Sorry, you need to enable JavaScript to visit this website.

രാജ്യം രാജീവിനെ സ്മരിക്കുമ്പോൾ

'അനുഭവ സമ്പത്തു കൊണ്ടും പാരമ്പര്യം കൊണ്ടും പക്വതയെത്തിയ രാഷ്ട്രമാണ് ഇന്ത്യ. ഒരു സ്വതന്ത്ര രാജ്യം എന്ന നിലയിൽ ഇപ്പോഴത് അതിന്റെ യൗവനത്തിലൂടെ കടന്നുപോകുന്നു. ലോകത്ത് എല്ലായിടത്തും യൗവനം ക്ഷുഭിതമായിരിക്കും എന്നതു പോലെ തന്നെ എന്റെ രാജ്യവും അക്ഷമയിലാണ്. യുവാവായ എനിക്കും എന്റെ രാജ്യത്തെക്കുറിച്ചു ചില സ്വപ്‌നങ്ങളുണ്ട്. അത് മറ്റെന്തിനേക്കാൾ ശക്തവും കെട്ടുറപ്പുള്ളതും സ്വതന്ത്രവും സ്വയംപര്യാപ്തവുമായിരിക്കെത്തന്നെ പൗരസേവനത്തിൽ ലോക രാഷ്ട്രങ്ങളുടെ മുൻനിരയിൽ എത്തണമെന്ന് സ്വപ്‌നം കാണുന്നു. അർപ്പണ ബോധത്തോടു കൂടി  കഠിനാധ്വാനം ചെയ്യുന്ന ഒരു കൂട്ടം ആളുകളുടെ കൂട്ടായ പരിശ്രമത്തിലൂടെ ആ സ്വപ്‌നം സാക്ഷാത്കരിക്കാൻ ഞാൻ ബാധ്യസ്ഥനാണ്.'
1984 ഡിസംബറിൽ ഇന്ത്യയുടെ ആറാമത്തെ പ്രധാനമന്ത്രിയായി രാജീവ് ഗാന്ധി അധികാരത്തിലേറിയപ്പോൾ സത്യപ്രതിജ്ഞാ ഹാളിൽ മുഴങ്ങിക്കേട്ട വാക്കുകളാണിവ. ഒരു രാജ്യത്തിന്റെ യൗവന കാലത്ത് ആ ജനതക്കു വേണ്ടി ഒരു വലിയ സ്വപ്‌നം പങ്കുവെച്ചുകൊണ്ടാണ് യുവാവായ രാജീവ് അതുവരെയുള്ള പ്രധാനമന്ത്രിമാരിൽനിന്നും തികച്ചും വ്യത്യസ്തമായി രാജ്യത്തെ നയിച്ചത്. പരിപൂർണമായും കൃഷിയെ മാത്രം ആശ്രയിച്ചു മുന്നോട്ടു പോയിരുന്ന ഒരു രാജ്യത്ത് വിദ്യാഭ്യാസ, ആരോഗ്യ, സാങ്കേതിക വിപ്ലവങ്ങൾക്ക് നാന്ദി കുറിച്ച ടെക്കിപൊളിറ്റിഷനായിരുന്നു രാജീവ് ഗാന്ധി. രാഷ്ട്രീയ പ്രവേശനത്തിന് മുമ്പ് വൈമാനികനായിരുന്ന അദ്ദേഹം മുഖസ്തുതികളിൽ വീണുപോകാതെ തന്നിലർപ്പിതമായ കർത്തവ്യം കൃത്യനിഷ്ഠയോടു കൂടി നിർവഹിച്ചു. 
