ഫറൂഖാബാദ്- യു.പിയിലെ ആശുപത്രിയിൽ എല്ലാവരും നോക്കിനിൽക്കെ യുവതി വരാന്തയിൽ പ്രസവിച്ചു. പടിഞ്ഞാറൻ യു.പിയിലെ ഫറൂഖാബാദിലെ ഏക സർക്കാർ സ്പെഷ്യലൈസ്ഡ് ആശുപത്രിയിയായ രാം മനോഹർ ലോഹ്യ ആശുപത്രിയിലാണ് സംഭവം. ആശുപത്രിയിൽ കിടക്ക ഒഴിവില്ലെന്ന് പറഞ്ഞ് ഡോക്ടർമാരും നഴ്സുമാരും കയ്യൊഴിഞ്ഞതിനെ തുടർന്നാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്.

ആശുപത്രി വരാന്തയിൽ കിടക്കുന്ന യുവതിയുടെ ചുറ്റിലും രക്തം തളംകെട്ടിനിൽക്കുന്ന തരത്തിലുള്ള വീഡിയോ ദൃശ്യം പുറത്തുവന്നു. അൽപം കഴിഞ്ഞ ശേഷം മറ്റൊരു സ്ത്രീ എത്തി യുവതി പ്രസവിച്ച കുഞ്ഞിനെ എടുക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ആശുപത്രി അധികൃതർക്കെതിരെ സ്വമേധയാ കേസെടുത്തതായി ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചു. സംഭവത്തിന് പിന്നിലെ യാഥാർത്ഥ്യം അന്വേഷിച്ചുവരികയാണെന്നും കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മജിസ്ട്രേറ്റ് മോനിക റാണി അറിയിച്ചു. ഗോരഖ്പൂരിൽ ഓക്സിജൻ കിട്ടാതെ 49 കുട്ടികൾ മരിച്ച സമയത്തും ഇതേ ആശുപത്രി വാർത്തകളിൽ നിറഞ്ഞിരുന്നു. ഈ ആശുപത്രിയിലും അന്ന് കുട്ടികൾ മരിച്ചുവെന്നായിരുന്നു വാർത്തകളുണ്ടായത്.






