Wednesday , February   26, 2020
Wednesday , February   26, 2020

കേരളത്തിൽ റെക്കോർഡ് സ്വർണ വില; വിവാഹ പാർട്ടികൾ അങ്കലാപ്പിൽ

സ്വർണ വില കുതിച്ചുയർന്നത് വിവാഹ പാർട്ടികളുടെ ഉറക്കം കെടുത്തി. അന്തരാഷ്ട്ര മാർക്കറ്റിൽ സ്വർണം തിളങ്ങി. കേരളത്തിൽ സ്വർണം റെക്കോർഡ് വിലയായ 28,000 രൂപയിലെത്തി. ആഭരണ വിപണിയുടെ ചരിത്രത്തിൽ ആദ്യമായി ഒരു ഗ്രാം സ്വർണം 3500 രൂപയിൽ വ്യാപാരം നടന്നു. ചിങ്ങം പിറന്നതോടെ സംസ്ഥാനത്ത് വിവാഹ സീസണ് തുടക്കം കുറിച്ചു. 
മഞ്ഞലോഹ വില അടിക്കടി ഉയരുന്നത് വിവാഹ പാർട്ടികളുടെ നെഞ്ചിടിച്ച് വർധിപ്പിക്കുകയാണ്. മാസാരംഭത്തിൽ ഗ്രാമിന് വില 3210 രൂപ മാത്രമായിരുന്നു. സ്വർണത്തിന്റെ കുതിപ്പ് കണ്ട് പകച്ച് നിൽക്കുകയാണ് ആഭരണ പ്രേമികൾ. വിലക്കയറ്റത്തിനിടയിൽ മുൻകൂർ ബുക്കിങ് സൗകര്യമൊരുക്കി ഉപഭോക്താക്കൾക്ക് ആശ്വാസം പകരാൻ പല ആഭരണ കേന്ദ്രങ്ങളും രംഗത്തുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതൽ സ്വർണ വ്യാപാരം നടക്കുന്ന സംസ്ഥാനമാണ് കേരളം. ഓഗസ്റ്റ്, സെപ്റ്റംബറാണ് ആഭരണ വിൽപന ഏറ്റവും ഉയരുക. എന്നാൽ വിലയിലെ അഭൂതപൂർവ മുന്നേറ്റം വിപണി വൃത്തങ്ങളും ആശങ്കയോടെയാണ് വീക്ഷിക്കുന്നത്. 
ന്യൂയോർക്കിൽ സ്വർണം ബുള്ളിഷ് മൂഡിലാണ്. ജനുവരിയിൽ ട്രോയ് ഔൺസിന് 1280 ഡോളറായിരുന്ന സ്വർണം ഫെബ്രുവരിയിൽ 1345 ലേയ്ക്ക് ഉയർന്നങ്കിലും ഈ റേഞ്ചിലെ സാങ്കേതിക തടസ്സം മറികടക്കാൻ ജൂൺ വരെ കാത്തിരിക്കേണ്ടി വരുന്നു. പിന്നിട്ട 72 ദിവസത്തിനിടയിൽ ഔൺസിന് 200 ഡോളർ ഉയർന്ന് 1545 ഡോളറിലെത്തിയ സ്വർണം വാരാന്ത്യം 1512 ഡോളറിലാണ്. വിപണിയുടെ ചലനങ്ങൾ വിലയിരുത്തിയാൽ 1424 ഡോളറിലെ സപ്പോർട്ട് നിലനിർത്തിക്കൊണ്ട് 1565 - 1622 ഡോളർ വരെ മുന്നേറാനുള്ള ശ്രമം വരും മാസങ്ങളിൽ നടത്താം.  
കനത്ത മഴയിൽ റബർ ടാപ്പിങ് സ്തംഭിച്ചിട്ടും വില ഉയർത്തി ഷീറ്റ് സംഭരിക്കാൻ ടയർ വ്യവസായികൾ തയാറായില്ല. മാസ മധ്യം പുതിയ ഷീറ്റ് ഇറക്കാനാവുമെന്ന ഉൽപാദകരുടെ കണക്കൂകൂട്ടലുകൾ ഇതിനിടയിൽ തെറ്റി. നിലവിലെ കാലാവസ്ഥയിൽ പുതിയ ഷീറ്റ് എത്താൻ സെപ്റ്റംബർ വരെ കാത്തിരിക്കണം. കൊച്ചി, കോട്ടയം, മലബാർ മേഖലകളിൽ വിൽപനക്കാരില്ലെങ്കിലും വില ഉയർത്താൻ വാങ്ങലുകാർ തയാറായില്ല. ആർ എസ് എസ് നാലാം ഗ്രേഡ് 14,400 രൂപയിലും അഞ്ചാം ഗ്രേഡ് 14,200 രൂപയിലുമാണ്. 


