Sorry, you need to enable JavaScript to visit this website.

സിനിമയെ വെല്ലുന്ന ജീവിതം; ശിക്കാരി കുട്ടിയമ്മ വിടവാങ്ങി 

ഇടുക്കി- കന്യാസ്ത്രീ പട്ടം ഉപേക്ഷിച്ച് ശിക്കാരിയായി മാറിയ കുട്ടിയമ്മ(84) വിടവാങ്ങി. കാഞ്ഞിരപ്പളളിയിൽ അന്തരിച്ച കേരളത്തിലെ ആദ്യ വനിതാ ശിക്കാരി കുട്ടിയമ്മയുടെ ജീവിതം സിനിമയെ വെല്ലും. 
മറയൂർ വട്ടവയലിൽ തോമസിന്റെയും ത്രേസ്യാമ്മയുടെയും മകളാണ് കുട്ടിയമ്മ എന്ന ത്രേസ്യാമ്മ. 1948ൽ പാലാ എഴമറ്റത്ത് നിന്നും മറയൂരിലേക്ക് കുടിയേറിയവരാണ് കുട്ടിയമ്മയുടെ കുടുംബം. പാലായിലെ ഒരു പ്രൈവറ്റ് ബാങ്ക് പൊളിഞ്ഞാണ് കുട്ടിയമ്മയുടെ കുടുംബം മറയൂരിൽ എത്തിയത്. ദൽഹി റെയ്ച്ചൂരിൽ കന്യാസ്ത്രീയായിരുന്ന കുട്ടിയമ്മ കുടുംബാംഗങ്ങളെ പോറ്റാൻ സന്യാസിനി പട്ടം ഉപേക്ഷിച്ച് മടങ്ങിയെത്തി. 
വീട്ടിലെ പട്ടിണി കാരണം വേട്ടക്കാരോടൊപ്പം മൂത്ത സഹോദരൻ കാട് കയറി. ഒരിക്കൽ സഹോദരൻ ഇല്ലാതെയാണ് വേട്ടക്കാർ വന്നത്. കാട്ടുപോത്തിന്റെ ആക്രമണത്തിൽ അപകടം പറ്റിയ സഹോദരനെ അവർ കാട്ടിൽ ഉപേക്ഷിച്ചു. രാത്രി മുഴുവൻ സഹോദരനെ ഓർത്ത് കരഞ്ഞാണ് കുട്ടിയമ്മ നേരം വെളുപ്പിച്ചത്. രാവിലെ ഒരു തോക്കും എടുത്തു സഹോദരങ്ങൾ കാട്ടിൽ അകപ്പെട്ട കൂടപ്പിറപ്പിനെ തേടിയിറങ്ങി. ഒന്നുകിൽ എല്ലാവരും ജീവിക്കുക അല്ലെങ്കിൽ ഒരുമിച്ചു മരിക്കുക എന്നൊരു തീരുമാനം കുട്ടിയമ്മ എടുത്തിരുന്നു. നീര് വന്ന കാലുമായി പാറപ്പുറത്ത് ഇരിക്കുന്ന സഹോദരനെ കുട്ടിയമ്മ കണ്ടെത്തുമ്പോൾ കൈയെത്താവുന്ന ദൂരത്തു പുലികൾ ഉണ്ടായിരുന്നു. പക്ഷേ പുലികൾ ആരെയും ഉപദ്രവിച്ചില്ല. കാടിന്റെ ആദ്യപാഠം കുട്ടിയമ്മ അന്ന് പഠിച്ചു. 
മൂന്നാർ കണ്ണൻ ദേവൻ ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും പുറത്തുള്ളവർക്ക് ചികിത്സ കിട്ടാൻ പണം വേണമായിരുന്നു. കരഞ്ഞും കാലു പിടിച്ചും കുട്ടിയമ്മ സഹോദരനെ ചികിത്സിപ്പിച്ചു. വെച്ചുകെട്ടിയ കാലുമായി സഹോദരൻ കുട്ടിയമ്മയെ വെടിവെക്കാൻ പരിശീലിപ്പിച്ചു. തോക്കുമായി വേട്ടക്കു സഹോദരങ്ങളെയും കൂട്ടി പോയ കുട്ടിയമ്മക്ക് ആദ്യ ദിവസം തന്നെ ഒരു കാട്ടുപോത്തിനെ വീഴ്ത്താനായി. ഒന്ന് കറങ്ങിയോടിയെങ്കിലും അവസാനം കുട്ടിയമ്മ വിജയിച്ചു. ഇറച്ചി ഉപ്പു ചേർത്തു പാറപ്പുറത്ത് വെച്ചുണക്കി മറയൂരിൽ കൊണ്ടുപോയി വിറ്റു. അന്നത്തെ ഡോക്ടർക്ക് കാശും കൊടുത്തു.


ഇതിന് ശേഷം മറയൂരിൽ ജോസഫ് എന്നയാളെ വിവാഹം കഴിച്ച് കേരള-തമിഴ്‌നാട് അതിർത്തിയിൽ വനത്തിനുള്ളിലെ തമിഴ്‌നാട് ഗ്രാമമായ മഞ്ഞപ്പെട്ടിയിൽ താമസമാക്കി. 1963ൽ കേരളാതിർത്തിയിൽ ചിന്നാർ വന്യജീവി സങ്കേതത്തിനുള്ളിൽ കൊടും വനത്തിൽ ചുരുളിപ്പെട്ടിയിൽ കാടുവെട്ടിത്തെളിച്ച് പാർപ്പുറപ്പിച്ചു. പിന്നീട് മൃഗവേട്ട കാര്യമായി തന്നെ നടന്നു. ഭർത്താവ് ജോസഫും മികച്ച വേട്ടക്കാരനായിരുന്നു. 
കൃഷിയിടത്തിലുള്ള വലിയ പുളിമരത്തിൽ ഏറുമാടം കെട്ടി തോക്കുപയോഗിച്ച് വേട്ടയാടുകയായിരുന്നു പതിവ്. പിന്നീടത് കാട്ടിലിറങ്ങി കാട്ടുപോത്തുകളെയും പുലികളെയും വേട്ടയാടുന്ന നിലയിലേക്ക്  മാറി. 1970 കളിൽ വനം വന്യജീവി നിയമം കർശനമായതോടു കൂടിയാണ് കുട്ടിയമ്മ ശിക്കാരി ജീവിതം അവസാനിപ്പിച്ചത്. 1995ൽ പ്രോജക്ട് എലിഫന്റിന്റെ ഭാഗമായി വനം വന്യജീവി വകുപ്പുമായി ധാരണയാവുകയും ചുരുളിപ്പെട്ടിയിലുള്ള സ്ഥലം 55 ലക്ഷം രൂപയ്ക്ക് വനംവകുപ്പിന് വിട്ടുകൊടുത്ത് കുട്ടിയമ്മയും കുടുംബവും കാടിറങ്ങുകയും ചെയ്തു. പിന്നീട് കാഞ്ഞിരപ്പളളി ആനക്കല്ലിൽ താമസമാക്കി. 

 

Latest News