Sorry, you need to enable JavaScript to visit this website.

മായാനഗരം ന്യൂയോർക്ക്

യാത്രാസംഘത്തോടൊപ്പം ലേഖകൻ ന്യൂയോർക്കിൽ.

ലോക സമാധാന സമ്മേളനം ഭംഗിയായി കഴിഞ്ഞപ്പോൾ വല്ലാത്ത അനുഭൂതിയാണ് അനുഭവപ്പെട്ടത്. അമേരിക്കൻ ദൗത്യം വിജയിച്ചതിന്റെ സായൂജ്യവും അവിസ്മരണീയമായ കുറെ നല്ല ഓർമകളും സൗഹൃദവും സമ്മാനിച്ച ധന്യതയും സന്തോഷകരമായിരുന്നു. അമേരിക്കയിലെത്തിയിട്ട് അമേരിക്കയുടെ വാണിജ്യ തലസ്ഥാനമായ ന്യൂയോർക്കും ലോകാത്ഭുങ്ങളിൽപെട്ട സ്റ്റാച്യൂ ഓഫ് ലിബർട്ടിയും കാണാതെ പോകുന്നത് ശരിയല്ലെന്ന് പറഞ്ഞു കൂട്ടുകാർ പിന്നാലെ കൂടി. അങ്ങനെയാണ് ന്യൂയോർക്ക് യാത്രക്ക് അരങ്ങൊരുങ്ങിയത്. 
വാഷിംഗ്ടണിൽനിന്നു ഏകദേശം 300 കിലോമീറ്റർ അകലെയാണ് ന്യൂയോർക്ക്. വിമാന മാർഗം ഒരു മണിക്കൂർ മതി. ബസിൽ നാല് മണിക്കൂറും ട്രെയിനിൽ മൂന്നര മണിക്കൂറും യാത്ര ചെയ്യണം. ട്രെയിനിലോ ബസിലോ യാത്ര ചെയ്യാനുറച്ച് ഞങ്ങൾ ഫോർ ഫ്രന്റ്‌സ് യൂനിയൻ സ്റ്റേഷനിലെത്തി. ഇവിടെനിന്നാണ് ന്യൂയോർക്കിലേക്കുള്ള ടൂറിസ്റ്റ് ബസുകളെല്ലാം പുറപ്പെടുന്നത്. വിവിധ കമ്പനികളുടേതായി നിരവധി ടൂറിസ്റ്റ് ബസുകളാണ് നിത്യവും വാഷിംഗ്ടണിൽനിന്നു ന്യൂയോർക്കിലേക്ക് സർവീസ് നടത്തുന്നത്.  ബസുകളിലൊന്നും ഇടക്ക് കേറാനോ ഇറങ്ങിപ്പോകാനോ സൗകര്യമില്ല. വാഷിംഗ്ടൺ മുതൽ ന്യൂയോർക്ക് വരെയുള്ള യാത്രക്കാർക്ക് മാത്രമേ സൗകര്യപ്പെടുകയുള്ളൂ. 30 ഡോളർ മുതൽ 50 ഡോളർ വരെയാണ് ഒരാൾക്ക് ചാർജ് . 
ഞങ്ങൾ ചെന്ന സമയത്ത് ബസും ട്രെയിനും യാത്രക്ക് റെഡിയായി നിൽക്കുന്നുണ്ടായിരുന്നു. രാവിലെ ആയതിനാൽ സ്‌റ്റേഷനിൽ നല്ല തിരക്ക്. കുറെ പുറംകാഴ്ചകളും കാണാമെന്നതിനാൽ ബസിലാണ് യാത്ര തിരിച്ചത്. അത്യാധുനിക സൗകര്യങ്ങളുള്ള ആഡംബര ബസ്. യാത്ര ആനന്ദകരമായിരുന്നു. ഗൾഫ് നാടുകളെ അപേക്ഷിച്ച് റോഡുകളൊന്നും അത്ര മികച്ചതല്ലെന്നാണ് തോന്നിയത്. എങ്കിലും എല്ലാവരും ട്രാഫിക് നിയമങ്ങൾ കണിശമായി പാലിക്കുന്നതിനാൽ യാത്രയും ഡ്രൈവിംഗുമൊക്കെ സുഖകരമാണ്.
