Sorry, you need to enable JavaScript to visit this website.

ബഷീറിന്റെ മരണം: പോലീസിനെതിരെ ഡോക്ടർമാർ

തിരുവനന്തപുരം- ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിച്ച് മാധ്യമപ്രവർത്തകൻ കെ.എം ബഷീർ കൊല്ലപ്പെട്ട കേസിൽ ഡോക്ടർമാരുടെ സംഘടന പോലീസിനെതിരെ രംഗത്ത്. പോലീസിന്റെ വീഴ്ച ജനറൽ ആശുപത്രിയിലെ ഡോക്ടര്‍‍മാരുടെ മേൽ കെട്ടിവെക്കാൻ ശ്രമിക്കുകയാണെന്ന് കെ.ജി.എം.ഒ.എ വ്യക്തമാക്കി. പോലീസ് റിപ്പോർട്ടിനെതിരെ മുഖ്യമന്ത്രിക്കും, സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നൽകുമെന്നും കെ.ജി.എം.ഒ അറിയിച്ചു. പോലീസ് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ജനറൽ ആശുപത്രിയിലെ ഡോക്ടർ രക്തമെടുക്കാൻ തയ്യാറായില്ലെന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥനായ ഷീൻ തറയിൽ കോടതിയിൽ നൽകിയ റിപ്പോർട്ട്. ബഷീർ മരണപ്പെട്ടകേസിൽ കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട്  സിറാജ് പത്രത്തിന്റെ മാനേജർ സെയ്ഫുദ്ദീൻ ഹാജി നൽകിയ ഹർജി തളളണമെന്നാവശ്യപ്പെട്ടാണ് പോലീസ് റിപ്പോർട്ട് നൽകിയത്.  ബഷീർ മരിച്ചശേഷം സിറാജ് പത്രത്തിൻറെ മാനേജറുടെ മൊഴി വൈകിയതാണ് രക്തപരിശോധന വൈകാൻ കാരണമായതെന്ന വിചിത്ര ന്യായീകരണവും പോലീസ് റിപ്പോർട്ടിലുണ്ടായിരുന്നു. പലതവണ ജനറൽ ആശുപത്രിയിലെ ഡോക്ടറോട് രക്തം എടുക്കാൻ ആവശ്യപ്പെട്ടെങ്കിലും കേസില്ലാത്തതിനാൽ ഡോക്ടർ ഇതിന് തയ്യാറായില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കേസിന്റെ പ്രാഥമിക അന്വേഷണത്തിൽ മ്യൂസിയം പൊലീസിന് വളരെ ഗുരുതരമായ വീഴ്ച സംഭവിച്ചതായി കണ്ടെത്തുകയും ഇതേ തുടർന്ന് മ്യൂസിയം എസ്.ഐ ജയപ്രകാശിനെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.
 

Latest News