Sorry, you need to enable JavaScript to visit this website.

വാര്‍ത്തകള്‍ വളച്ചൊടിക്കുന്നത് ഇങ്ങനെ; അല്‍ ജസീറയെ പരിഹസിക്കുന്ന ഹാഷ് ടാഗ് ഹിറ്റായി

നടക്കാൻ കഴിയാതെ പ്രയാസപ്പെട്ട വൃദ്ധ തീർഥാടകനെ സ്വന്തം കൈകളിൽ വാരിയെടുത്ത് പുഞ്ചിരിയോടെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതിന് ശ്രമിക്കുന്ന സുരക്ഷാ ഭടന്റെ ഫോട്ടോക്ക് 'നടന്ന് ഹജ് കർമം നിർവഹിക്കുന്നതിനുള്ള അവസരം തീർഥാടകന് സുരക്ഷാ സൈനികൻ നിഷേധിക്കുന്നു' എന്ന അടിക്കുറിപ്പോടെ ഖത്തറിലെ അൽജസീറ ചാനലിന്റെ സൗദി വിരുദ്ധ സമീപനത്തെ പരിഹസിക്കുന്നതിന് ആരംഭിച്ച ഹാഷ്ടാഗിൽ പോസ്റ്റ് ചെയ്ത സന്ദേശം 