വിശാലമായ നദികളും പാലങ്ങളും റോഡിന് ഇരുവശവുമുള്ള പൊന്തക്കാടുകളുമൊക്കെ  മനോഹരമായിരുന്നു.  ജനവാസമില്ലാത്ത കുറെ പ്രദേശങ്ങൾ കടന്ന് ബസ് ലക്ഷ്യത്തിലേക്ക് കുതിച്ചു. ഏകദേശം ഉച്ചയോടെ ഞങ്ങൾ അബ്രഹാം ലിങ്കൺ ടണലും കടന്ന് ന്യൂയോർക്ക് നഗരത്തിലെത്തി. അംബര ചുംബികളായ കെട്ടിട സമുച്ചയങ്ങളാണ് ന്യൂയോർക്കിലെത്തുന്ന സന്ദർശകരെ ആദ്യം ആകർഷിക്കുക. വിവിധ ഡിസൈനിലുള്ള മനോഹരമായ ഓഫീസ് സമുച്ചയങ്ങളും താമസ കേന്ദ്രങ്ങളും ജനനിബിഢമായ ഈ നഗരത്തിന്റെ സവിശേഷതയാണ്. ലോകത്തെ ഏറ്റവും മികച്ച നഗരങ്ങളുടെ മുൻപന്തിയിലുളള ന്യൂയോർക്ക് സിറ്റി എല്ലാ വിഭാഗം ജനങ്ങളേയും ആകർഷിക്കാൻ പോന്ന സാംസ്‌കാരിക വൈവിധ്യവും പാരമ്പര്യവും കാത്തുസൂക്ഷിക്കുന്ന നഗരമാണ്. 
അമേരിക്കൻ ഐക്യനാടുകളിൽ ന്യൂയോർക്ക് എന്നു തന്നെ പേരുള്ള സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട നഗരമാണിത്. അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവും ജനസംഖ്യയുള്ള നഗരം. ന്യൂയോർക്ക് സംസ്ഥാനത്തിന്റെ തെക്കുഭാഗത്തായാണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. ലോകത്തിന്റെ സാമ്പത്തിക വിനോദ രംഗങ്ങളിലുണ്ടാകുന്ന ഒട്ടുമിക്ക ചലനങ്ങളുടെയും ഉത്ഭവ കേന്ദ്രം ഈ വൻ നഗരമാണെന്നു പറയാം. ആഗോള നഗരമെന്നു വിശേഷിപ്പിക്കാവുന്ന ഇവിടെ 85 ലക്ഷത്തോളം ജനങ്ങൾ വസിക്കുന്നു. ഇന്ത്യയും ചൈനയും യൂറോപ്പുമൊക്കെ ഇടകലർന്ന് കഴിയുന്ന ഈ മഹാനഗരം വൈവിധ്യങ്ങളുടെ സൗന്ദര്യമാണ് ആഘോഷിക്കുന്നത്. പാവപ്പെട്ടവരും പണക്കാരുമൊക്കെ ഒരുപോലെ കഴിയുന്ന ഈ നഗരം കണ്ടുതീരണമെങ്കിൽ ഒരു മാസമെങ്കിലും വേണ്ടിവരുമെന്നാണ് എനിക്ക് തോന്നിയത്. അത്രയധികം വർണ വൈവിധ്യ കാഴ്ചകളാണ് ഈ നഗരം സന്ദർശകർക്ക് മുന്നിൽ തുറന്നു വെക്കുന്നത്. ഒരു ദിവസത്തെ ഓട്ട പ്രദക്ഷിണത്തിൽ ശ്രദ്ധയിൽപെട്ട ഏതാനും കാര്യങ്ങളും നിരീക്ഷണങ്ങളുമാണ് ഇവിടെ പങ്കുവെക്കുന്നത്. 
