Sorry, you need to enable JavaScript to visit this website.

പ്രളയാനന്തരം നഷ്ടപ്പെട്ടത് മണ്ണിന്റെ ഫലഭൂയിഷ്ഠത 

തലശ്ശേരി - വലിയ തോതിൽ നാശനഷ്ടം വിതച്ച ഒരു പ്രളയ കാലത്തെ കൂടി കേരളം നേരിട്ടു കഴിഞ്ഞു. നൂറു കണക്കിന് മനുഷ്യ ജീവനുകൾ ബലി കൊടുത്ത പ്രളയദുരന്തത്തിൽ എല്ലാ മേഖലയിലും കനത്ത നഷ്ടം തന്നെയാണ് സംഭവിച്ചത്. കൃഷി, വ്യവസായം തുടങ്ങിയ വിവിധ മേഖലകളുമായി ബന്ധപ്പെട്ടു കിടക്കുന്ന ഒട്ടു മിക്കതിനെയും പ്രളയം ബാധിച്ചിരിക്കുകയാണ്. ഇതിൽ നിന്ന് മോചനം നേടാൻ നാം എല്ലാ മേഖലകളിലെയും വിദഗ്ധരുടെ ഉപദേശം തേടിയേ തീരൂ. 
സ്വാഭാവികമായും മണ്ണിന്റെ ആരോഗ്യ നിലവാരത്തെയും ജൈവ സമ്പത്തിനെയും ഇത് പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. 
പ്രളയത്തോടനുബന്ധിച്ച് കേരളത്തിലെ പല ഭാഗങ്ങളിലും മണ്ണൊലിപ്പും വിളനാശവും സംഭവിക്കാൻ കാരണം വന നശീകരണം മൂലം അനാവരണം ചെയ്യപ്പെട്ട മണ്ണിലേക്ക് ശക്തമായി പെയ്ത മഴ ചെലുത്തിയ സമ്മർദം തന്നെയാണെന്ന് ഈ രംഗത്തെ വിദഗ്ധർ വിലയിരുത്തുന്നു. മലയോര പ്രദേശങ്ങളിൽ മണ്ണൊലിപ്പും താഴ്ന്ന പ്രദേശങ്ങളിൽ ചെളിയും എക്കലും അടിഞ്ഞ് കൂടുന്നതിന് പ്രളയം കാരണമായിട്ടുണ്ട്. ഇതിന്റെ പ്രത്യാഘാതം എത്രമാത്രം ഉണ്ടായി എന്നറിയാൻ വിശദമായ മണ്ണ് പരിശോധന നടത്തേണ്ടതുണ്ട്. 
രണ്ട് തരം വെല്ലുവിളികളാണ് പ്രളയാനന്തരം മണ്ണിന് നേരിടേണ്ടി വന്നതെന്ന് കേരള കാർഷിക സർവകലാശാലയുടെ കീഴിലുള്ള നിലേശ്വരം പടന്നക്കാട് കാർഷിക കോളേജിലെ സോയിൽ സയൻസ് വിഭാഗം അസി.പ്രൊഫ. ഡോ.ബിനിത എൻ.കെ പറഞ്ഞു. ഒന്നാമത്തെ കാരണം സസ്യ വളർച്ചക്ക് ആവശ്യമായ പോഷക മൂലകങ്ങളുടെ ശോഷണമാണ്. രണ്ടാമതായി താഴ്ന്ന പ്രേദേശങ്ങളിലും മറ്റും അടിഞ്ഞ് കൂടാൻ സാധ്യതയുള്ള സാന്ദ്രമൂലകങ്ങളുടെ പ്രവർത്തനമാണ്. മണ്ണിന്റെ ആരോഗ്യത്തെയും വിളവിനെയും ഹാനികരമായ രീതിയിൽ പ്രധാനമായും ഇത് ബാധിക്കാൻ ഇടയാക്കിയിട്ടുണ്ട്. 
അത് കൊണ്ട് തന്നെ ഓരോ പ്രേദശത്തെയും മണ്ണിന്റെ പരിശോധന നടത്തി അനുയോജ്യമായ ശാസ്ത്രീയ പരിചരണ രീതികൾ ഉറപ്പ് വരുത്തേണ്ടതാണ്. അല്ലാത്തപക്ഷം മണ്ണിന്റെ ആരോഗ്യം ക്ഷയിക്കാൻ ഇടയാകുമെന്നും ഡോ.ബിനിത വിലയിരുത്തുന്നു. 
