണ്ടു അവധികൾക്കിടയിൽ വരുന്ന പ്രവൃത്തിദിവസം അവധിയായിരിക്കുമെന്ന് ഇതിന് മറുപടിയായി മന്ത്രാലയം വ്യക്തമാക്കി. ഇതനുസരിച്ച് ഇത്തവണത്തെ ദേശീയദിനത്തിന് തുടർച്ചയായി നാലു ദിവസം അവധി ലഭിക്കും. ഇതിൽ വെള്ളിയും ശനിയും വാരാന്ത്യ അവധിയും തിങ്കൾ ദേശീയദിനാവധിയും ഞായർ രണ്ടു അവധികൾക്കിടയിൽ വരുന്ന പ്രവൃത്തിദിനം എന്നോണമുള്ള അവധിയുമായിരിക്കും. സിവിൽ സർവീസ് നിയമം ബാധകമായ സർക്കാർ ജീവനക്കാർക്ക് ആണ് അടുത്ത മാസം മൂന്നാം വാരാന്ത്യത്തിൽ തുടർച്ചയായി നാലു ദിവസം അവധി ലഭിക്കുക.
 

Latest News