റിയാദ് - സൗദി അറേബ്യയെ കുറിച്ച എന്തിലും ഏതിലും കുറ്റങ്ങൾ മാത്രം കാണുന്ന ഖത്തറിലെ അൽജസീറ ചാനലിന്റെ സമീപനത്തെ പരിഹസിക്കുന്നതിന് സൗദിയിലെ സാമൂഹിക മാധ്യമ ഉപയോക്താക്കൾ ട്വിറ്ററിൽ ആരംഭിച്ച ഹാഷ്ടാഗ് വൻ ഹിറ്റായി . 'അൽജസീറ ചാനൽ എന്ന നിലയിൽ ട്വീറ്റ് ചെയ്യുക' എന്ന ശീർഷകത്തിൽ ആരംഭിച്ച ഹാഷ്ടാഗിനോട് യു.എ.ഇ വിദേശകാര്യ സഹമന്ത്രി ഡോ. അൻവർ ഗർഗാശ് അടക്കം ആയിരങ്ങളാണ് പ്രതികരിക്കുന്നത്. പ്രൊഫഷനലിസം പാലിക്കാതെ പച്ചക്കള്ളങ്ങൾ പടച്ചുവിടുകയും വ്യാജ വാർത്തകൾ കെട്ടിച്ചമക്കുകയും ചെയ്യുന്ന അൽജസീറ ചാനലിന്റെയും അതിലെ മാധ്യമ പ്രവർത്തകരുടെയും അവസ്ഥ തുറന്നുകാട്ടുന്ന ശക്തമായ സന്ദേശങ്ങൾ പോസ്റ്റ് ചെയ്യുന്ന ഹാഷ്ടാഗ് ആശയം തന്നെ ഹഠാദാകർഷിച്ചതായി ഡോ. അൻവർ ഗർഗാശ് പറഞ്ഞു. 
അൽജസീറ ചാനൽ പുറത്തു വിടുന്നതു പോലെയുള്ള ട്വീറ്റുകൾ ഹാഷ്ടാഗ് വഴി പ്രചരിപ്പിക്കുന്നതിന് സൗദി സാമൂഹിക മാധ്യമ ഉപയോക്താക്കൾ ആവശ്യപ്പെട്ടു. അൽജസീറ ചാനലിന്റെ ഭാഗത്തു നിന്നുള്ള ന്യായീകരിക്കാൻ കഴിയാത്ത സൗദി വിരുദ്ധ ആക്രമണങ്ങളെ കണക്കിന് കളിയാക്കുന്ന ഹാസ്യാത്മകമായ ആയിരക്കണക്കിന് ട്വീറ്റുകൾ ഹാഷ്ടാഗിനു കീഴിൽ സൗദി പൗരന്മാർ പോസ്റ്റ് ചെയ്തു. ഹജ് സീസണുമായും മറ്റും ബന്ധപ്പെട്ട് സൗദി അറേബ്യയിലെ ഏതു സംഭവങ്ങളും വാർത്തകളും വളച്ചൊടിച്ച് സൗദി വിരുദ്ധമാക്കി മാറ്റുന്നതിൽ അൽജസീറക്കുള്ള മെയ്‌വഴക്കത്തെ പരിഹസിക്കുന്നതാണ് ഓരോ ട്വീറ്റുകളും. ഈ വർഷത്തെ ഹജിനിടെയുള്ള ഫോട്ടോകൾ പോസ്റ്റ് ചെയ്ത് രസകരമായ അടിക്കുറിപ്പുകൾ നൽകിയാണ് അൽജസീറയെ സാമൂഹിക മാധ്യമ ഉപയോക്താക്കൾ കളിയാക്കുന്നത്. 
വൃദ്ധനായ ഹജ് തീർഥാടകന്റെ കൈയിൽ പിടിച്ച് സുരക്ഷാ സൈനികൻ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് സഹായിക്കുന്ന ഫോട്ടോക്കു താഴെ 'ഹജ് തീർഥാടകന്റെ കൈ സുരക്ഷാ ഭടൻ വളച്ചൊടിക്കുന്നു' എന്ന അടിക്കുറിപ്പാണ് സാമൂഹിക മാധ്യമ ഉപയോക്താക്കളിൽ ഒരാൾ നൽകിയത്. വിശുദ്ധ കഅ്ബാലയത്തിൽ സ്പർശിക്കുന്നതിനും ചുംബിക്കുന്നതിനും വിദേശ ബാലനെ സൗദി സുരക്ഷാ സൈനികൻ കൈയിൽ എടുത്ത് സഹായിക്കുന്ന ഫോട്ടോക്കു താഴെ 'വിദേശ ബാലന്റെ ശിരസ്സ് കഅ്ബയിൽ കൂട്ടിയിടിച്ച് സുരക്ഷാ സൈനികൻ തകർക്കുന്നു' എന്ന അടിക്കുറിപ്പ് മറ്റൊരാൾ നൽകി. 
ഈ വർഷത്തെ ഹജിനിടെ ഏറ്റവും പ്രശസ്തമായ ഫോട്ടോയും ഇതേപോലെ ആക്ഷേപഹാസ്യ അടിക്കുറിപ്പോടെ ഹാഷ്ടാഗിൽ പോസ്റ്റ് ചെയ്തു. ക്ഷീണം മൂലം അവശനായ വൃദ്ധ തീർഥാടകനെ സ്വന്തം കൈകളിൽ വാരിയെടുത്ത് പുഞ്ചിരിയോടെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതിന് ശ്രമിക്കുന്ന സുരക്ഷാ ഭടന്റെ ഫോട്ടോക്കു താഴെ 'നടന്ന് ഹജ് കർമം നിർവഹിക്കുന്നതിനുള്ള അവസരം തീർഥാടകന് സുരക്ഷാ സൈനികൻ നിഷേധിക്കുന്നു' എന്ന അടിക്കുറിപ്പാണ് ഹാഷ്ടാഗിൽ പങ്കെടുത്ത മറ്റൊരാൾ നൽകിയത്. ഈ വർഷത്തെ ഏറ്റവും മികച്ച ഫോട്ടോയായി ഈ ചിത്രത്തെ തെരഞ്ഞെടുത്ത് ഫോട്ടോഗ്രഫർക്ക് മക്ക ഗവർണറും സെൻട്രൽ ഹജ് കമ്മിറ്റി ചെയർമാനുമായ ഖാലിദ് അൽഫൈസൽ രാജകുമാരൻ കാഷ് പ്രൈസും മെമന്റോയും സമ്മാനിച്ചിരുന്നു. 
സുരക്ഷാ സൈനികൻ മാജിദ് അലി അൽഹികമിയാണ് അറഫ ദിനത്തിൽ വൃദ്ധ തീർഥാടകനെ തന്റെ കൈകളിൽ വാരിയെടുത്ത് മുസ്ദലിഫയിലെത്തുന്നതിന് സഹായിച്ചത്. കാലിനു താഴെ മുറിവേറ്റ് നടക്കാൻ പ്രയാസപ്പെട്ട തീർഥാടകനെ താൻ സഹായിക്കുകയായിരുന്നെന്ന് മാജിദ് അൽഹികമി പറഞ്ഞു.


 

Latest News