Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പെരുന്നാള്‍ അവധിക്കാലത്ത് ബഹ്‌റൈന്‍ കോസ്‌വേ കടന്നത് പത്ത് ലക്ഷം പേര്‍

സൗദി അറേബ്യയെയും ബഹ്‌റൈനെയും ബന്ധിപ്പിക്കുന്ന കിംഗ് ഫഹദ് കോസ്‌വേ

ദമാം - ഇക്കഴിഞ്ഞ ബലിപെരുന്നാൾ അവധിക്കാലത്ത് കിംഗ് ഫഹദ് കോസ്‌വേ വഴി പത്തു ലക്ഷത്തിലേറെ പേർ കടന്നുപോയതായി കണക്ക്. ഓഗസ്റ്റ് ആറു മുതൽ പതിനേഴു വരെയുള്ള പെരുന്നാൾ അവധിക്കാലത്ത് ആകെ 10,89,636 പേരാണ് കിംഗ് ഫഹദ് കോസ്‌വേ വഴി സൗദിയിൽനിന്ന് ബഹ്‌റൈനിലേക്കും ബഹ്‌റൈനിൽ നിന്ന് സൗദിയിലേക്കും സഞ്ചരിച്ചതെന്ന് കിംഗ് ഫഹദ് കോസ്‌വേ അതോറിറ്റി സി.ഇ.ഒ എൻജിനീയർ ഇമാദ് അൽമുഹൈസിൻ പറഞ്ഞു.

തിരക്കുള്ള സമയങ്ങളിൽ സൗദി ദിശയിൽ കോസ്‌വേ താണ്ടുന്നതിന് ശരാശരി 23 മിനിറ്റും ബഹ്‌റൈൻ ദിശയിൽ പാലം താണ്ടുന്നതിന് 22 മിനിറ്റും വീതമാണ് യാത്രക്കാർ എടുത്തത്. പെരുന്നാൾ അവധിക്കാലത്ത് പ്രതിദിനം ശരാശരി 90,803 പേർ കോസ്‌വേ വഴി യാത്ര ചെയ്തു. 2018 ൽ ബലിപെരുന്നാൾ അവധിക്കാലത്ത് 10,57,755 പേരാണ് കോസ്‌വേയിലൂടെ കടന്നുപോയത്. ഇക്കഴിഞ്ഞ പെരുന്നാൾ അവധിക്കാലത്ത് യാത്രക്കാരുടെ എണ്ണത്തിൽ മൂന്നു ശതമാനം വർധന രേഖപ്പെടുത്തി. ഏറ്റവും കുറച്ച് പേർ യാത്ര ചെയ്തത് ഓഗസ്റ്റ് 11 ന് ഞായറാഴ്ച ആണ്. അന്ന് 56,723 പേർ മാത്രമാണ് പാലത്തിലൂടെ യാത്ര ചെയ്തത്. ബഹ്‌റൈൻ ദിശയിൽ ഏറ്റവും കൂടുതൽ യാത്രാ സമയം എടുത്തത് ഓഗസ്റ്റ് പതിനാലിനാണ്. അന്ന് ശരാശരി 49 മിനിറ്റ് വീതമെടുത്തു. സൗദി ദിശയിൽ ഏറ്റവും കൂടുതൽ യാത്രാ സമയമെടുത്തത് ഓഗസ്റ്റ് 13 ന് ആണ്. അന്ന് യാത്രക്ക് ശരാശരി 53 മിനിറ്റ് വീതമെടുത്തു. 