ഈ നഗരം കേന്ദ്രീകരിച്ചുള്ള വാണിജ്യ, സാമ്പത്തിക, നിയമ, മാധ്യമ പ്രസ്ഥാനങ്ങളും സ്ഥാപനങ്ങളും ലോകമെമ്പാടും സ്വാധീനം ചെലുത്തുന്നു. നൂറുകണക്കിന് പ്രശസ്തമായ കാഴ്ചബംഗ്ലാവുകളും സാംസ്‌കാരിക വേദികളും അവതരണ വേദികളുമുള്ള ഈ നഗരം ലോകത്തിലെ പ്രധാന സാംസ്‌കാരിക കേന്ദ്രങ്ങളിൽ ഒന്നാണ്. അഞ്ച് ഉപനഗരങ്ങൾ കൂടിച്ചേർന്നതാണ് ന്യൂയോർക്ക് നഗരം (ബ്രോങ്ക്‌സ്, ബ്രൂക്ക്‌ലിൻ, മൻഹാട്ടൻ, ക്വീൻസ്, സ്‌റ്റേറ്റൻ ദ്വീപുകൾ) 322 ച. മൈൽ വിസ്തീർണത്തിൽ (830 ച.കി.മീ) 81 ലക്ഷം ജനങ്ങൾ താമസിക്കുന്ന ന്യൂയോർക്ക് നഗരം വടക്കേ അമേരിക്കയിലെ ഏറ്റവും ജനസാന്ദ്രത കൂടിയ നഗരമാണ്. 188 ലക്ഷം ജനങ്ങൾ താമസിക്കുന്ന മെട്രോപോളിറ്റൻ ഭൂവിഭാഗം ലോകത്തിലെ ഏറ്റവും വലിയ നഗര പ്രദേശങ്ങളിൽ നാലാമത്തേതാണ്.
രണ്ടാം ലോകമഹായുദ്ധം മുതൽക്കേ ഈ നഗരം ഒരു പ്രബലമായ ആഗോള വാണിജ്യ കേന്ദ്രമായിരുന്നു. (വിഷ്വൽ ആർട്ടിലെ) ഹാർലെം നവോത്ഥാനം, ചിത്രകലയിലെ അമൂർത്ത (അബ്‌സ്ട്രക്റ്റ്) എക്‌സ്പ്രഷനിസം, ഹിപ്പ് ഹോപ്പ് സംഗീതം തുടങ്ങിയ പല സാംസ്‌കാരിക മുന്നേറ്റങ്ങളുടെയും ജന്മസ്ഥലം ന്യൂയോർക്ക് നഗരം ആയിരുന്നു. ഡച്ച് കുടിയേറ്റക്കാർ 1625 ൽ ആണ് ഈ നഗരം സ്ഥാപിച്ചത്. അന്നു മുതൽ നഗരത്തിലേക്കുള്ള കുടിയേറ്റക്കാരുടെ പ്രവാഹം ഈ നഗരത്തിന്റെ സാംസ്‌കാരിക ജീവിതത്തെ സജീവമാക്കി. 2005ൽ ഈ നഗരത്തിലെ ജനസംഖ്യയുടെ 36 ശതമാനവും വിദേശത്തു ജനിച്ചവരായിരുന്നു. ഏകദേശം 170 വിവിധ ഭാഷകൾ സംസാരിക്കുന്ന ജനങ്ങൾ 2005ൽ ന്യൂയോർക്കിൽ ഉണ്ടെന്നാണ് കണക്ക്.
