Sorry, you need to enable JavaScript to visit this website.

മുന്നറിയിപ്പുണ്ടായിട്ടും മഞ്ജുവും സംഘവും ദുരന്തസ്ഥലത്തുനിന്ന് മാറിയില്ലെന്ന് ഹിമാചല്‍ മന്ത്രി

ന്യൂദല്‍ഹി- ഹിമാചല്‍ പ്രദേശില്‍ പ്രളയത്തിനിടെ കുടുങ്ങിയ നടി മഞ്ജു വാര്യര്‍ ഉള്‍പ്പെട്ട മലയാള സിനിമാ സംഘം സുരക്ഷിതര്‍. ഷൂട്ടിംഗ് സംഘം ഛത്രയില്‍ നിന്നു രാത്രിയോടെ മണാലിയില്‍ എത്തുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ അറിയിച്ചു. മഞ്ജു വാര്യര്‍ ഉള്‍പ്പെട്ട സംഘം സുരക്ഷിതരാണെന്ന് ദല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി എ. സമ്പത്തും അറിയിച്ചു.
അതിനിടെ, അപകട മുന്നറയിപ്പ് അവഗണിച്ചും ദുരന്ത സ്ഥലത്ത് തുടര്‍ന്നതാണ് ഷൂട്ടിംഗ് സംഘം പ്രളയത്തില്‍ കുടുങ്ങാന്‍ ഇടയാക്കിയതെന്ന് ഹിമാചല്‍ പ്രദേശ് കൃഷി മന്ത്രി റാം ലാല്‍ മാര്‍ഖണ്ഡേ പറഞ്ഞു.
സനല്‍ കുമാര്‍ ശശിധരന്റെ കയറ്റം എന്ന സിനിമയുടെ ചിത്രീകരണത്തിനായി മൂന്നാഴ്ച മുമ്പാണ് സംഘം ഹിമാചല്‍ പ്രദേശിലെത്തിയത്. ഇവര്‍ ഉള്‍പ്പടെ ഇരുന്നോറോളം പേരാണ് പ്രളയത്തില്‍ കുടുങ്ങിയത്. കനത്ത മഞ്ഞുവീഴ്ചയയേും മഴയേയും തുടര്‍ന്ന്  മുപ്പതംഗ സംഘം പ്രദേശത്ത് കുടങ്ങുകയായിരുന്നു. റോഡ് ഒലിച്ച് പോയതോടെ പുറത്ത് കടക്കാന്‍ കഴിയാതെയായി. വാര്‍ത്താവിനിമയ സംവിധാനങ്ങളും തകരാറിലായി.
ഷൂട്ടിംഗ് സംഘത്തിലെ എല്ലാവരും സുരക്ഷിതരാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍ ദല്‍ഹിയില്‍ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. സംഘത്തിന്റെ സുരക്ഷ ഉറപ്പു വരുത്തുന്നതിനായി ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയുമായും പോലീസ് കമ്മീഷണറുമായും സംസാരിച്ചുവെന്നും എ. സമ്പത്തും അറിയിച്ചു. അതിനിടെ എറണാകുളം എം.പി ഹൈബി ഈഡന്‍ ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് സിംഗ് താക്കൂറിനെ ബന്ധപ്പെട്ടും ഇവരുടെ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കണമെന്ന് അഭ്യര്‍ഥിച്ചിരുന്നു.
മഞ്ജുവും സംഘവും കുടുങ്ങിയ വാര്‍ത്ത സഹോദരന്‍ മധു വാര്യരിലൂടെയാണ് പുറത്തറിഞ്ഞത്. ആശയവിനിമയ സംവിധാനങ്ങളെല്ലാം തകര്‍ന്ന ഛത്രയില്‍നിന്ന് മഞ്ജു സാറ്റലൈറ്റ് ഫോണില്‍ വിളിച്ചാണ് സഹോദരനോട് വിവരം പറഞ്ഞത്. തുടര്‍ന്ന് കേന്ദ്ര മന്ത്രി വി. മുരളീധരന്‍ ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടു വിവരം കൈമാറി. ഇതിനു പിന്നാലെ  ജില്ലാ ഭരണകൂടം ഇവരുമായി ബന്ധപ്പെട്ട് രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിച്ചു. വാര്‍ത്താവിനിമയ ബന്ധങ്ങള്‍ ഇല്ലാത്ത സ്ഥലത്താണ് ഇവര്‍ ഉണ്ടായിരുന്നത്. ബേസ് ക്യാമ്പിലെത്തിയതിന് ശേഷം മാത്രമേ അവരുമായി ബന്ധം സ്ഥാപിക്കാന്‍ കഴിയുകയുള്ളുവെന്നും മന്ത്രി വ്യക്തമാക്കിയരുന്നു.
റോഡ് തകര്‍ന്നതിനാല്‍   കാല്‍നടയായി വേണമായിരുന്നു 22 കിലോമീറ്റര്‍ അകലെയുള്ള ബേസ്‌ക്യാമ്പായ കോക്‌സാറിലെത്താന്‍. അവിടെ നിന്ന് റോഡ് മാര്‍ഗമാണ് സംഘത്തെ മണാലിയിലെത്തിക്കുന്നത്. സിനിമാസംഘം ഉള്‍പ്പടെ 140 പേരാണ് പ്രളയത്തെ തുടര്‍ന്ന് ഛത്രുവില്‍ കുടുങ്ങിയത്. എല്ലാവരേയും രക്ഷപ്പെടുത്തിയതായി ഹിമാചല്‍ പ്രദേശ് സര്‍ക്കാരും വ്യക്തമാക്കി.

 

 

 

Latest News