Sorry, you need to enable JavaScript to visit this website.

ബി.ജെ.പി കണ്ണൂർ ജില്ലാ പ്രസിഡന്റ് സ്ഥാനം;  കൃഷ്ണദാസ്, മുരളീധരൻ വിഭാഗങ്ങൾ നേർക്കുനേർ 

തലശ്ശേരി - കണ്ണൂർ ജില്ലാ ബി.ജെ.പി പ്രസിഡന്റ് സ്ഥാനത്തിനായി പാർട്ടിയിൽ വീണ്ടും വടംവലി. പി.കെ.കൃഷ്ണദാസ് വിഭാഗവും, വി.മുരളീധരൻ വിഭാഗവുമാണ് തങ്ങളുടെ പക്ഷക്കാരനെ പ്രസിഡന്റാക്കാൻ രംഗത്തിറങ്ങിയിട്ടുളളത്. നിലവിൽ പി.കെ.കൃഷ്ണദാസ് പക്ഷത്തിന്റെ ഉറച്ച ജില്ലയാണ് കണ്ണൂർ. എന്നാൽ വി.മുരളീധരനുമായി അനുഭാവമുളള ജില്ലാ നേതാക്കൾ ഏറിയതോടെ പ്രസിഡന്റ് സ്ഥാനം പിടിക്കാൻ ശക്തമായ നീക്കവുമായി മറുവിഭാഗവും രംഗത്തുണ്ട്. സെപ്റ്റംബർ 11 മുതൽ 30 വരെ ബൂത്തുകമ്മിറ്റി തെരഞ്ഞെടുപ്പുകൾ നടക്കും. ഒക്ടോബർ 11 മുതൽ മണ്ഡലം തെരഞ്ഞെടുപ്പും, അതിനു ശേഷം നവംബർ 30 നുളളിൽ ജില്ലാ പ്രസിഡന്റിനെയും തെരഞ്ഞെടുക്കണം. ദേശീയ തലത്തിൽ നിന്നും നിർദേശം എത്തിയതോടെ കണ്ണൂരിൽ ഗ്രൂപ്പ് പോരാട്ടവും ശക്തമായി. 
നിലവിലെ പ്രസിഡന്റ് പി.സത്യപ്രകാശിനെ മാറ്റി പുതിയ പ്രസിഡന്റ് വേണമെന്ന തീരുമാനത്തിലാണ്  നേതൃത്വം. അതിനാൽ തളിപ്പറമ്പ് സ്വദേശിയും ബി.ജെ.പി മേഖലാ വൈസ് പ്രസിഡന്റുമായ എ.പി.ഗംഗാധരനെ പ്രസിഡന്റാക്കാനാണ് പി.കെ.കൃഷ്ണദാസ് വിഭാഗം തീരുമാനിച്ചിട്ടുളളത്. 
ഇതിനെതിരെ ശക്തമായ പ്രതിഷേധം നേതൃത്വത്തിനുളളിൽ നിന്നു തന്നെ ഉയർന്നതായാണ് സൂചനകൾ. സംസ്ഥാന സെൽ കോർഡിനേറ്റർ കെ.രഞ്ജിത്തിന്റെ ആജ്ഞാനുവർത്തികളായവരെ പ്രസിഡന്റാക്കാൻ അനുവദിക്കുകയില്ലെന്ന് ബി.ജെ.പിയുടെ മുതിർന്ന നേതാവ് മലയാളം ന്യൂസിനോട് പറഞ്ഞു. 
നിലവിൽ നടക്കുന്നത് സെൽ കോർഡിനേറ്ററുടെ സെ ൽഭരണമാണ്. പി.സത്യപ്രകാശിനെ പ്രസിഡന്റ് സ്ഥാനത്ത് നിർത്തി കെ.രഞ്ജിത്താണ് ജില്ലാ കമ്മിറ്റി നിയന്ത്രിച്ചതെന്ന് പേരു വെളിപ്പെടുത്താൻ താൽപര്യമില്ലാത്ത നേതാവ് പറയുന്നു.
 2014 ൽ ബി.ജെ.പി ജില്ലാ കമ്മിറ്റിയിൽ ഉണ്ടായ പൊട്ടിത്തെറിക്കു സമാനമായ അവസ്ഥയാണ് നിലവിലുളളത്. മുൻ പ്രസിഡന്റ് ഒ.കെ.വാസു, ജില്ലാ സെക്രട്ടറി എ.അശോകൻ അടക്കമുളളവർ പാർട്ടി വിട്ടത് കെ.രഞ്ജിത്തുമായുളള അഭിപ്രായ വ്യതാസത്തെ തുടർന്നായിരുന്നു. രഞ്ജിത്തിനെതിനെതിരെ പരസ്ത്രീ ബന്ധ ആരോപണം ഉയർന്നതോടെ ബി.ജെ.പിയിൽ വൻ പൊട്ടിത്തെറിയാണ് അന്നു സംഭവിച്ചത്. പല മണ്ഡലം കമ്മറ്റികളും കെ.രഞ്ജിത്തിനെതിരെയാണ് നിലവിലുളളത്. ജില്ലാ വൈസ് പ്രസിഡന്റ് മോഹനൻ മാനന്തേരി, ജില്ലാ ജനറൽ സെക്രട്ടറി കെ.വിനോദ്കുമാർ, ജില്ലാ സെക്രട്ടറി എൻ.ഹരിദാസ്, അഡ്വ. വി. രത്‌നാകരൻ തുടങ്ങിയവരുടെ നേതൃത്വത്തിലുളളവരാണ് കെ.രഞ്ജിത്തിനും, പി.സത്യപ്രകാശിനുമെതിരെ രംഗത്തുളളത്. കൂത്തുപറമ്പ്, തലശേരി, മട്ടന്നൂർ, പേരാവൂർ, ധർമ്മടം മണ്ഡലങ്ങൾ ഇവർക്കൊപ്പമാണ്. ഇതോടെ കണ്ണൂർ ബി.ജെ.പിയിൽ വീണ്ടും ശക്തമായ വിഭാഗീയത ഉരുണ്ടുകൂടി കഴിഞ്ഞു. വരും ദിവസങ്ങളിൽ ഗ്രൂപ്പ് പോരിലൂടെ ആരു ജയിച്ചു കയറുമെന്നാണ് പാർട്ടി പ്രവർത്തകരും ഉറ്റു നോക്കുന്നത്.

 

Latest News