സസ്യ വളർച്ചക്ക് മണ്ണിന് സുപ്രധാന പങ്ക് വഹിക്കാനുണ്ട്. പോഷക മൂലകങ്ങൾ പ്രദാനം ചെയ്യുക എന്നതാണ് മണ്ണിന്റെ പരമ പ്രധാനമായ കടമ. 17 അവശ്യ പോഷക മൂലകങ്ങളാണ് സസ്യ വളർച്ചക്ക് ആവശ്യമെങ്കിലും മണ്ണിൽ നിന്നും 14 മൂലകങ്ങളാണ് സസ്യങ്ങൾക്ക് ലഭിക്കുന്നത്. പ്രധാന പോഷക മൂലകങ്ങളായ നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാസ്യം, കാൽസ്യം, മഗ്നീഷ്യം, സൾഫർ എന്നിവയും സൂക്ഷ്മ മൂലകങ്ങളായ അയേൺ, മാഗ്‌നീസ്, സിംഗ്, കോപ്പർ ബോറോൺ, മോളിബ്ഡിനം, ക്ലോറിൻ, നിക്കൽ മുതലായവയും ആരോഗ്യമുള്ള മണ്ണിൽ നിന്ന് ലഭ്യമാകുന്നു. 
പ്രളയാനന്തരം ഉണ്ടായ മണ്ണൊലിപ്പിലൂടെ വെള്ളത്തിൽ അലിയുന്ന മൂലകങ്ങളായ നൈട്രജൻ, പൊട്ടാസ്യം, കാൽസ്യം, മെഗ്നീഷ്യം എന്നിവ വൻതോതിൽ നഷ്ടപ്പെടുകയും കാർഷിക വിളകളുടെ വളർച്ചയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുമെന്നാണ് ഡോ.ബിനിത അസന്നിഗ്ധമായി വിലയിരുത്തുന്നത്.
ചെടികളുടെ പ്രകാശ സംശ്ലേഷണ ശേഷിയെയും വേരുകളുടെ വളർച്ചയെയും കീടരോഗ പ്രതിരോധ ശേഷിയെയും സ്വാഭാവിക വളർച്ചയെയും വിളവിനെയും പ്രളയം ബാധിക്കുന്നു. അതുകൊണ്ട് തന്നെ പ്രളയ ഭൂമിയിൽ പുതുതായി വിളയിറക്കുന്നതിന് മുമ്പേ അതതു പ്രേദശത്തെ മണ്ണ് പരിശോധന നടത്തി നഷ്ടപ്പെട്ട മൂലകങ്ങൾ വീണ്ടെടുക്കാനാവശ്യമായ വളപ്രയോഗ രീതി അവലംബിക്കേണ്ടതാണ്. പ്രളയത്തെ അതിജീവിച്ച ദീർഘകാല വിളകളുടെ വേരുകൾക്ക് അഴുകൽ സംഭവിച്ചത് മൂലം ഇത്തരം വിളകളുടെ ഇലകളിൽ നേരിട്ട് പോഷക മൂലകങ്ങൾ നൽകേണ്ടതാണ്. ഇവയിൽ ഏറ്റവും ഉത്തമം വെള്ളത്തിൽ അലിയുന്ന വളങ്ങളായ 19:19:19 (3.5-ഒരു ലിറ്റർ വെള്ളത്തിൽ) കലക്കി ഇലകളിൽ തളിച്ച് കൊടുക്കേണ്ടതാണെന്നും ഡോ. ബിനിത പറഞ്ഞു.
