Sorry, you need to enable JavaScript to visit this website.
Sunday , January   24, 2021
Sunday , January   24, 2021

രാജാവിന്റെ അതിഥികളായി എത്തിയ ഹാജിമാരുടെ മടക്കയാത്ര പൂർത്തിയായി

ന്യൂസിലാന്റിലെ ഓക്‌ലാന്റ് പോലീസ് സൂപ്രണ്ട് നൈല ഹസൻ മദീന പ്രിൻസ് മുഹമ്മദ് അന്താരാഷ്ട്ര എയർപോർട്ടിൽ നിന്ന് സ്വദേശത്തേക്ക് മടങ്ങുന്നു. 

 മദീന - തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ അതിഥികളായ ഹജ് തീർഥാടകരുടെ മടക്കയാത്ര പൂർത്തിയായി. ഈ വർഷം 79 രാജ്യങ്ങളിൽ നിന്ന് 6500 പേരാണ് സൽമാൻ രാജാവിന്റെ ആതിഥേയത്വത്തിൽ ഹജ് നിർവഹിച്ചത്. ഹജ് കർമവും മദീന സിയാറത്തും പൂർത്തിയാക്കിയാണ് അതിഥികൾ മടങ്ങിയത്. പ്രയാസരഹിതമായും സമാധാനത്തോടെയും ഹജ് നിർവഹിക്കാൻ അവസരമൊരുക്കി ഏറ്റവും മികച്ച സേവനങ്ങളും പെരുമാറ്റങ്ങളുമാണ് സൗദിയിലെത്തിയതു മുതൽ രാജ്യം വിടുന്നതു വരെ തങ്ങൾക്ക് ലഭിച്ചതെന്ന് തീർഥാടകർ പറഞ്ഞു. 
മക്ക ഉമ്മുൽജൂദ് ഡിസ്ട്രിക്ടിലെ കിസ്‌വ നിർമാണ ഫാക്ടറിയിലേക്കും മദീനയിലെ ചരിത്ര കേന്ദ്രങ്ങളിലേക്കും ഹാജിമാർക്ക് സന്ദർശന യാത്രകൾ സംഘടിപ്പിച്ചിരുന്നു. മദീന കിംഗ് ഫഹദ് മുസ്ഹഫ് പ്രിന്റിംഗ് കോംപ്ലക്‌സിൽ അച്ചടിച്ച വിശുദ്ധ ഖുർആൻ കോപ്പികളും വിവിധ ഭാഷകളിലുള്ള ഖുർആൻ വിവർത്തനങ്ങളും മറ്റു ഉപഹാരങ്ങളും വിതരണം ചെയ്ത് രാജാവിന്റെ അതിഥികളെ കിംഗ് സൽമാൻ ഹജ് പ്രോഗ്രാം അധികൃതർ യാത്രയാക്കി. 
കിംഗ് സൽമാൻ ഹജ് പ്രോഗ്രാമിനെ ന്യൂസിലാന്റിലെ ഏറ്റവും മുതിർന്ന മുസ്‌ലിം പോലീസ് ഉദ്യോഗസ്ഥയും ഓക്‌ലാന്റ് പോലീസ് സൂപ്രണ്ടുമായ നൈല ഹസൻ മുക്തകണ്ഠം പ്രശംസിച്ചു. ആഗോള സമൂഹത്തിൽ സൗദി അറേബ്യ നിർവഹിക്കുന്ന സൃഷ്ടിപരമായ പങ്ക് അടുത്തറിയുന്നതിനും ലോക രാജ്യങ്ങളിൽ നിന്നുള്ള മുസ്‌ലിംകളുമായി ആശയ വിനിമയത്തിന്റെ പാലം പണിയുന്നതിനും കിംഗ് സൽമാൻ ഹജ് പ്രോഗ്രാം തങ്ങൾക്ക് സുവർണാവസരമൊരുക്കി. സൗദി അറേബ്യ മുന്നോട്ടു വെക്കുന്ന സന്ദേശം കിംഗ് സൽമാൻ ഹജ് പ്രോഗ്രാം വഴി തങ്ങളിലും ലോകത്തുമെത്തി. 