ടോകോം എക്‌സ്‌ചേഞ്ചിൽ റബർ ഒൻപത്  മാസത്തിലെ താഴ്ന്ന റേഞ്ചിലേയ്ക്ക് നീങ്ങിയത് മുഖ്യ ഉൽപാദന രാജ്യങ്ങളിൽ റബർ വിലയിൽ വിള്ളലുളവാക്കി. ബാങ്കോക്കിൽ റബർ വില ക്വിൻറ്റലിന് 10,741 രൂപയിലാണ്. ആഗോള സാമ്പത്തിക മാന്ദ്യം കണക്കിലെടുത്താൽ പൊടുന്നനെ ശക്തമായി ഒരു തിരിച്ചുവരവ് പ്രതീക്ഷിക്കാനാവില്ല. 
ചിങ്ങം പിറന്നതോടെ നാളികേര വിപണി ഉണർന്നു. ഉത്സവങ്ങളുടെ ദിനങ്ങളാണ് മുന്നിലുള്ളത്. ഇനി ഓണം വരെയുള്ള കാലയളവിൽ എണ്ണ വിൽപന ഉയരുമെന്ന ഉറച്ച വിശ്വാസത്തിലാണ് വ്യാപാരികളും മില്ലുകാരും. അനുകൂല അവസരം നേട്ടമാക്കാൻ വിൽപനക്കാർ മൊത്ത വില നിത്യേന ഉയർത്തിയാണ് വെളിച്ചെണ്ണ ഇറക്കുന്നത്. കൊപ്ര 9785 രൂപയിലും വെളിച്ചെണ്ണ 14,600 ലുമാണ്. 
പ്രതികൂല കാലാവസ്ഥയിൽ ഉത്തരേന്ത്യയിലേയ്ക്കുള്ള ചരക്ക് നീക്കം തടസ്സപ്പെട്ടത് ആഭ്യന്തര വാങ്ങലുകാർ കുരുമുളകിൽ നിന്ന് പിൻതിരിപ്പിച്ചു. ഈ അവസരത്തിൽ കാർഷിക മേഖലയും ചരക്ക് നീക്കം കുറച്ചത് വില ഇടിവിനെ തടഞ്ഞു. കനത്ത മഴ മൂലം അന്തരീക്ഷ താപനില കുറഞ്ഞത് കുരുമുളകിലെ ജലാംശ തോത് ഉയർത്തി. സ്‌റ്റോക്കിസ്റ്റുകൾ ഉണക്ക് കൂടിയ മുളക് എത്തിച്ചാൽ മാത്രമേ മെച്ചപ്പെട്ട വില ഉറപ്പ് വരുത്താനാവൂ. അൺ ഗാർബിൾഡ് കുരുമുളക് വില 33,500 രൂപയാണ്. 
ലേലത്തിന് എത്തുന്ന ഏലക്ക കൈപ്പിടിയിൽ ഒരുക്കാനുള്ള മത്സരത്തിലാണ് ഇടപാടുകാർ. വിവിധ ലേലങ്ങളിൽ ഇറങ്ങിയ ചരക്ക് പൂർണമായി വിറ്റഴിഞ്ഞു. ഓണാവശ്യങ്ങൾ മുന്നിൽ കണ്ട് ആഭ്യന്തര വാങ്ങലുകാർ ഉൽപന്നം ശേഖരിക്കുന്നുണ്ട്. ശനിയാഴ്ച നടന്ന ലേലത്തിൽ മികച്ചയിനങ്ങൾ കിലോഗ്രാമിന് 3766 രൂപയിലാണ്. 


 

Latest News