മുൻ വർഷങ്ങളിൽ പെരുന്നാൾ അവധിക്കാലങ്ങളിലും സീസണുകളിലും കിംഗ് ഫഹദ് കോസ്‌വേയിൽ കടുത്ത ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടിരുന്നത്. അന്ന് കോസ്‌വേ താണ്ടുന്നതിന് ശരാശരി മൂന്നു മണിക്കൂർ വരെ എടുത്തിരുന്നു. യാത്രാ നടപടികൾ പൂർത്തിയാക്കുന്ന ട്രാക്കുകളുടെ എണ്ണം വർധിപ്പിച്ചത് അടക്കമുള്ള വികസന പദ്ധതികൾ നടപടിക്രമങ്ങൾ വേഗത്തിലാക്കിയതായും എൻജിനീയർ ഇമാദ് അൽമുഹൈസിൻ പറഞ്ഞു. 
ഇക്കഴിഞ്ഞ അവധിക്കാലത്ത് നാലാം പെരുന്നാൾ ദിവസമാണ് ഏറ്റവും കൂടുതൽ പേർ കോസ്‌വേ വഴി യാത്ര ചെയ്തതെന്ന് കിംഗ് ഫഹദ് കോസ്‌വേ ജവാസാത്ത് മേധാവി കേണൽ ദുവൈഹി അൽസഹ്‌ലി പറഞ്ഞു. നാലാം പെരുന്നാളിന് 1,12,000 പേർ കോസ്‌വേ വഴി യാത്ര ചെയ്തു. ഇക്കൂട്ടത്തിൽ 57,000 പേർ ബഹ്‌റൈനിൽ നിന്ന് സൗദിയിലേക്ക് വന്നവരും 55,000 പേർ സൗദിയിൽ നിന്ന് ബഹ്‌റൈനിലേക്ക് യാത്ര ചെയ്തവരുമായിരുന്നു. യാത്രക്കാരുടെ എണ്ണത്തിൽ വലിയ വർധന രേഖപ്പെടുത്തിയെങ്കിലും എടുത്തുപറയത്തക്ക നിലയിലുള്ള തിരക്ക് കോസ്‌വേയിൽ അനുഭവപ്പെട്ടില്ല. മുഴുവൻ ട്രാക്കുകളും തുറന്ന് ഉദ്യോഗസ്ഥർ കഠിനാധ്വാനം നടത്തിയതിലൂടെ യാത്രാ നടപടികൾ വേഗത്തിൽ പൂർത്തിയാക്കുന്നതിന് സാധിച്ചു. കോസ്‌വേയിൽ യാത്രക്കാരുടെ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് 58 ട്രാക്കുകളാണ് സൗദി ഭാഗത്തുള്ളത്. ഇതിൽ 36 എണ്ണം സൗദിയിലേക്ക് വരുന്നവരുടെ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനും 22 എണ്ണം സൗദിയിൽ നിന്ന് പുറത്തു പോകുന്നവരുടെ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനുമുള്ളവയാണ്. 
യാത്രക്കാരുടെ നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കുന്നതിനും തിരക്ക് കുറക്കുന്നതിനും ആഗമന ഭാഗത്ത് 13 റിവേഴ്‌സ് ട്രാക്കുകളും തുറന്നിരുന്നു. കടുത്ത തിരക്ക് മുൻകൂട്ടി കണ്ട് യാത്രക്കാരുടെ നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കുന്നതിന് കോസ്‌വേയിൽ ബഹ്‌റൈൻ ഭാഗത്തെ ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപനം നടത്തുകയും പരസ്പര വിവര കൈമാറ്റത്തിന് സംയുക്ത കമ്മിറ്റികൾ രൂപീകരിക്കുകയും ചെയ്തിരുന്നു. രാത്രി ഒമ്പതു മുതൽ പന്ത്രണ്ടു വരെയുള്ള സമയത്താണ് പെരുന്നാൾ അവധിക്കാലത്ത് കോസ്‌വേയിൽ ഏറ്റവും വലിയ തിരക്ക് അനുഭവപ്പെട്ടത്. 
പെരുന്നാൾ അവധിക്കാലത്തെ കടുത്ത തിരക്ക് മുന്നിൽ കണ്ട് 60 ജവാസാത്ത് ഉദ്യോഗസ്ഥരെ കോസ്‌വേയിൽ താൽക്കാലികമായി അധികം നിയമിച്ചിരുന്നു. രാവിലെ ഏഴു മുതൽ പുലർച്ചെ നാലു വരെ രണ്ടു ഷിഫ്റ്റുകളായാണ് താൽക്കാലികമായി നിയമിച്ച അധിക ഉദ്യോഗസ്ഥർ കോസ്‌വേയിൽ സേവനമനുഷ്ഠിച്ചത്. യാത്രക്കാരുടെ നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കുന്നതിനും തിരക്ക് കുറക്കുന്നതിനും അധിക ജീവനക്കാരുടെ സേവനം സഹായിച്ചു. കോസ്‌വേയിലെ സ്ഥിരം ഔദ്യോഗിക ജീവനക്കാർ ഇരുപത്തിനാലു മണിക്കൂറും സേവനമനുഷ്ഠിച്ചിരുന്നു. പെരുന്നാൾ അവധിക്കാലത്ത് കോസ്‌വേയിലെ മുഴുവൻ ട്രാക്കുകളും തുറന്നിരുന്നെന്നും എൻജിനീയർ ഇമാദ് അൽമുഹൈസിൻ പറഞ്ഞു.  

Latest News