നേരം വെളുക്കുന്നതോടെ തന്നെ ന്യൂയോർക്ക് നഗരം സജീവമാകുന്നു. വൻകിട വ്യാപാര സമുച്ചയങ്ങളും ടൂറിസ്റ്റു കേന്ദ്രങ്ങളുമൊക്കെ ആഗോളവൽക്കരണത്തിന്റെ എല്ലാ സ്വഭാവങ്ങളും പ്രതിധ്വനിപ്പിക്കുന്നു. ഏവരേയും കൊതിപ്പിക്കുന്ന നഗരമാണ് ന്യൂയോർക്ക് എന്ന് കുറഞ്ഞ സമയം കൊണ്ട് തന്നെ മനസ്സിലായി. സബ്‌വേ എന്നറിയപ്പെടുന്ന അണ്ടർ ഗ്രൗണ്ട് ട്രെയിനുകളാണ് ന്യൂയോർക്കിലെ ഏറ്റവും സൗകര്യപ്രദമായ യാത്രാ സംവിധാനം. ടാക്‌സി കാറുകളും ബസ് സർവീസും ധാരാളമുണ്ട്.  നഗരത്തിന്റെ തിക്കിലും തിരക്കിലും വീർപ്പുമുട്ടുമ്പോഴും ധന്യമായ മരക്കൂട്ടങ്ങൾ ശുദ്ധവായു പ്രസരിപ്പിക്കുന്നത് ഏറെ ആശ്വാസകരമാണ്. 


ലോകത്തിന്റെ സാമ്പത്തിക വിനിമയങ്ങളും നിലവാരവും നിർണയിക്കുന്ന വാൾ സ്ട്രീറ്റും ന്യൂയോർക്ക് സ്‌റ്റോക് എക്‌സ്‌ചേഞ്ചുമൊക്കെ സാമ്പത്തികവും സാംസ്‌കാരികവുമായ നിരവധി പ്രവർത്തനങ്ങളുടെ പ്രഭവ കേന്ദ്രമാണ്. റോഡ് ഐലൻഡ്, മസാച്യുസെറ്റ്‌സ്, കണക്റ്റിക്കട്ട്, വെർമോണ്ട്, പെൻസിൽവാനിയ എന്നിവയും കാനഡയിലെ സംസ്ഥാനങ്ങളായ ക്യുബെക്, ഒണ്ടേറിയോ എന്നിവയും അയൽ സംസ്ഥാനങ്ങളാണ്. നയാഗ്ര വെള്ളച്ചാട്ടം ന്യൂയോർക്കിന്റെയും ഒണ്ടേറിയോ സംസ്ഥാനത്തിന്റെയും അതിർത്തിയിലാണ് സ്ഥിതിചെയ്യുന്നത്. നിരവധി ദ്വീപുകളുള്ളതിനാൽ ദ്വീപുകളുടെ നഗരമെന്നും ന്യൂയോർക്കിനെ വിശേഷിപ്പിക്കാമെന്ന്  പറയപ്പെടുന്നു. ഏകദേശം 42 ദ്വീപുകൾ ഈ നഗരത്തിന്റെ ഭാഗമായുണ്ടെന്നാണ് കണക്ക്. 
ന്യൂയോർക്കിലെ മിഡ് ടൗൺ മൻഹാട്ടനിലെ എംപയർ സ്റ്റേറ്റ് ബിൽഡിംഗ് കരകൗശല വിദ്യയിലും നിർമാണ ഭംഗിയിലും മാത്രമല്ല വലിപ്പത്തിലും നിത്യ വിസ്മയമാണ്. കഴിഞ്ഞ നൂറ്റാണ്ടിൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമെന്ന സ്ഥാനം വരെ നേടിയ ഈ കെട്ടിടം ഇന്നും കൗതുകവും വിസ്മയവുമാണ് സന്ദർശകർക്ക് സമ്മാനിക്കുക. 1931 ൽ പണി പൂർത്തിയാക്കിയ, 1454 അടി ഉയരമുള്ള, 102 നിലകളുള്ള ഈ മനോഹര കെട്ടിടം 40 വർഷത്തോളം ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ബിൽഡിംഗായിരുന്നു. 3400 ജോലിക്കാർ 410 ദിവസം ജോലി ചെയ്താണ് ഈ കെട്ടിടം പൂർത്തിയാക്കിയതെന്നാണ് പറയപ്പെടുന്നത്. 
