Thursday , February   20, 2020
Thursday , February   20, 2020

സാമ്പത്തിക പ്രതിസന്ധി: രക്ഷക്കായി കേന്ദ്രം നികുതി ഇളവ് പ്രഖ്യാപിച്ചേക്കും

പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ധനമന്ത്രി നിർമല സീതാരാമനും

ഇന്ത്യ അതിഗുരുതരായ സാമ്പത്തിക പ്രതിസന്ധിയെ നേരിടുകയാണെന്നും ഇതിനെ മറികടക്കാനുള്ള ആലോചനകൾ ഉന്നത തലത്തിൽ ആരംഭിച്ചതായും റിപ്പോർട്ട്. ഇതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനുമായി ചർച്ച നടത്തി. നിലവിലെ മാന്ദ്യം എങ്ങനെ മറികടക്കാം എന്നതായിരുന്നു ചർച്ച. സാമ്പത്തിക വളർച്ചയ്ക്കായുള്ള വിവിധ നിർദേശങ്ങളും പ്രധാനമന്ത്രി അവലോകനം ചെയ്തു. സാമ്പത്തിക മേഖലയുടെ രക്ഷക്കായി പുതിയ നയങ്ങളും നികുതി വെട്ടിക്കുറവുകളും ഉൾപ്പെടുന്ന പ്രഖ്യാപനം താമസിയാതെ ഉണ്ടാകാൻ സാധ്യതയുണ്ട്.   വിവിധ മേഖലാ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചകളെക്കുറിച്ച വിവരങ്ങൾ മന്ത്രി നിർമല സീതാരാമൻ പ്രധാനമന്ത്രിയെ ധരിപ്പിച്ചു. ഏറ്റവും കൂടുതൽ പ്രതിസന്ധി നേരിടുന്നത് വാഹന മേഖലയാണ്. കുറഞ്ഞ തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ, നിശ്ചലമായ വേതനം, ഉയർന്ന ജി.എസ്.ടി നിരക്കുകൾ എന്നീ പ്രതിസന്ധിയാണ് വിവിധ മേഖലകൾ പ്രധാനമായും നേരിടുന്നത്.  രാജ്യത്തെ അതിസമ്പന്നരുടെ നികുതി സർചാർജിനെക്കുറിച്ച് വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർ ഉന്നയിച്ച ആശങ്കകളും ഇരുവരും പങ്കുവെച്ചു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഇന്ത്യയിൽ നിന്ന് വൻതോതിൽ വിദേശ  നിക്ഷേപം പിൻവലിക്കപ്പെട്ടത് ഓഹരി വിപണിയുടെ തകർച്ചക്കിടയാക്കിയിട്ടുണ്ട്. 
വാഹന വ്യവസായ മേഖല നേരിടുന്ന മാന്ദ്യത്തെ തുടർന്ന് ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് (എം.എസ്.ഐ.എൽ) മൂവായിരത്തിലേറെ താൽക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടു. സ്ഥിരം ജോലിക്കാർക്ക് പ്രശ്‌നമില്ലെന്നും താൽക്കാലിക ജീവനക്കാരുടെ കരാർ പുതുക്കിയില്ലെന്നുമാണ് ഇതു സംബന്ധിച്ച്  ചെയർമാൻ ആർ.സി. ഭാർഗവ നൽകിയ വിശദീകരണം
വിൽപന, സേവനം, ഇൻഷുറൻസ്, ലൈസൻസിംഗ്, ധനസഹായം, ആക്‌സസറികൾ, ഡ്രൈവർമാർ, പെട്രോൾ പമ്പുകൾ, ഗതാഗതം എന്നീ മേഖലകളെയാണ് വാഹന മേഖലയിലെ മാന്ദ്യം കൂടുതലായും ബാധിച്ചത്. ഇത് ഈ മേഖലകളിലെ തൊഴിലിനെയും വൻതോതിൽ ബാധിച്ചു. 
2021 സാമ്പത്തിക വർഷത്തിൽ ഓട്ടോമൊബൈൽ മേഖലയിൽ ശക്തമായ പുനരുജ്ജീവനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ആർ.സി. ഭാർഗവ വ്യക്തമാക്കി. ഈ മേഖലക്ക് ഗുണകരമാകുന്ന പ്രഖ്യാപനങ്ങൾ സർക്കാർ നടത്തുകയും ക്രിയാത്മക നടപടികൾ കൈക്കൊള്ളുകയും ചെയ്താൽ സ്ഥിതി മെച്ചപ്പെട്ടേക്കാമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 
ജി.എസ്.ടി നിരക്ക് കുറയ്ക്കുന്നത് പോലുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കണം. ഇലക്ട്രിക് വാഹനങ്ങൾക്ക് സർക്കാർ നികുതി കുറച്ചെങ്കിലും ഹൈബ്രിഡ് കാറുകൾക്ക് എക്‌സൈസ് ഡ്യൂട്ടി കുറയ്ക്കണമെന്നും സിഎൻജി വാഹനങ്ങളുടെയും നികുതിയിൽ ഇളവ് വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മാന്ദ്യത്തെത്തുടർന്ന് രണ്ട് ദിവസത്തേക്ക് തമിഴ്‌നാട്ടിലെ പാഡി ഫാക്ടറി അടച്ചുപൂട്ടുമെന്ന് ടിവിഎസ് ഗ്രൂപ്പ് കഴിഞ്ഞ ദിവസം അറിയിച്ചു. ഇരുചക്ര വാഹന നിർമാതാക്കളായ ഹീറോ മോട്ടോകോർപ്പും നാലു ദിവസത്തേയ്ക്ക് പ്ലാന്റുകൾ അടക്കുന്നതായി അറിയിച്ചു. ജൂലൈയിൽ പാസഞ്ചർ കാർ വിൽപന 35.95 ശതമാനം കുറഞ്ഞതിന്റെ ഫലമായി തൊഴിൽ വെട്ടിക്കുറവ് ഇതിനകം 2.5 ലക്ഷമായി ഉയർന്നിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
 

Latest News