Wednesday , February   26, 2020
Wednesday , February   26, 2020

ഓഹരി ഇൻഡക്‌സുകൾ പുതിയ ദിശ കണ്ടെത്താനാവാതെ വലഞ്ഞു

ഇന്ത്യൻ ഓഹരി ഇൻഡക്‌സുകൾ അനുകൂല വാർത്തകളുടെ അഭാവത്തിൽ പുതിയ ദിശ കണ്ടെത്താനാവാതെ വലഞ്ഞു. കഴിഞ്ഞ ആറാഴ്ചകളിൽ അഞ്ചിലും തിരിച്ചടി സംഭവിച്ച ഓഹരി സൂചികയ്ക്ക് ഊർജം പകരുന്ന  നിർദേശങ്ങൾ ധനമന്ത്രിയിൽ നിന്ന് പുറത്തു വരുന്നതിനായി നിക്ഷേപകർ കാതോർക്കുന്നു. ബോംബെ സെൻസെക്‌സ് 232 പോയന്റും നിഫ്റ്റി 62 പോയന്റും പോയവാരം താഴ്ന്നു. അവധി ദിനങ്ങൾ മൂലം ഇടപാടുകൾ മുന്ന് ദിവസങ്ങളിൽ ഒതുങ്ങി. 
വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർ ജൂലൈ 1 മുതൽ ഓഗസ്റ്റ് 9 വരെ 23,500 കോടി രൂപയുടെ നിക്ഷേപം തിരിച്ചു പിടിച്ചു. എന്നാൽ കഴിഞ്ഞ വാരം അവർ വാങ്ങലുകാരായി രംഗത്ത് ഇറങ്ങി. മൂന്ന് ദിവസങ്ങളിൽ അവർ 718 കോടി രൂപയുടെ ഓഹരി ശേഖരിച്ചു. ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ കഴിഞ്ഞ വാരം 2879.63 കോടി രൂപയുടെ ഓഹരികൾ വാങ്ങി. 
ചെവാഴ്ച്ച ഓപണിങ് വേളയിൽ മികവ് കാണിച്ച നിഫ്റ്റി 11,175 വരെ കയറി. എന്നാൽ പിന്നീട് 10,919 റേഞ്ചിലേയ്ക്ക് തളർന്നങ്കിലും മാർക്കറ്റ് ക്ലോസിങിൽ സൂചിക 11,048 പോയന്റിലാണ്. ഈ വാരം 11,175 ലേയ്ക്ക് ഉയരാൻ തന്നെയാവും ആദ്യ ശ്രമം. ഈ നീക്കം വിജയിച്ചില്ലെങ്കിൽ മുൻവാരത്തിലെ 10,919 ലേയ്ക്ക് ഒരിക്കൽ കൂടി കൂടുതൽ സാങ്കേതിക പരീക്ഷണങ്ങൾ നടത്താം. സപ്പോർട്ട് നഷ്ടപ്പെട്ടാൽ 10,791 റേഞ്ചിലേയ്ക്ക് സൂചിക നീങ്ങാം. അതേ സമയം ആദ്യ പ്രതിരോധം തകർക്കാനായാൽ നിഫ്റ്റി 11,200 ന് മുകളിൽ ഇടം പിടിക്കും. നിഫ്റ്റിക്ക് 100 ആഴ്ചകളിലെ ശരാശരിയായ 11,870 ൽ ശക്തമായ താങ്ങ് നിലനിൽക്കുന്നുണ്ട്.               
ബോംബെ സെൻസെക്‌സ് 37,552 ൽ നിന്ന് കൂടുതൽ മികവിന് അവസരം ലഭിക്കാതെ 36,941 പോയന്റ് വരെ താഴ്‌ന്നെങ്കിലും പിന്നീട് നടത്തിയ തിരിച്ചു വരവിൽ 37,350 ൽ എത്തി. ഈവാരം 37,645 ലെ ആദ്യ തടസ്സം മറികടക്കാനായാൽ 37,940 നെ ലക്ഷ്യമാക്കി സെൻസെക്‌സ് മുന്നേറും. എന്നാൽ വിൽപന സമ്മർദം ഉടലെടുത്താൽ സൂചിക 36,998-36,646 ലെ താങ്ങിൽ പരീക്ഷണം നടത്തും. 