രാവിലെ എട്ട് മണി മുതൽ ഉച്ചക്ക് രണ്ട് മണി വരെ 86 ാം നിലയിലെ ഒബ്‌സർവേറ്ററി തുറക്കും. 21 ഡോളർ ടിക്കറ്റെടുത്താൽ ഈ നിലയിൽ കയറി ന്യൂയോർക്ക് നഗരത്തിന്റെ വിഹഗവീക്ഷണം നടത്താം. 102 ാം നിലയിൽ പോകണമെങ്കിൽ 37 ഡോളർ വേണം. 70 ലധികം ഹൈ സ്പീഡ് ലിഫ്റ്റുകളാണ് ഇവിടെയുള്ളത്. 
1970 ൽ വേൾഡ് ട്രേഡ് സെന്ററിന്റെ നോർത്ത് ടവർ പൂർത്തിയായതോടെയാണ് എംപയർ സ്റ്റേറ്റ് ബിൽഡിംഗ് രണ്ടാം സ്ഥാനത്തെത്തിയത്. 2001 ലെ ഭീകരാക്രമണത്തിൽ വേൾഡ് ട്രേഡ് സെന്റർ തകർന്നതോടെ വീണ്ടും എംപയർ സ്റ്റേറ്റ് ബിൽഡിംഗ് മുന്നിലെത്തി. 2012 ൽ 1776 അടി ഉയരത്തിൽ പുതിയ വേൾഡ് ട്രേഡ് സെന്റർ ഉയർന്നതോടെ എംപയർ സ്റ്റേറ്റ് ബിൽഡിംഗ് വീണ്ടും പിന്നിലായെങ്കിലും 88 വർഷം മുമ്പ് പണിതീർത്ത ഈ കെട്ടിട സമുച്ചയം ഇന്നും സന്ദർശകരെ ആകർഷിക്കുന്ന പ്രധാന കേന്ദ്രമാണ്.  ബാങ്ക് ഓഫ് അമേരിക്ക, ക്രൈസഌ ബിൽഡിംഗ്, ന്യൂയോർക്ക് ടാംസ് ബിൽഡിംഗ് എന്നിവയാണ് ന്യൂയോർക്കിലെ ഉയരം കൂടിയ മറ്റു കെട്ടിടങ്ങൾ. 
ന്യൂയോർക്ക് നഗരത്തിലെ ഏറ്റവും സുന്ദരമായ കാഴ്ച ഹഡ്‌സൺ നദിക്കപ്പുറം ഹാമിൽട്ടൻ പാർക്കിൽനിന്നുള്ളതാണെന്ന് ടൂറിസ്റ്റ് ഗൈഡ് വിശദീകരിച്ചതോർക്കുന്നു. ന്യൂയോർക്ക് നഗരത്തിന്റെ മനോഹരമായ കാഴ്ചകൾ പകർത്താനായി മാത്രം ആയിരക്കണക്കിന് സന്ദർശകർ അവിടെ വരാറുണ്ടത്രേ. ന്യൂ ജഴ്‌സിയേയും ന്യൂയോർക്ക് നഗരത്തേയും വേർതിരിക്കുന്നത് ഹഡ്‌സൺ നദിയാണ്. സർഗാത്മകത, സംരംഭകത്വം, സാമൂഹിക സഹിഷ്ണുത, പരിസ്ഥിതി സുസ്ഥിരത തുടങ്ങി നിരവധി വിശേഷങ്ങളുടെ കേന്ദ്ര ബിന്ദുവായ ഈ നഗരം ലോകത്ത് ഏറ്റവും കൂടുതൽ സന്ദർശകരെ ആകർഷിക്കുന്ന നരഗങ്ങളുടെ മുൻനിരയിൽ സ്ഥാനമുറപ്പിക്കുന്നതിൽ അദ്ഭുതപ്പെടാനില്ല. 

Latest News