Sorry, you need to enable JavaScript to visit this website.

സഹ പ്രവര്‍ത്തകയെ ലിഫ്റ്റില്‍ പീഡിപ്പിച്ച കേസ്; തേജ്പാല്‍ വിചാരണ നേരിടണമെന്ന് സുപീം കോടതി

ന്യൂദല്‍ഹി- സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ തനിക്കെതിരെ ചുമത്തിയ കുറ്റം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തെഹല്‍ക്ക സ്ഥാപക എഡിറ്റര്‍ തരുണ്‍ തേജ്പാല്‍ നല്‍കിയ ഹരജി സുപ്രീം കോടതി തള്ളി. തേജ്പാലിനെതിരേ മാനഭംഗ കുറ്റം ചുമത്തിയ ഗോവ സെഷന്‍സ് കോടതിയുടെ ഉത്തരവില്‍ ഇടപെടാനാവില്ലെന്നു വ്യക്തമാക്കിയ ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച്, വിചാരണ നേരിടാന്‍ ഹരജിക്കാരനോടു നിര്‍ദേശിച്ചു. ആറ് മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്നും കോടതി ഉത്തരവിട്ടു.
2013ല്‍ ഗോവയില്‍ നടത്തിയ തിങ്ക് ഫെസ്റ്റിവലിനിടെ സഹപ്രവര്‍ത്തകയെ ലിഫ്റ്റിനുള്ളില്‍ വെച്ച് മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് തരുണ്‍ തേജ്പാലിനെതിരേയുള്ള കേസ്. തനിക്കെതിരായ പീഡന ആരോപണം കെട്ടിച്ചമച്ചതാണെന്നും കേസ് റദ്ദാക്കണമെന്നുമാണ് തേജ്പാല്‍ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍, തേജ്പാലിനെതിരായ ആരോപണവും ചുമത്തിയ കുറ്റങ്ങളും അതീവ ഗൗരവമേറിയതാണെന്നു കോടതി നിരീക്ഷിച്ചു. കൂടാതെ, അപ്പീലുകളില്‍ ഉള്‍പ്പെടെ നിരവധി കോടതികള്‍ ഇടപെട്ടത് വിചാരണ നടപടികള്‍ വൈകാനിടയാക്കിയിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
2017 സെപ്റ്റംബറിലാണ് ഗോവയിലെ വിചാരണ കോടതി തേജ്പാലിനെതിരെ കുറ്റം ചുമത്തിയത്. മാനഭംഗം (ഐപിസി 376(2), ലൈംഗിക പീഡനം (354 എ) തുടങ്ങിയ വകുപ്പുകള്‍ പ്രകാരമായിരുന്നു നടപടി. ഇതിനെതിരെ തേജ്പാല്‍ മുംബൈ ഹൈക്കോടതിയുടെ ഗോവ ബെഞ്ചിനെ സമീപിച്ചെങ്കിലും ഹരജി തള്ളുകയായിരുന്നു. തുടര്‍ന്നാണ് തേജ്പാല്‍ സുപ്രീം കോടതിയെ സമീപിച്ചത്.

 

 

Latest News