സൂക്ഷ്മ മൂലകമായ ബൊറോൺ അടങ്ങിയ വളമായ സോലുബോർ (0.5-ഒരു ലിറ്റർ വെള്ളത്തിൽ) കലക്കി ഇലകളിൽ തളിച്ച് കൊടുക്കേണ്ടതാണ്. വിദഗ്ധരുടെ ഉപദേശ പ്രകാരം മണ്ണ് പരിശോധനയുടെ അടിസ്ഥാനത്തിൽ മെഗ്നീഷ്യം സൾഫേറ്റ്, പൊട്ടാസ്യം സൾഫേറ്റ്, മോണോ അമോണിയം ഫോസ്‌ഫേറ്റ്, യൂറിയ, സൂക്ഷ്മ മൂലകങ്ങളടങ്ങിയ വളങ്ങൾ, ജൈവ ലായനികളായ ജീവാമൃതം, പഞ്ചഗവ്യം, ഫിഷ് അമിനോ ആസിഡ് എന്നിവ നൽകാവുന്നതാണ്. പ്രളയം നേരിട്ട സ്ഥലങ്ങളിൽ അമ്ലത്വം കൂടിയതിനാൽ കുമ്മായം, ഡോളോമൈറ്റ് എന്നിവ സെന്റ് ഒന്നിന് ഒന്ന് മുതൽ രണ്ട് കിലോഗ്രാം വീതം നൽകേണ്ടതാണ്.
മറ്റൊരു പ്രധാന വെല്ലുവിളി പ്രളയം നേരിട്ട സ്ഥലങ്ങളിൽ എക്കൽ അടിഞ്ഞ് കൂടുകയും ഇത് മണ്ണിന്റെ വായു സഞ്ചാരം കുറക്കാൻ ഇടയാക്കുകയും ചെയ്യുന്നു. തുടർന്ന് വേരുകളുടെ ആരോഗ്യം നശിക്കുകയും വളർച്ച മുരടിക്കുകയും ചെയ്യുന്നു. ചെടികൾക്ക് മൂലകങ്ങൾ വലിച്ചെടുക്കാൻ കഴിയാത്തത് മൂലം കണ്ടുവരുന്ന ചില ലക്ഷണങ്ങൾ രോഗ ബാധയാണെന്ന് തെറ്റിദ്ധരിക്കപ്പെടുന്നു. ഉദാഹരണത്തിന് കുരുമുളകിൽ കാണുന്ന മഞ്ഞളിപ്പ് ദ്രുതവാട്ട രോഗമായി തെറ്റിദ്ധരിക്കപ്പെടുകയാണ്.
ഇതിന് പുറമെ സാന്ദ്ര മൂലകങ്ങളുടെ അടിഞ്ഞ് കൂടൽ വിഷമയം ആകാൻ കാരണം ആവുകയും ചെയ്യുന്നു. ഈ കാരണങ്ങളാൽ താഴ്ന്ന പ്രദേശങ്ങളിലെ മണ്ണ് പരിശോധിച്ച് വളപ്രയോഗ രീതി അവലംബിക്കേണ്ടതാണ്. എക്കൽ അടിഞ്ഞ് ഉണ്ടാകുന്ന പ്രശ്‌നങ്ങൾക്ക് മണൽ ഇടുന്നത് ഒരു പരിഹാരമാണ്. പ്രളയാനന്തരം അടിഞ്ഞ് കൂടിയ എക്കലിനെ പൂർണമായി നീക്കം ചെയ്ത് മേൽ പറഞ്ഞ നടപടി ക്രമങ്ങൾ പാലിച്ച് പുതുതായി കൃഷി ഇറക്കാവുന്നതാണെന്നും ഡോ.ബിനിത അഭിപ്രായപ്പെട്ടു. 
പ്രളയത്തിൽ മനുഷ്യന് നേരിട്ട പ്രയാസങ്ങൾ പോലെ എല്ലാ ജീവജാലങ്ങൾക്കും അതിന്റേതായ പ്രയാസം നേരിടേണ്ടി വന്നിരിക്കുകയാണ്. ഇത് പരിഹാരിക്കാൻ വിദഗ്ധരുടെ അഭിപ്രായം തേടേണ്ട കാലമാണിത്. 
പ്രളയാനന്തരം പകർച്ച വ്യാധിയുൾപ്പെടെ മനുഷ്യനും മൃഗങ്ങൾക്കും പിടിപെടുന്നത് പോലെ മറ്റ് ജീവജാലങ്ങൾക്കും പല വിധ പ്രതിഭാസങ്ങളാണ് സംഭവിക്കുകയെന്ന് ഈ മേഖലകളിൽ പഠനം നടത്തുന്ന വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

 

Latest News