കൊല്‍ക്കത്ത- സാമുദായിക കലാപത്തിനുശേഷം സമാധാനത്തിലേക്ക് തിരികെ എത്തിയ പശ്ചിമ ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയില്‍ സ്‌നേഹത്തിന്റേയും സഹകരണത്തിന്റേയും പുതിയ കഥകള്‍.
കലാപത്തില്‍ കടകള്‍ നഷ്ടമായ അയല്‍ക്കാരായ ഹിന്ദുക്കള്‍ക്ക് അവ പുനസ്ഥാപിച്ചു നല്‍കാന്‍ പണം ശേഖരിക്കുന്നത് മുസ്്‌ലിംകളാണ്. കലാപം നടന്ന ബാസിര്‍ഹട്ടില്‍ നൂറോളം കടകള്‍ക്കും വീടുകള്‍ക്കും അക്രമികള്‍ തീയിട്ടിരുന്നു.
പ്രവാചകനെ അവഹേളിക്കുന്ന ഫേസ് ബുക്ക് പോസ്റ്റിനെതിരെ ഉയര്‍ന്ന പ്രതിഷേധമാണ് ബാസിര്‍ഹട്ടിലും ബദൂരിയയിലും അക്രമാസക്തമായതും ഏറ്റുമുട്ടലില്‍ കലാശിച്ചതും. അക്രമാസക്തരായ ജനക്കൂട്ടം പലയിടത്തും റോഡ് തടസ്സമുണ്ടാക്കുകുയം ഇതര മതക്കാരെ ആക്രമിക്കുകയുമായിരുന്നു.
ബാബ്‌രി മസ്ജിദ് തകര്‍ക്കപ്പെട്ട ശേഷം പോലും ഞങ്ങളുടെ ഈ പട്ടണം ശാന്തമായിരുന്നുവെന്നും ചൊവ്വാഴ്ച നടന്ന സംഭവങ്ങള്‍ ഒരിക്കലും പാടില്ലായിരുന്നുവെന്നും പ്രാദേശിക ബിസിനസുകാരനായ ഗാജി പറഞ്ഞു. പുറമെനിന്നെത്തിയവരും ഞങ്ങളുടെ ചില കുട്ടികളുമാണ് കാരണക്കാര്‍. ഇപ്പോള്‍ ഞങ്ങള്‍ അയല്‍ക്കാരുടെ നഷ്ടം നികത്താന്‍ പണം ശേഖരിക്കുകയാണ്. അവരുടെ നഷ്ടം നികത്തി പുതിയ തുടക്കത്തിനു സഹായിക്കുകയാണ് ലക്ഷ്യം- അദ്ദേഹം പറഞ്ഞു.
നൂറുകണക്കിനാളുകള്‍ കട ആക്രമിക്കുകയായിരുന്നുവെന്നും 15,000 രൂപയുടെ നഷ്ടമുണ്ടെന്നും കടയുടമകളില്‍ ഒരാളായ അജയ് പാല്‍ പറഞ്ഞു. എല്ലാം അവര്‍ എടുത്തുകൊണ്ടുപോയി. എന്തിനാണെന്നറയില്ല. ഇപ്പോള്‍ അയല്‍ക്കാരും മുസ്്‌ലിം സുഹൃത്തുക്കളും എന്നെ സഹായിക്കുകയാണ്. കച്ചവടം തുടങ്ങാന്‍ അവര്‍ പണം വാഗ്ദാനം ചെയ്തിട്ടുണ്ട്- അജയ്പാല്‍ പറഞ്ഞു.
വ്യാഴാഴ്ചക്കുശേഷം ബദൂരിയയും ബാസര്‍പട്ടും ശാന്തമാണ്. ബാസിര്‍ഹട്ടില്‍ ചേര്‍ന്ന സമാധാന യോഗങ്ങളില്‍ ഇരു സമുദായങ്ങളിലേയും നേതാക്കള്‍ പങ്കെടുത്തു.