Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ജിദ്ദ നിവാസികളേ..  അൽഖുവാറിലേക്ക് പോകുന്നില്ലേ? 

നഗരത്തിരക്കിൽനിന്ന് മാറി മനസ്സ് തണുപ്പിക്കാൻ പറ്റിയ ഒരിടം. ഫലവൃക്ഷങ്ങളോട് സല്ലപിക്കാം, തടാകത്തിൽ നീന്തിത്തിമർക്കാം

വ്യത്യസ്തയിനം പനകൾ, പ്ലാവുകൾ, മാവുകൾ, പപ്പായ തുടങ്ങിയ വൃക്ഷങ്ങളും ഇടതൂർന്നു വളരുന്ന സസ്യലതാദികളും അടങ്ങുന്ന പ്രകൃതിഭംഗി ആസ്വദിക്കണമെങ്കിൽ അൽഖുവാർ കാർഷിക ഗ്രാമം നിങ്ങളെ കാത്തിരിക്കുന്നു. കട്ടിയുള്ള ചെടികളെ തഴുകിത്തലോടി വരുന്ന കുളിർമയാർന്ന ഇളം തെന്നൽ അനുഭവിക്കുക, ഒരാൾ പൊക്കത്തിൽ മാത്രം ഉയരമുള്ള മാവിൻ ചില്ലയിലേക്ക് കൈനീട്ടി മാമ്പഴം പറിക്കാനാകുക -ഇതെല്ലാം അൽഖുവാറിൽ യാഥാർഥ്യമാണ്. 


ജിദ്ദ നഗരത്തിൽനിന്ന് 90 കിലോമീറ്റർ അകലെയാണ് അൽഖുവാർ എന്ന തനി നാടൻ പ്രദേശം. അസ്ഫാൻ കഴിഞ്ഞ് 30 കി.മീ കൂടി പോകണം. ഇവിടെയുള്ള മനോഹരമായ തടാകത്തിൽ നീന്തിത്തിമർക്കാൻ അവസരമുണ്ടെന്നതാണ് സന്ദർശകരെ ഈ ഫാം വില്ലേജിലേക്ക് ആകർഷിക്കുന്നത്. 
ഗ്രാമീണതയുടെ സൗന്ദര്യം ആസ്വദിക്കാത്ത പുതുതലമുറക്ക് പരമ്പരാഗത ജീവിത രീതി പരിചയപ്പെടാനും യൗവനം പിന്നിട്ടവർക്ക് ഗൃഹാതുരത്വത്തിന്റെ നോവ് സമ്മാനിക്കാനും അൽഖുവാറിന് കഴിയുമെന്ന് ഒരിക്കലെങ്കിലും ഇവിടം സന്ദർശിച്ചവർ സാക്ഷ്യപ്പെടുത്തും. 


തമിഴ്‌നാട്ടിലെ ഒരു ഉൾനാടൻ ഗ്രാമത്തിൽ എത്തിയ പ്രതീതി അൽഖുവാറിൽ അനുഭവപ്പെട്ടെന്ന് അവിടം സന്ദർശിച്ച ജിദ്ദയിൽ കലാസാംസ്‌കാരിക, ജീവകാരുണ്യ മേഖലകളിൽ സജീവമായ ജിദ്ദാ തമിഴ് സംഘത്തിന്റെ നേതൃത്വ കൂട്ടായ്മ അംഗങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. പ്രവാസത്തിന്റെ തിരിക്കിനിടെ, ശുദ്ധവായു ശ്വസിക്കാൻ സാധിക്കുന്നത് തന്നെ വലിയ സന്തോഷമാണ്. 
അന്യം നിന്നുപോയ കൂട്ടുകുടുംബ ജീവിതം അക്ഷരാർഥത്തിൽ അൽഖുവാർ ഗ്രാമത്തിൽ പുനരാവിഷ്‌കരിക്കുകയായിരുന്നു തങ്ങളെന്നും അവർ പറഞ്ഞു.


വീട്ടിൽ തയാറാക്കിക്കൊണ്ടുവന്ന രുചികരമായ ലഘുഭക്ഷണങ്ങൾ അംഗങ്ങൾ പങ്കിട്ടു. സമയാസമയങ്ങളിൽ ചായ വിതരണം ചെയ്യാൻ സ്ത്രീകൾ മത്സരിക്കുകയായിരുന്നു. ജീവിതത്തിൽ ആദ്യമായി ഒരു കാർഷിക ഗ്രാമത്തിലെത്തിയതിന്റെ ആഹ്ലാദത്തിൽ കുട്ടികൾ ഓടിച്ചാടി കളിച്ചു തിമർത്തു. പ്ലാവും പപ്പായയും പനമരങ്ങളും കാറ്റിൽ ആടുന്നത് ആസ്വദിച്ച് നേരം പോയതറിഞ്ഞില്ലെന്ന് തമിഴ്‌സംഘം പ്രവർത്തകർ പറഞ്ഞു. സുഡാനി കാവൽക്കാരൻ വില്ലേജിലെ പച്ചക്കറി തോട്ടത്തെയും കൃഷിരീതിയെയും കുറിച്ചും അംഗങ്ങളോട് വിവരിച്ചു.

മനം മയക്കുന്ന ഹൃദ്യമായ അന്തരീക്ഷത്തിൽ മരച്ചുവട്ടിലിരുന്ന് വാഴയിലയിൽ ഉച്ചഭക്ഷണം കഴിച്ച് യാത്രാസംഘത്തിലെ ചില അംഗങ്ങളെങ്കിലും ഉച്ച മയക്കത്തിലേക്ക് വഴുതി വീണു. പിന്നീട് തടാകത്തിലിറങ്ങി മനം കുളിർക്കെ വിസ്തരിച്ച് നീന്തിക്കുളിച്ചു. ജിദ്ദയുടെ തിരക്കിൽനിന്ന് മാറി മനസ്സ് തണുപ്പിക്കാൻ പറ്റിയ ഒരിടമാണിത്. 

Latest News