Sorry, you need to enable JavaScript to visit this website.

ക്രെഡിറ്റ് കാര്‍ഡുകളുടെ പകര്‍പ്പ് എടുക്കരുത്; സൗദി കേന്ദ്ര ബാങ്കിന്റെ അറിയിപ്പ്

റിയാദ് - വ്യാപാര സ്ഥാപനങ്ങൾ ക്രെഡിറ്റ് കാർഡുകളുടെ ഫോട്ടോ കോപ്പികൾ എടുക്കുന്നതിനും ഫോട്ടോകളെടുക്കുന്നതിനും ഇതിലെ വിവരങ്ങൾ രേഖപ്പെടുത്തുന്നതിനും വിലക്കുള്ളതായി സൗദി അറേബ്യൻ മോണിട്ടറി അതോറിറ്റി (സാമ) വ്യക്തമാക്കി.  ഓൺലൈൻ പെയ്‌മെന്റ് സേവനങ്ങൾ നൽകുന്നതിന് ബാങ്കുകളുമായി കരാറുകൾ ഒപ്പുവെച്ച വ്യാപാരികളെ ഇക്കാര്യം അറിയിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തെ ബാങ്കുകൾക്ക് സാമ സർക്കുലർ അയച്ചു. 
ചില വ്യാപാര സ്ഥാപനങ്ങൾ ക്രെഡിറ്റ് കാർഡുകളുടെ ഫോട്ടോയും ഫോ ട്ടോ കോപ്പിയും എടുക്കുന്നതായും രഹസ്യ വിവരങ്ങൾ രേഖപ്പെടുത്തുന്നതായും ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്ന് സാമ അണ്ടർ സെക്രട്ടറി ഹാശിം അൽഉഖൈൽ പറഞ്ഞു.  ഇ-കൊമേഴ്‌സ് നിയമം ജൂലൈ ഒമ്പതിന് മന്ത്രിസഭ പാസാക്കിയിരുന്നു. രാജ്യത്ത് ഇ-കൊമേഴ്‌സ് ഇടപാടുകൾ വർധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് ഈ മേഖലയിലെ പ്രവർത്തനങ്ങൾ ക്രമീകരിക്കുന്ന പുതിയ നിയമം നിർമിച്ചത്. 
ഓൺലൈൻ വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിനും വിശ്വാസ്യത ശക്തിപ്പെടുത്തുന്നതിനും ഉപയോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമാണ് പുതിയ നിയമത്തിലൂടെ ലക്ഷ്യമിടുന്നത്. സൗദിയിൽ പ്രതിവർഷം 8000 കോടി റിയാലിന്റെ ഓൺലൈൻ വ്യാപാരം നടക്കുന്നുണ്ടെന്നാണ് കണക്ക്. ലോകത്ത് ഓൺലൈൻ വ്യാപാര മേഖലയിൽ ഏറ്റവും കൂടുതൽ വളർച്ച രേഖപ്പെടുത്തുന്ന പത്തു രാജ്യങ്ങളിൽ ഒന്നാണ് സൗദി അറേബ്യ. രാജ്യത്ത് ഓൺലൈൻ വ്യാപാര മേഖലയിൽ 32 ശതമാനത്തിലേറെ വാർഷിക വളർച്ചയാണുള്ളത്. ഓൺലൈൻ വ്യാപാര മേഖല ശക്തിപ്പെടുത്തൽ ദേശീയ പരിവർത്തന പദ്ധതി ലക്ഷ്യങ്ങളിൽ ഒന്നാണ്. 

 

Latest News