Sorry, you need to enable JavaScript to visit this website.

സാക്കിർ നായിക്കിന് തിരിച്ചടി; ഇനി മലേഷ്യയിൽ പ്രസംഗിക്കാനാകില്ല

ക്വാലാലംപൂർ- മലേഷ്യയിൽ ഹിന്ദുക്കൾക്കെതിരായ പരാമർശത്തിന്റെ പേരിൽ മതപ്രഭാഷകൻ സാക്കിർ നായിക്കിന്റെ പ്രസംഗങ്ങൾക്ക് മലേഷ്യൻ സർക്കാർ വിലക്കേർപ്പെടുത്തി. മലേഷ്യയിലെ ഒരിടത്തും ഇനി സാക്കിർ നായിക്കിന് പ്രസംഗിക്കാനാവില്ല. പത്ത് മണിക്കൂറിലേറെ നേരം പോലീസ് ചോദ്യം ചെയ്തതിന് പിന്നാലെയാണ് നടപടി. മലേഷ്യയിലെ മെലാക്ക പ്രവിശ്യയിലും ജോഹോർ, സെലങ്കൂർ, പെനാംഗ്, കേഡ, പെർലിസ്, സരാവക് എന്നിവിടങ്ങളിൽ നേരത്തെ തന്നെ നായികിന്റെ മതപ്രഭാഷണത്തിന് വിലക്കുണ്ട്. 
രാജ്യസുരക്ഷയുടെ ഭാഗമായാണ് നടപടിയെന്ന് ദ റോയൽ മലേഷ്യ പോലീസ് കമ്യണിക്കേഷൻ തലവൻ ദതുക് അസ്മാവതി പറഞ്ഞു. ഈ നിർദ്ദേശം മുഴുവൻ പോലീസ് സ്‌റ്റേഷനുകൾക്കും നൽകിയിട്ടുണ്ട്. രാജ്യസുരക്ഷയ്ക്കും വംശീയ ഐക്യം സംരക്ഷിക്കാനും വേണ്ടിയാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
ഓഗസ്റ്റ് മൂന്നിന് മലേഷ്യയിലെ കോട്ട ബാരുവിൽ നടത്തിയ പ്രഭാഷണത്തിനിടെയാണ് ഹിന്ദുക്കൾക്കും ചൈനീസ് വംശജർക്കുമെതിരേ സാക്കിർ നായിക്ക് വംശീയ പരാമർശം നടത്തിയത്.
'പഴയ അതിഥി'കളായ മലേഷ്യയിലെ ചൈനീസ് വംശജർ ഉടൻ രാജ്യംവിടണമെന്നും ഇന്ത്യയിലെ മുസ്‌ലിങ്ങൾക്കുള്ളതിനെക്കാൾ നൂറിരട്ടി അവകാശങ്ങളാണ് മലേഷ്യയിലെ ഹിന്ദുക്കൾക്കുള്ളതെന്നുമായിരുന്നു നായിക്കിന്റെ വിവാദപരാമർശം.സാക്കിർ നായിക്കിന്റെ പരാമർശനത്തിനെതിരെ മലേഷ്യൻ പ്രധാനമന്ത്രി മഹാതിർ മുഹമ്മദ് അടക്കം രംഗത്തെത്തിയിരുന്നു.
വംശീയരാഷ്ട്രീയം കളിക്കാനാണ് സാക്കിർ നായിക്ക് ആഗ്രഹിക്കുന്നുവെന്ന് വ്യക്തമാക്കുന്ന പരാമർശമാണ് ഇതെന്നായിരുന്നു മഹാതിർ മുഹമ്മദ് പറഞ്ഞത്.
വംശീയവികാരങ്ങളെ ആളിക്കത്തിക്കാനാണ് നായിക്ക് ശ്രമിക്കുന്നത്. മതപ്രസംഗം നടത്താനുള്ള അവകാശം നായിക്കിനുണ്ട്. എന്നാൽ, നായിക്ക് അതല്ല ചെയ്യുന്നത്. രാജ്യത്ത് രാഷ്ട്രീയപ്രവർത്തനങ്ങളിൽ ഇടപെടാൻ നായിക്കിന് അവകാശമില്ല. വിവാദപ്രസ്താവന രാജ്യത്ത് ആശങ്കയ്ക്കിടയാക്കിയിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു.
സാക്കിർ നായിക്കിനെ ഇന്ത്യയിലേക്ക് തിരിച്ചയക്കില്ലെന്ന് നേരത്തെ മലേഷ്യൻ പ്രധാനമന്ത്രി നിലപാടെടുത്തിരുന്നു. ജീവൻ അപകടത്തിലായ സാഹചര്യത്തിൽ അദ്ദേഹം മലേഷ്യയിൽ തന്നെ തുടരുമെന്നായിരുന്നു പ്രധാനമന്ത്രി മഹാതിർ ബിൻ മുഹമ്മദ് പറഞ്ഞത്.

Latest News