കൊച്ചി - എല്ലാ കാര്യങ്ങളും സർക്കാർ മുൻകൈ എടുത്ത് നടപ്പാക്കണം എന്ന് വാശി പിടിക്കരുതെന്ന് കേന്ദ്ര മന്ത്രി വി. മുരളീധരൻ. സർക്കാർ അല്ലാത്തതെല്ലാം സ്വകാര്യം എന്ന നിലപാട് കേരളത്തിൽ പലർക്കുമുണ്ട്. ആ ധാരണ തിരുത്തണമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.
രാജ്യത്തെ പ്രധാന പദ്ധതികളെല്ലാം പൊതു സമൂഹത്തിന്റെ പങ്കാളിത്തത്തോടെയാണ് നടപ്പാക്കിയിട്ടുള്ളത്. നികുതി അടയ്ക്കുക എന്നത് മാത്രമല്ല ഒരു പൗരന്റെ ഉത്തരവാദിത്തം. നാടിന്റെ വികസനത്തിനായി സർക്കാരിനൊപ്പം പങ്കാളികൾ ആകുന്നവരെ സ്വകാര്യം എന്ന് പറഞ്ഞു മാറ്റി നിർത്താനാവില്ലെന്നും മുരളീധരൻ പറഞ്ഞു. റോട്ടറി ക്ലബ് ഓഫ് കൊച്ചിൻ ഡൗൺ ടൗൺ കേരള മാനേജ്മെന്റ് അസോസിയേഷനുമായി സഹകരിച്ച് സംഘടിപ്പിച്ച ലീഡർഷിപ്പ് സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുരളീധരൻ. തിരുവനന്തപുരം വിമാനത്താവളം സ്വകാര്യ വ്യക്തിക്ക് കൈമാറുന്നു എന്ന് പരാതി ഉയർന്നപ്പോൾ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്താനായി ചെന്ന എനിക്ക് പ്രധാനമന്ത്രി കാര്യങ്ങൾ വിശദീകരിച്ചു തന്നു. ഉടമസ്ഥാവകാശം സംസ്ഥാന സർക്കാരിന് തന്നെയായിരിക്കുമെന്നും കൂടുതൽ സൗകര്യം ഒരുക്കാനും വികസന പദ്ധതികൾ നടപ്പാക്കാനും ഒരു ഏജൻസിയുടെ പങ്കാളിത്തം മാത്രമാണ് അവിടെ ഏർപ്പെടുത്തുന്നതെന്നും പ്രധാനമന്ത്രി വിശദീകരിച്ചു. ഓഹരി വിറ്റഴിക്കലോ സ്വകാര്യവൽക്കരണമോ ഒന്നും അല്ലാതിരുന്ന ഒരു നല്ല നടപടിയെ സ്വകാര്യ വ്യക്തി എന്ന് പറഞ്ഞു വിവാദമുണ്ടാക്കാനാണ് ചിലർ ശ്രമിച്ചതെന്നും മുരളീധരൻ പറഞ്ഞു.
അടുത്ത പത്ത് വർഷത്തേക്ക് ഇന്ത്യൻ റെയിൽവേ പ്രഖ്യാപിച്ചിരിക്കുന്ന പദ്ധതികൾ റെയിൽവേയുടെ ബജറ്റ് വിഹിതം മാത്രം ഉപയോഗിച്ചു നടപ്പാക്കാൻ ശ്രമിച്ചാൽ നൂറ് വർഷം എടുത്താലും നടപ്പാക്കാനാവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിദേശ വിനോദ സഞ്ചാരികൾക്ക് പ്രയോജനപ്പെടും വിധം ആധുനിക സൗകര്യങ്ങളോടെ ഒരു ലക്ഷുറി ട്രെയിൻ ഓപറേറ്റ് ചെയ്യാൻ ഒരു ഏജൻസിയെ എൽപിച്ചപ്പോൾ ഇന്ത്യൻ റെയിൽവേ സ്വകാര്യവൽക്കരിക്കുന്നു എന്നായിരുന്നു ആരോപണം. ഇങ്ങനെ സർക്കാരുമായി സഹകരിക്കാൻ വരുന്നവരെയെല്ലാം സ്വകാര്യം എന്നാക്ഷേപിച്ച് മാറ്റി നിർത്തുന്ന പ്രവണത അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെയും തമിഴ്നാട്ടിലെയും 145 റോട്ടറി ക്ലബുകളിൽനിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു.