Sorry, you need to enable JavaScript to visit this website.

സ്‌പൈസ് ജെറ്റ് ഉയരങ്ങളിലേക്ക്; 12 ആഭ്യന്തര സർവീസുകൾ കൂടി

ബജറ്റ് പാസഞ്ചർ കരിയറായ സ്‌പൈസ് ജെറ്റ് ഒക്ടോബർ ആദ്യ വാരം മുതൽ 12 പുതിയ ആഭ്യന്തര സർവീസുകൾ ആരംഭിക്കുമെന്ന് കമ്പനി അധികൃതർ അറിയിച്ചു. ബോയിംഗ് 737-800 വിമാനങ്ങളായിരിക്കും  എല്ലാ റൂട്ടുകളിലും സർവീസ് നടത്തുക. പുതിയ വിമാനങ്ങളെല്ലാം എല്ലാ ദിവസവും സർവീസ് നടത്തും. 
ദൽഹി - ഔറംഗബാദ് റൂട്ടിലാണ് പുതിയ സർവീസ് തുടക്കം. ഒക്ടോബർ എട്ട് മുതൽ ഈ റൂട്ടിൽ സർവീസ് ആരംഭിക്കും. ദൽഹി - കൊൽക്കത്ത, ദൽഹി  - ബംഗളൂരു റൂട്ടുകളിൽ കൂടുതൽ സർവീസുകൾ ആരംഭിക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്. 
ആഭ്യന്തര സർവീസ് വിപുലീകരണ ഭാഗമായാണ് സ്‌പൈസ് ജെറ്റ് പുതിയ സർവീസുകൾ ആരംഭിക്കുന്നത്. കഴിഞ്ഞ ഏപ്രിലിൽ സ്‌പൈസ് ജെറ്റ് 142 പുതിയ വിമാനങ്ങൾ പ്രഖ്യാപിച്ചിരുന്നു. അതിൽ 78 എണ്ണം മുംബൈയുമായി ബന്ധിപ്പിക്കുന്നതും 30 എണ്ണം ദൽഹിയുമായി ബന്ധിപ്പിക്കുന്നതും 12 വിമാനങ്ങൾ മുംബൈയ്ക്കും ദൽഹിക്കും ഇടയിലുള്ളതുമാണ്. നിലവിൽ 62 വിമാനത്താവളങ്ങളിലേക്ക് 550 പ്രതിദിന സർവീസുകൾ സ്‌പൈസ് ജെറ്റിനുണ്ട്. 52 ആഭ്യന്തര വിമാനത്താവളങ്ങളും 10 അന്താരാഷ്ട്ര രാജ്യങ്ങളും ഉൾപ്പെടെയാണിത്. 
ജെറ്റ് എയർവേയ്‌സ് സർവീസ് നിർത്തിയതോടെ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയ വിമാനക്കമ്പനികളിലൊന്നാണ് സ്‌പൈസ് ജെറ്റ്. നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ സ്‌പൈസ് ജെറ്റ് എക്കാലത്തെയും ഉയർന്ന അറ്റാദായമായ 261.7 കോടി രൂപയാണ് സ്വന്തമാക്കിയത്. കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 38.1 കോടി രൂപയുടെ നഷ്ടത്തിലായിരുന്നു കമ്പനി. 2019 ജൂണിൽ അവസാനിച്ച പാദത്തിൽ സ്‌പൈസ് ജെറ്റിന്റെ മൊത്തം വരുമാനം 3145.3 കോടി രൂപയായി ഉയർന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 2253.3 കോടി രൂപയായിരുന്നു.

 

Latest News