മര്‍കസ് അക്കാദമിക സമ്മേളനം മലേഷ്യയില്‍ ആരംഭിച്ചു

മര്‍കസിന്റെ നേതൃത്വത്തില്‍ മലേഷ്യയിലെ നാഷണല്‍ യൂണിവേഴ്‌സിറ്റിയില്‍ സംഘടിപ്പിച്ച അക്കാദമിക സമ്മേളനത്തിനെത്തിയ സംഘത്തെ കോലാലംപൂര്‍ എയര്‍പോര്‍ട്ടില്‍ സ്വീകരിക്കുന്നു

കോലാലംപൂര്‍- മലേഷ്യയിലെ പ്രമുഖ യൂണിവേഴ്‌സിറ്റിയായ നാഷണല്‍ യൂണിവേഴ്‌സിറ്റി  ഓഫ് മലേഷ്യയുമായി സഹകരിച്ചു കോലാലംപൂരില്‍ മര്‍കസ് സംഘടിപ്പിച്ച ദ്വിദിന അന്താരാഷ്ട്ര അക്കാദമിക സമ്മേളനം ആരംഭിച്ചു. അക്കാദമിക സഹകരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നസമ്മേളനത്തില്‍ 'ഇസ്‌ലാമും മുസ്‌ലിം സമൂഹവും' എന്ന ശീര്‍ഷകത്തില്‍  പ്രമുഖര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.
മര്‍കസ് വൈസ് ചാന്‍സലര്‍ ഡോ ഹുസ്സൈന്‍ സഖാഫി ചുള്ളിക്കോട്, മര്‍കസ് അക്കാദമിക പ്രോജക്ട് ഡയറക്ടര്‍ പ്രൊഫ. ഉമര്‍ ഫാറൂഖ് എന്നിവരുടെ  നേതൃത്വത്തിലെത്തിയ സംഘത്തില്‍ മര്‍കസ് എക്‌സാം കോണ്‍ട്രോളര്‍ ഡോ. ഉമറുല്‍ ഫാറൂഖ് സഖാഫി കോട്ടുമല, മുഹമ്മദ് റോഷന്‍ നൂറാനി, ജുനൈദ് സഖാഫി കണ്ണൂര്‍, മുഹമ്മദ് മുഹ്‌സിന്‍ സഖാഫി, സയ്യിദ് ജസീല്‍ കാമില്‍ സഖാഫി എന്നിവരാണുള്ളത്.

ഉദ്ഘാടന സമ്മേളനത്തില്‍  ഡോ. ഫൈസല്‍ മുഹമ്മദ് അധ്യക്ഷത വഹിച്ചു. മലേഷ്യയിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇസ്‌ലാം ഹദാരി ഡയറക്ടര്‍ പ്രൊഫ .ദത്തോ നൂര്‍ ഉദ്ഘാടനം ചെയ്തു. ഡോ ഹുസൈന്‍ സഖാഫി ചുള്ളിക്കോട് മുഖ്യപ്രഭാഷണം നടത്തി.  ലോകത്തെ വിവിധ രാജ്യങ്ങളിലെ മുസ്‌ലിംസമൂഹത്തിന്റെ സമാനതകളെയും വൈജ്ഞാനിക രംഗത്ത് അവര്‍ നടത്തുന്ന വിവിധ യജ്ഞങ്ങളെയും സമ്മേളനം ആഴത്തില്‍ വിശകലനം ചെയ്യും.  സമ്മേളനം ഇന്ന് സമാപിക്കും.  തുടര്‍ന്ന് മര്‍കസും നാഷണല്‍ യൂണിവേഴ്‌സിറ്റിയും തമ്മിലുള്ള അക്കാദമിക സഹകരണത്തെക്കുറിച്ചു ചര്‍ച്ചകള്‍ നടക്കും.

 

 

Latest News