ലോക മുസ്‌ലിംകളുടെ സമ്മേളനവും ഐക്യവുമാണ് ഹജിനിടെ കണ്ടത്. ശാന്തമായും സമാധാനത്തോടെയും ഹജ് കർമം നിർവഹിക്കാൻ എല്ലാവർക്കും സാധിച്ചു. ഹജ് സേവന മേഖലയിൽ പ്രവർത്തിക്കുന്നവർ നടത്തുന്ന ശ്രമങ്ങൾ മഹത്തരമാണ്. ലോകത്തെ വിവിധ രാജ്യങ്ങളിൽ നിന്ന് വരുന്ന മുസ്‌ലിംകൾക്കിടയിൽ ഇണക്കമുണ്ടാക്കുന്ന കിംഗ് സൽമാൻ ഹജ് പ്രോഗ്രാം ഏറെ വിശിഷ്ടമാണ്. കിംഗ് സൽമാൻ ഹജ് പ്രോഗ്രാം സംഘാടകരും പ്രവർത്തകരും ഏറ്റവും നല്ല നിലക്കാണ് തങ്ങളോട് പെരുമാറിയത്. ഇതിൽ പറഞ്ഞറിയിക്കാൻ പറ്റാത്തത്ര ആഹ്ലാദവും സന്തോഷവുമുണ്ട്. ഹജ് തീർഥാടകർക്ക് സേവനങ്ങൾ നൽകുന്നതിന് സൗദിയിലുള്ളവർ പരസ്പരം മത്സരിക്കുകയായിരുന്നു. ഇത് ഹജ് കർമം നിർവഹിക്കൽ ഏറെ എളുപ്പമാക്കി. മുസ്‌ലിംകൾക്കിടയിലെ പരസ്പര ഐക്യവും സഹായവും സാഹോദര്യവുമാണ് ഹജ് സേവന മേഖലയിൽ പ്രവർത്തിച്ചവർ വരച്ചു കാണിച്ചതെന്നും നൈല ഹസൻ പറഞ്ഞു. 
'ന്യൂസിലാന്റ് പോലീസ് സൂപ്രണ്ട്' എന്ന ശീർഷകത്തിൽ സൗദി ഗവൺമെന്റ് കമ്യൂണിക്കേഷൻസ് സെന്റർ ഹ്രസ്വ ഫിലിം നിർമിച്ചിരുന്നു. ആദ്യമായി പുണ്യഭൂമിയിലെത്തിയത് മനസ്സിൽ സൃഷ്ടിച്ച വികാരങ്ങളെയും ഹജ് തീർഥാടകർക്ക് സൗദി അറേബ്യ നൽകുന്ന സേവനങ്ങളോടുള്ള തന്റെ മതിപ്പും ഈ ഫിലിമിൽ നൈല ഹസൻ വെളിപ്പെടുത്തിയിരുന്നു. നവമാധ്യമങ്ങൾക്ക് മക്ക ഗവർണറേറ്റ് ഏർപ്പെടുത്തിയ അവാർഡിൽ ഏറ്റവും മികച്ച ഹ്രസ്വ ചിത്രത്തിനുള്ള പുരസ്‌കാരം ഈ ഫിലിമിനാണ് ലഭിച്ചത്. ട്വിറ്ററിലൂടെ പുറത്തുവിട്ട് ആദ്യത്തെ 40 മണിക്കൂറിനകം പത്തു ലക്ഷത്തിലേറെ പേർ ഹ്രസ്വസിനിമ വീക്ഷിച്ചു. എണ്ണായിരത്തിലേറെ പേർ ഇത് റീട്വീറ്റ് ചെയ്തു. ഏഴായിരത്തിലേറെ പേർ ലൈക്കടിച്ചു. സാമൂഹിക മാധ്യമ ഉപയോക്താക്കൾ വലിയ തോതിലാണ് ഹ്രസ്വ സിനിമയുമായി പ്രതികരിച്ചത്. 

Latest News