Sorry, you need to enable JavaScript to visit this website.

ദല്‍ഹിയില്‍ അറസ്റ്റിലായ സ്ത്രീകള്‍ ആളകളുടെ ഡാറ്റക്ക് 50 പൈസ വരെ നല്‍കി

ന്യൂദല്‍ഹി- കുറഞ്ഞ പ്രീമിയിത്തിന് ആരോഗ്യ ഇന്‍ഷുറന്‍സ് വാഗ്ദാനം ചെയ്ത് 350 ലേറെ പേരെ കബളിപ്പിച്ച രണ്ട് സ്ത്രീകള്‍ വ്യക്തികളുടെ വിവരങ്ങള്‍ കരസ്ഥമാക്കിയത് അഞ്ച് മുതല്‍ 50 പൈസ വരെ നല്‍കിയെന്ന് വെളിപ്പെടുത്തല്‍. കാള്‍ സെന്റര്‍ ജീവനക്കാരില്‍നിന്നാണ് ഇവര്‍ ഡാറ്റ വാങ്ങിയിരുന്നതെന്ന് സ്ത്രീകളെ ചോദ്യം ചെയ്ത അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.
സുമന്‍ ലത (34), ജ്യോതി (33) എന്നിവരെ കഴിഞ്ഞയാഴ്ചയാണ് വെസ്റ്റ് ദല്‍ഹിയിലെ വികാസ് പുരിയില്‍നിന്ന് അറസ്റ്റ് ചെയ്തിരുന്നത്. ദല്‍ഹി പോലീസിലെ സൈബര്‍ സെല്‍ ഒരു തട്ടിപ്പ് കാള്‍ സെന്റര്‍ തകര്‍ത്തതിനെ തുടര്‍ന്നായിരുന്നു ഇത്.
നേരത്തെ ഉണ്ടായിരുന്ന ജോലിയില്‍ മെച്ചമില്ലാതായതോടെയാണ് സുമന്‍ ആരോഗ്യ സേവനങ്ങള്‍ വില്‍ക്കുന്ന വ്യാജ വെബ് സൈറ്റ് സ്ഥാപിച്ചത്. നേരത്തെ യുവതി ഹെല്‍ത്ത് കെയര്‍ സര്‍വീസുമായി ബന്ധപ്പെട്ട കാള്‍ സെന്ററിലാണ് ജോലി ചെയ്തിരുന്നത്. അവിടെ വെച്ച് പരിചയമുള്ള ജ്യോതിയും സംഘത്തില്‍ ചേര്‍ന്നുവെന്ന് പോലീസ് കമ്മീഷണര്‍ ദേവേന്ദര്‍ ആര്യ പറഞ്ഞു.
നിരവധി കോള്‍ സെന്ററുകളെ സമീപിച്ച് പണം കൊടുത്ത് ഡാറ്റ വാങ്ങിയതായി സുമന്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. ജീവനക്കാര്‍ ചോര്‍ത്തുന്ന ഡാറ്റകളുടെ വിശദാംശങ്ങള്‍ അനുസരിച്ചാണ് തുക നിശ്ചയിച്ചിരുന്നത്. ആസ്തി, കുടുംബം, ആരെങ്കിലും ചികിത്സ തേടുന്നുണ്ടോ തുടങ്ങിയ വിവരങ്ങളാണ് ശേഖരിച്ചിരുന്നത്. നല്ല വരുമാനമുള്ള ആരുടെയെങ്കിലും ബന്ധു ആശുപത്രിയിലുണ്ടെങ്കില്‍ വിവരങ്ങള്‍ക്ക് 50 പൈസ നല്‍കിയിരുന്നു. മധ്യനിലക്കാരുടെ വിവരങ്ങള്‍ക്ക് 30 പൈസ, അടിസ്ഥാന വിവരങ്ങള്‍ മാത്രമാണെങ്കില്‍ അഞ്ച് പൈസ എന്നിങ്ങനെയാണ് നല്‍കിയിരുന്നതെന്ന് അന്വേഷണ സഘത്തിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

 

Latest News