Sorry, you need to enable JavaScript to visit this website.

ധാർഷ്ട്യം മാറ്റണം, മാന്യമായി പെരുമാറണം; സി.പി.എം സംസ്ഥാന സമിതി 

തിരുവനന്തപുരം - ധാർഷ്ട്യം മാറ്റിവെച്ച് ജനങ്ങളോട് മാന്യമായി പെരുമാറണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റിൽ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അവതരിപ്പിച്ച റിപ്പോർട്ടിൽ പരാമർശം. നേതാക്കളുടെ പ്രവർത്തന ശൈലി മാറ്റണമെന്നും സംസ്ഥാന സെക്രട്ടറിയേറ്റിൽ അഭിപ്രായമുയർന്നു. പെരുമാറ്റം നന്നാവാതെ ജനങ്ങളോട് അടുക്കാൻ കഴിയില്ല. യുവാക്കളെ കൂടുതലായി പാർട്ടിയിലേക്ക് ആകർഷിക്കാനാവണം. പാർട്ടിയിലെയും വർഗ ബഹുജന സംഘടനകളിലെയും വനിതാ പ്രാതിനിധ്യം കുറഞ്ഞുവെന്നും സംസ്ഥാന സെക്രട്ടറിേയറ്റ് വിലയിരുത്തി. കഴിഞ്ഞ സി.പി.എം സംസ്ഥാന കമ്മിറ്റിയുടെ തീരുമാന പ്രകാരം കീഴ്ഘടകങ്ങൾ നടത്തിയ ഭവന സന്ദർശനത്തിൽ നിന്നും ലഭിച്ച അഭിപ്രായങ്ങളും നിർദേശങ്ങളും ക്രോഡീകരിച്ച റിപ്പോർട്ടാണ് സംസ്ഥാന സെക്രട്ടറിേയറ്റിൽ അവതരിപ്പിച്ചത്. നേതാക്കളുടെ ശൈലി മാറണമെന്നു ജില്ലാ കമ്മിറ്റികൾ തയാറാക്കിയ റിപ്പോർട്ടിൽ പരാമർശമുണ്ടായിരുന്നു. തെറ്റു തിരുത്തൽ കരടിൽ ഇന്നലെ ചർച്ച ആരംഭിച്ചു. ഇന്നും നാളെയും സംസ്ഥാന സെക്രട്ടറിേയറ്റും തുടർന്നുളള മൂന്നു ദിവസങ്ങളിൽ സംസ്ഥാന കമ്മിറ്റിയും ചേരും. 
ലോക്‌സഭാ തെരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ പാർട്ടി സംസ്ഥാന നേതൃത്വം ജനങ്ങളിൽനിന്നും അകലുന്നുവെന്ന കേന്ദ്ര കമ്മിറ്റി നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തെറ്റു തിരുത്തൽ കാമ്പയിന്റെ ഭാഗമായി സ്വയം വിമർശനത്തിന്റെ അടിസ്ഥാനത്തിലാണ് സി.പി.എം നേതൃയോഗങ്ങൾ ഇന്നലെ ചർച്ച ആരംഭിച്ചത്. ജനങ്ങളുടെ മനസ്സ് മനസ്സിലാക്കുന്നതിൽ വീഴ്ച വരുത്തിയെന്നും കേന്ദ്ര നേതൃത്വം നിരീക്ഷിച്ചിരുന്നു. സാന്ത്വന പരിചരണ മേഖലയിൽ കൂടുതൽ ശക്തമായി ഇടപെടാനും സെക്രട്ടറിയേറ്റ് തീരുമാനിച്ചു. പി.കൃഷ്ണപിള്ള ദിനത്തിൽ ഇതിന്റെ തുടക്കം കുറിക്കാനാണ് തീരുമാനം. നേതൃനിര ഉൾപ്പെടെ ഗൃഹസന്ദർശനം നടത്തി കിടപ്പു രോഗികളുടെ വിവരങ്ങൾ ശേഖരിച്ച് സർവേ നടത്തി വിവരങ്ങൾ ജില്ലാ അടിസ്ഥാനത്തിൽ ക്രോഡീകരിച്ച് സാന്ത്വന പരിചരണ പരിപാടികൾ ആസൂത്രണം ചെയ്യും. ആഴ്ചയിൽ ഒരു പ്രാവശ്യമെങ്കിലും സാന്ത്വന പരിചരണത്തിന് പരിശീലനം ലഭിച്ച വളണ്ടിയർമാരുമായി രോഗികളെ സന്ദർശിക്കാനാണ് തീരുമാനം. ഡോക്ടർമാരെയും നഴ്‌സുമാരെയും പരിചരണ പ്രവർത്തനത്തിൽ പങ്കാളികളാക്കും. കക്ഷി രാഷ്ട്രീയത്തിനതീതമായ എല്ലാവർക്കും പരിചരണം നൽകും. ഈ പ്രവർത്തനം പൂർത്തിയാക്കുന്നതിലൂടെ ഓരോ ജില്ലയും സമ്പൂർണ സാന്ത്വന പരിചരണ ജില്ലയായി പ്രഖ്യാപിക്കാനാണ് സി.പി.എം ലക്ഷ്യമിടുന്നത്. 

Latest News