Sorry, you need to enable JavaScript to visit this website.

വിശുദ്ധ ഹറമില്‍ തണല്‍ കുടകള്‍ സ്ഥാപിക്കുന്നു; പദ്ധതി ഉടന്‍ ആരംഭിക്കും

അബ്ദുറഹ്മാൻ അൽസുദൈസ് 

മക്ക - വിശുദ്ധ ഹറമിലും മസ്ജിദുന്നബവിയിലും നിലവിൽ നടപ്പാക്കിവരുന്ന വികസന പദ്ധതികൾ രണ്ടു വർഷത്തിനുള്ളിൽ പൂർത്തിയാകുമെന്ന് ഹറംകാര്യ വകുപ്പ് മേധാവി ശൈഖ് ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് പറഞ്ഞു. വിശുദ്ധ ഹറമിന്റെ മുറ്റത്തും മതാഫിലും തണൽ കുടകൾ സ്ഥാപിക്കുന്നതിനുള്ള ജോലികൾ ഈ ഹജ് സീസൺ പൂർത്തിയായാലുടൻ ആരംഭിക്കും. അടുത്ത റമദാനു മുമ്പായി തണൽ കുട പദ്ധതി പൂർത്തിയാകും. ഹജ്, ഉംറ തീർഥാടകരെയും വിശ്വാസികളെയും ലക്ഷ്യമിട്ട് സൗദി അറേബ്യ നടപ്പാക്കുന്ന പ്രധാന പദ്ധതികളിൽ ഒന്നാണിത്. ഈ പദ്ധതി പൂർത്തിയാകുന്നതോടെ തീർഥാടകർക്ക് ഹറമിന്റെ മുറ്റങ്ങളിലും മതാഫിലും വെയിലിൽ നിന്ന് പൂർണ സംരക്ഷണം ലഭിക്കും. ആഗോള തലത്തിൽ ഏറ്റവും മുന്തിയ തണൽ കുടകളാണ് വിശുദ്ധ ഹറമിൽ സ്ഥാപിക്കുകയെന്നും ശൈഖ് ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് പറഞ്ഞു. 
മസ്ജിദുന്നബവിയുടെ മുറ്റത്ത് തണൽ കുടകളുണ്ട്. സമാന പദ്ധതി വിശുദ്ധ ഹറമിലും നടപ്പാക്കുമെന്ന നിലക്ക് ദീർഘ കാലമായി റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. മസ്ജിദുന്നബവി മുറ്റത്ത് 250 തണൽ കുടകളാണുള്ളത്. ഇവ ആകെ 1,43,000 ചതുരശ്ര മീറ്റർ സ്ഥലത്ത് തണൽ വിരിക്കുന്നു. മുൻ സൗദി ഭരണാധികാരി അബ്ദുല്ല രാജാവിന്റെ നിർദേശാനുസരണമാണ് മസ്ജിദുന്നവിയുടെ മുറ്റത്ത് തണൽ കുടകൾ സ്ഥാപിച്ചത്. 2010 ഓഗസ്റ്റിൽ പദ്ധതി പൂർത്തിയായി. തുടക്കത്തിൽ 182 തണൽ കുടകളാണ് സ്ഥാപിച്ചത്. പിന്നീട് കിഴക്കു ഭാഗത്തെ മുറ്റത്ത് 68 തണൽ കുടകൾ കൂടി സ്ഥാപിച്ചു. 470 കോടി റിയാൽ ചെലവഴിച്ചാണ് പദ്ധതി പൂർത്തിയാക്കിയത്. 25.5 മീറ്റർ നീളവും അത്രയും വീതിയുമുള്ള ഓരോ കുടകൾക്കും 40 ടൺ വീതം ഭാരമുണ്ട്. കുടകൾ അടക്കുന്നതും തുറക്കുന്നതും ഓട്ടോമാറ്റിക് സംവിധാനത്തിലാണ്. 14.4 മീറ്റർ ഉയരമുള്ള കുടകളും 15.3 മീറ്റർ ഉയരമുള്ള കുടകളുമുണ്ട്. അടച്ചിടുന്ന നേരത്ത് ഈ കുടകളുടെ എല്ലാം ഉയരം 21.7 മീറ്ററാണ്. മഴവെള്ളം തിരിച്ചുവിടുന്നതിനുള്ള സംവിധാനവും വെളിച്ച സംവിധാനവും കുടകളിലുണ്ട്. 576 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ഓരോ കുടകൾക്കു താഴെയും 800 പേർക്ക് ഒരേ സമയം നമസ്‌കാരം നിർവഹിക്കുന്നതിന് സാധിക്കും. കുടകൾ സ്ഥാപിച്ച തൂണുകളിൽ വെള്ളം സ്‌പ്രേ ചെയ്യുന്ന 436 ഫാനുകളും ഫിറ്റ് ചെയ്തിട്ടുണ്ട്.  

 

Latest News