Sorry, you need to enable JavaScript to visit this website.

ജിദ്ദയില്‍നിന്ന് മക്കയിലെത്താന്‍ 35 മിനിറ്റ്; പുതിയ റോഡ് നിര്‍മാണം അന്തിമ ഘട്ടത്തില്‍

ജിദ്ദ - ജിദ്ദയെയും മക്കയെയും ബന്ധിപ്പിക്കുന്ന പുതിയ ഡയറക്ട് എക്‌സ്പ്രസ് വേയുടെ നിർമാണ ജോലികൾ പുരോഗമിക്കുന്നു. ജിദ്ദ എയർപോർട്ടിൽനിന്ന് എളുപ്പത്തിൽ ഹജ്, ഉംറ തീർഥാടകരെ മക്കയിലും തിരിച്ചും എത്തിക്കാൻ ലക്ഷ്യമിട്ടാണ് പുതിയ റോഡ് നിർമാണം. നിലവിലുള്ള ജിദ്ദ-മക്ക എക്‌സ്പ്രസ് വേക്ക് പ്രധാന ബദൽ എന്നോണമാണ് പുതിയ റോഡ്. ഹജ്, ഉംറ തീർഥാടകർക്ക് സേവനം നൽകുന്ന വിവിധ വകുപ്പുകൾ സഹകരിച്ചു നടത്തിയ ശാസ്ത്രീയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഹജ്, ഉംറ തീർഥാടകരുടെ ബസുകൾ ജിദ്ദ എയർപോർട്ടിൽനിന്ന് വേഗത്തിലും എളുപ്പത്തിലും മക്കയിലെത്തിക്കുന്നതിന് ലക്ഷ്യമിട്ട് പുതിയ റോഡ് നിർമിക്കുന്നത്. 


ഇക്കഴിഞ്ഞ ഹജ് സീസണിൽ ഹജ് തീർഥാടകരുടെ ബസുകൾ ജിദ്ദ എയർപോർട്ടിൽ നിന്ന് ബുറൈമാൻ റോഡ്, അൽനവാരിയ യാർഡ് ചെക്ക് പോയന്റ് വഴി മക്കയിലേക്ക് ഹജ്, ഉംറ മന്ത്രാലയം തിരിച്ചുവിട്ടിരുന്നു. നേരത്തെ ജിദ്ദ-മക്ക എക്‌സ്പ്രസ് വേയാണ് തീർഥാടകരുടെ ബസുകൾ ഉപയോഗിച്ചിരുന്നത്. 
പുതിയ ജിദ്ദ-മക്ക ഡയറക്ട് എക്‌സ്പ്രസ് വേയുടെ നീളം 72 കിലോമീറ്ററാണ്. ജിദ്ദ കിംഗ് അബ്ദുൽ അസീസ് എയർപോർട്ട് മേൽപാലത്തിൽ നിന്ന് മക്കയിലെ ഫോർത്ത് റിംഗ് റോഡ് വരെയാണ് പുതിയ റോഡ് നിർമിക്കുന്നത്. ഓരോ ദിശകളിലേക്കും നാലു വീതം എട്ടു ട്രാക്കുകളോടെയാണ് റോഡ് നിർമാണം. ജിദ്ദ എയർപോർട്ടിൽനിന്ന് 35 മിനിറ്റിനകം മക്കയിലെത്താൻ പുതിയ റോഡ് തീർഥാടകരെ സഹായിക്കും. 


വാർത്തകൾ തത്സമയം വാട്‌സ്അപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക


ഹജ്, ഉംറ തീർഥാടകരുടെ എണ്ണം വലിയ തോതിൽ വർധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് ജിദ്ദയെയും മക്കയെയും ബന്ധിപ്പിച്ച് പുതിയ റോഡ് നിർമിക്കുന്നത്. 2030 ഓടെ പ്രതിവർഷം പുണ്യഭൂമിയിൽ എത്തുന്ന വിദേശ ഉംറ തീർഥാടകരുടെ എണ്ണം മൂന്നു കോടിയായും ഹജ് തീർഥാടകരുടെ എണ്ണം അര കോടിയായും ഉയർത്താൻ വിഷൻ 2030 പദ്ധതി ലക്ഷ്യമിടുന്നു. ഇതിനനുസരിച്ച വികസന പദ്ധതികൾ മക്കയിലും മദീനയിലും ജിദ്ദയിലും ആസൂത്രണം ചെയ്തു നടപ്പാക്കിവരികയാണ്.

Latest News