രാജ്യത്തിന്റെ സമഗ്ര പുരോഗതിക്കായി സാങ്കേതിക വിദ്യയിലൂന്നിയ ആധുനികവത്കരണത്തിനും ജനാധിപത്യ വ്യവസ്ഥ കൂടുതൽ ശക്തിപ്പെടുത്താൻ തക്കവണ്ണം അധികാര കേന്ദ്രങ്ങളിലെ ഉദാരവൽക്കരണത്തിനും അന്നുവരെ നിലവിലില്ലാതിരുന്ന വാക്‌സിനേഷൻ യജ്ഞത്തിനും ചുക്കാൻ പിടിച്ച ഭരണാധികാരിയായിരുന്നു രാജീവ്. യന്ത്രങ്ങളും സാങ്കേതിക വിദ്യയും രാജ്യത്തിന്റെ ത്വരിത വളർച്ചക്ക് അത്യന്താപേക്ഷിതമാണെന്ന ദീർഘവീക്ഷണത്തിൽ സാം പിട്രോഡ എന്ന ടെക്‌നോക്രാറ്റിന്റെ പരിപൂർണ സേവനം ഉപയോഗപ്പെടുത്തിയ പുരോഗമനവാദിയായ രാഷ്ട്രീയക്കാരൻ. നൂറു കോടി ജനങ്ങളും ഭൂപ്രദേശത്തിന്റെ ഭൂരിഭാഗവും ഗ്രാമങ്ങളും കൃഷി മാത്രം വരുമാന മാർഗവുമായ ഒരു ജനതക്ക് ടെലിഫോണും കംപ്യൂട്ടറുമടക്കമുള്ള ശാസ്ത്ര നേട്ടങ്ങൾ അവർക്കിണങ്ങുന്ന രീതിയിൽ പരിചയപ്പെടുത്തുക വഴി ഇന്ത്യയെ ഒരു വൻ സാങ്കേതിക സാമ്പത്തിക സാമൂഹിക വിപ്ലവത്തിലേക്ക് അദ്ദേഹം കൈപിടിച്ചുയർത്തി. 
അക്കാലത്ത് സമ്പന്നർക്കുമാത്രം പ്രാപ്യമായിരുന്ന ടെലിഫോൺ ഇന്ത്യയിൽ സാധാരണക്കാരുടെ ഉപജീവനത്തിനുള്ള മാർഗമായിട്ടാണ് അവതരിപ്പിക്കപ്പെട്ടത്. ഇന്ത്യയിലെ 60,000 ത്തിലധികം ഗ്രാമങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് ഇഉഛഠ തലവനായിരുന്ന സാം പിട്രോഡയുടെ പദ്ധതികൾക്ക് രാജീവ് ഗാന്ധി നിരുപാധിക പിന്തുണ നൽകി. സാധാരണയിൽ നിന്നും വ്യത്യസ്തമായി ഗ്രാമങ്ങളിൽ ഫോൺ കണക്ഷന് വേണ്ടി അപേക്ഷിച്ച സമ്പന്നർക്ക് പകരം അവിടെയുള്ള വികലാംഗർക്കും സ്ത്രീകൾക്കും മുൻഗണന നൽകിക്കൊണ്ട് ചായക്കടയുടെയും മറ്റും ഓരങ്ങളിൽ മഞ്ഞനിറത്തിൽ ചായം പൂശിയ ടെലിഫോൺ ബൂത്തുകൾ സ്ഥാപിക്കപ്പെട്ടു. അവ പിന്നീട് ചെറിയ സ്റ്റേഷനറി കടകളും കൂൾ ബാറുകളും ഒക്കെയായി വളർന്ന് ആയിരക്കണക്കിന് കുടുംബങ്ങൾക്ക് ജീവനോപാധിയായി മാറി. ഗ്രാമങ്ങൾ തമ്മിലുള്ള ദൈർഘ്യം കുറഞ്ഞു. കർഷകർ തങ്ങളുടെ വിളകൾക്ക് വിലയന്വേഷിച്ചു കച്ചവടം നടത്തിത്തുടങ്ങി. ആതുര സേവന രംഗത്തും ഓഫീസുകളിലും ബാങ്കുകളിലും എന്ന് വേണ്ട സർവ മാനവ വ്യവഹാര കേന്ദ്രങ്ങളിലും ടെലികോം കംപ്യൂട്ടർ വിപ്ലവവും തുടങ്ങുകയായിരുന്നു. ചരക്കുഗതാഗത- വാർത്താവിനിമയ- ഉൽപാദന- മെഡിക്കൽ രംഗങ്ങളിലുണ്ടായ അനിതര സാധാരണമായ ഗതികോർജത്തിൽ രാജ്യം പെട്ടെന്നു തന്നെ മുന്നോട്ടു കുതിച്ചു.