മുൻനിരയിലെ പത്ത് കമ്പനികളിൽ ഒൻപതിന്റെയും വിപണി മൂല്യത്തിൽ 84,354.1 കോടി രൂപയുടെ ഇടിവ്. ടാറ്റാ കൺസൾട്ടൻസി സർവീസസിനാണ് എറ്റവും കനത്ത ഇടിവ്. എച്ച്ഡിഎഫ്‌സി ബാങ്ക്, എച്ച് യു എൽ, എച്ച്ഡിഎഫ്‌സി, ഇൻഫോസിസ്, ഐടിസി, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ എന്നിവയ്ക്ക് തിരിച്ചടി നേരിട്ടു. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് മാത്രമാണ് മികവ് കാണിച്ചത്. പ്രമുഖ ക്രെഡിറ്റ് റേറ്റങ് ഏജൻസി ആർഐഎല്ലിന്റെ റേറ്റിങിൽ വരുത്തിയ ഭേദഗതി നേട്ടമായി. 
രാജ്യത്തിന്റെ  സമ്പദ്ഘടനയിൽ ദൃശ്യമായ തളർച്ചയും വ്യവസായിക മേഖലയെ ബാധിച്ച മാന്ദ്യവും വിനിമയ വിപണിയിൽ രൂപ കരുത്ത് നിലനിർത്തുന്നതിൽ അടിക്കടി പ്രതിസന്ധിയിൽ അകപ്പെടുന്നതുമെല്ലാം മുൻനിര കമ്പനികളുടെ പ്രവർത്തന ഫലങ്ങളെ കാര്യമായി ബാധിച്ചു. ജൂണിൽ അവസാനിച്ച പാദത്തിൽ നിഫ്റ്റി 50 കമ്പനികളിൽ പകുതിയോളം മികവ് നിലനിർത്തുന്നതിൽ പരാജയപ്പെട്ടു. ത്രൈമാസ പ്രവർത്തന ഫലങ്ങളിൽ പലതും മൂന്ന് വർഷത്തെ മോശം നിലയിലാണ്. 
ഫോറെക്‌സ് മാർക്കറ്റിൽ യു എസ് ഡോളറിന് മുന്നിൽ രൂപയുടെ മൂല്യം 70.90 ൽ നിന്ന് 71.47 വരെ നീങ്ങിയ ശേഷം ക്ലോസിങിൽ 71.14 ലാണ്. വിനിമയ മൂല്യം വാരമധ്യം ഇടിഞ്ഞെങ്കിലും വിദേശ ഫണ്ടുകൾക്ക് ഏർപ്പെടുത്തിയ അധിക നികുതിയുടെ കാര്യത്തിൽ ധനമന്ത്രാലയം അനുകൂല നിലപാട് സ്വീകരിക്കുമെന്ന പ്രതീക്ഷയിൽ വാരാവസാനം ഓപറേറ്റമാർ ഡോളർ വിറ്റുമാറാൻ ഉത്സാഹിച്ചു. ഈ വാരം വിനിമയ മൂല്യം 70.57 - 71.60 റേഞ്ചിൽ നിലകൊള്ളാം.
ജനുവരിക്ക് ശേഷം രൂപയുടെ മൂല്യം 1.95 ശതമാനം ഇടിഞ്ഞു. ഏഷ്യയിലെ മറ്റ് പല നാണയങ്ങളുമായി താരതമ്യം ചെയുമ്പോൾ ഇന്ത്യൻ രൂപയ്ക്ക് കാര്യമായ പരിക്ക് സംഭവിച്ചിട്ടില്ല.  ദക്ഷിണ കൊറിയൻ നാണയത്തിന് എട്ട് മാസത്തിനിടയിൽ 8.29 ശതമാനം ഇടിവ് നേരിട്ടു. അതേ സമയം ഏഷ്യൻ നാണയങ്ങളിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് തായ്‌ലന്റിന്റെ തായ് ബാടാണ്, ഇതിന്റെ മൂല്യം ജനുവരി, ഓഗസ്റ്റ് കാലയളവിൽ 4.56 ശതമാനം ഉയർന്നു.

 

Latest News