അതുവരെ എംപ്ലോയ്‌മെന്റ് ഓഫീസിൽ പേര് രജിസ്റ്റർ ചെയ്തു ജോലി കാത്തിരുന്ന ഉദ്യോഗാർഥികൾക്കും ജന്മിമാരുടെ അടിയാളന്മാരായി ജീവിതം ഹോമിച്ചു തീർത്ത കർഷക സമൂഹത്തിനും സ്വയം പര്യാപ്തതയുടെ അനുഭൂതി പകർന്നു നൽകുന്നതായിരുന്നു ഈ കാലഘട്ടം. ഐ.ടി ടെലികോം സാങ്കേതിക വിദ്യ ജനകീയവൽക്കരിച്ചതിലൂടെ പൗരസേവനം ഉറപ്പാക്കുന്ന ലോകരാജ്യങ്ങളുടെ പട്ടികയിൽ മുൻനിരയിലേക്ക് ഇന്ത്യ ചുവടുവെയ്ക്കുകയായിരുന്നു. ഇന്ന് 130 കോടി ജനങ്ങളുള്ള ഇന്ത്യയിലെ 82 കോടി പേരും ടെലിഫോൺ/ മൊബൈൽ വഴി പരസ്പരം ബന്ധിപ്പിക്കപ്പെട്ട നിലയിൽ എത്തി നിൽക്കുന്നു. 
സാങ്കേതിക വിദ്യ വളരുകയാണ്. ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് ഉപയോഗപ്പെടുത്തി ലോകം മുന്നോട്ട് കുതിച്ചുകൊണ്ടിരിക്കുന്നു. സൗദി അറേബ്യ പോലുള്ള രാജ്യങ്ങൾ തങ്ങളുടെ മരുഭൂമിയിൽ ദാവോസ് പോലുള്ള നഗരങ്ങളെ വെല്ലുന്ന സാങ്കേതികത്തികവോടു കൂടിയ മഹാനഗരങ്ങളെ പടുത്തുയർത്തുന്നു. എന്നാൽ കഴിഞ്ഞ കുറെ വർഷങ്ങളായി ഇന്ത്യയെ നയിക്കുന്നത് തങ്ങളുടെ കയ്യിലുള്ള താളിയോല ഗ്രന്ഥങ്ങളിൽ ലോകത്തെ എല്ലാ സത്യങ്ങളും ഒളിഞ്ഞിരിപ്പുണ്ടെന്നു വിശ്വസിക്കുന്ന അതിതീവ്ര ദേശീയ വാദികളാണ്. ഈ വിശ്വാസവുമായി ഇക്കൂട്ടർ രാജ്യഭരണം കയ്യാളുമ്പോൾ ഓരോ നിമിഷവും ഭാരതം ഓരോ ഇഞ്ചു വീതം പിറകോട്ടു പോയിക്കൊണ്ടിരിക്കുന്നു എന്നതാണ് വസ്തുത. പുറത്തു വരുന്ന സൂചനകളും സൂചികകളും പറയുന്നത് നമ്മുടെ രാജ്യം വ്യവസായ, തൊഴിൽ മേഖലകളിൽ പിന്നോക്കം പോകുന്നു എന്നാണ്. പുതിയ സർക്കാർ അവതരിപ്പിച്ച ഇടക്കാല ബജറ്റ് അടക്കം നൽകുന്ന സൂചന ആശാവഹമല്ല. ഇതിന്റെ തുടർച്ചയെന്നോണം രാജ്യത്തെ സാമൂഹിക അന്തരീക്ഷവും അസ്വസ്ഥമായിക്കൊണ്ടിരിക്കുന്നു. പാർലമെന്റിന്റെ ഓരോ സെഷനിലും പൗരാവകാശവും അഭിപ്രായ സ്വാതന്ത്യവും ഹനിക്കുന്ന തരത്തിൽ നിയമങ്ങൾ മാറ്റിമറിക്കപ്പെടുന്നു. ഇത്തരം സാഹചര്യങ്ങളിലാണ് യശശ്ശരീരനായ രാജീവ്ഗാന്ധിയുടെ ദീർഘവീക്ഷണവും ഗ്രാമീണ ജനങ്ങളോടുള്ള പ്രതിബദ്ധതയും അദ്ദേഹത്തിന്റെ 75 ാം ജന്മദിനത്തിലും സ്മരണീയമാവുന്നത്.  

Latest News